Connect with us

Siraj Article

കുട്ടികളിലെ കൊവിഡ് വാക്സീനും ആശങ്കകളും

കുട്ടികളില്‍ കൊവിഡ് 19 വാക്‌സീന്‍ നല്‍കാനായി ഉടന്‍ തീരുമാനം എടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്ന കാര്യത്തില്‍ അനുകൂലമായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തിടുക്കം പിടിച്ചുകൊണ്ട് ഒരു തീരുമാനം വേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാറിന്റെ ഈ തീരുമാനം രാജ്യത്തെ ലക്ഷണക്കണക്കിന് രക്ഷിതാക്കളുടെ ആശങ്കകളുടെയും ചോദ്യങ്ങളുടെയും ഒക്കെ ഭാഗമായാണെന്ന് വേണം കരുതാന്‍

Published

|

Last Updated

കൊവിഡിന്റെ കിരാതകാലം മെല്ലെ അവസാനിക്കുകയാണ്. ഏതൊരു ഏകാധിപതിക്കും ഒരിക്കല്‍ പതനമുണ്ടായേക്കുമെന്ന പ്രകൃതിനിയമം ഇവിടെയും ലംഘിക്കപ്പെടുന്നില്ല. കേരളത്തില്‍ നിന്ന് മറയാന്‍ അല്‍പ്പം വിമുഖത കാണിക്കുന്നുണ്ടെങ്കിലും ഇനിയും അധികനാള്‍ കൊവിഡ് ഭൂമുഖത്തു നിലനില്‍ക്കില്ല എന്നുതന്നെയാണ് ശാസ്ത്രലോകം ഉറപ്പുനല്‍കുന്നത്. ജനങ്ങളുടെ ക്രിയാത്മകമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും, വൈദ്യ ലോകത്തിന്റെ വാക്സീന്‍ നല്‍കുന്നതിലെ മികവുമെല്ലാം അതിനെ സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ വാക്സീന്‍ ഇതേവരെ ലഭിക്കാത്ത ഒരു വിഭാഗം നമുക്കിടയില്‍ ഉണ്ടല്ലോ, കുട്ടികള്‍. അവരിലൂടെ കൊവിഡിന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടാകുമോ എന്ന് നാം ഭയക്കുന്നുണ്ട്. ഇത്തരം വൈറസുകള്‍ക്കെതിരെ സ്വതഃസിദ്ധമായ പ്രതിരോധം കുട്ടികളില്‍ താരതമ്യേന കൂടുതല്‍ ആണെന്നതിനാല്‍ ഇനിയും അവരില്‍ ഒരു വ്യാപനം വൈദ്യലോകം തള്ളിക്കളയുന്നുണ്ട്. എന്നിരുന്നാലും കുട്ടികളില്‍ ഇതുവരെയുണ്ടായിരിക്കുന്ന കൊവിഡ് കേസുകള്‍ കൂടുതല്‍ ഗൗരവകരമായിരുന്നു എന്നതിനാലും, സ്‌കൂളുകള്‍ തുറക്കാന്‍ പോകുന്ന അവസരം ആയതിനാലും അവരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏതൊരു വ്യാപനവും തടഞ്ഞേ മതിയാകൂ. അതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കാം എന്ന് കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിദഗ്ധ സമിതിയുടെ തീരുമാനം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വന്നിരിക്കുന്നത്.

എന്നാല്‍, കുട്ടികളില്‍ കൊവിഡ് 19 വാക്‌സീന്‍ നല്‍കാനായി ഉടന്‍ തീരുമാനം എടുക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്ന കാര്യത്തില്‍ അനുകൂലമായി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തിടുക്കം പിടിച്ചുകൊണ്ട് ഒരു തീരുമാനം വേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാറിന്റെ ഈ തീരുമാനം രാജ്യത്തെ ലക്ഷണക്കണക്കിന് രക്ഷിതാക്കളുടെ ആശങ്കകളുടെയും ചോദ്യങ്ങളുടെയും ഒക്കെ ഭാഗമായാണെന്ന് വേണം കരുതാന്‍. മാത്രമല്ല, ഇനിയും കൂടുതല്‍ പഠനങ്ങള്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ വേണ്ടതുമുണ്ട്.

ലോകത്തുതന്നെ മുതിര്‍ന്നവരില്‍ ഏറെക്കുറെ പകുതിയിലേറെപ്പേര്‍ക്ക് കൊവിഡ് വാക്‌സീന്റെ പ്രതിരോധം എത്തിക്കഴിഞ്ഞു. ഇനി കുട്ടികളില്‍ വാക്‌സീന്‍ വേണമോ വേണ്ടയോ എന്ന ചോദ്യം ഉയര്‍ന്നു വന്നിരിക്കുകയാണ്. കുട്ടികളില്‍ ഉണ്ടാകുന്ന കുറഞ്ഞ വ്യാപനവും അവരില്‍ത്തന്നെ ഉണ്ടായേക്കാവുന്ന കുറഞ്ഞ രോഗ തീവ്രതയും വാക്സീന്‍ നല്‍കുമ്പോള്‍ ഉണ്ടായേക്കാവുന്ന അലര്‍ജിയുമൊക്കെ മുന്നില്‍ക്കണ്ടാണ് മുതിര്‍ന്നവര്‍ക്കു ശേഷം മാത്രം വാക്സീന്റെ ഉപയോഗം കുട്ടികളിലേക്ക് ഉപയോഗിച്ചാല്‍ മതി എന്ന തീരുമാനത്തിലേക്ക് ലോകം എത്തിച്ചേര്‍ന്നത്. എന്നിരുന്നാലും, ചൈനയിലും അമേരിക്കയിലുമൊക്കെ മുതിര്‍ന്നവരില്‍ വാക്‌സീന്‍ ഏറെക്കുറെ അവസാനിച്ച ഘട്ടത്തില്‍ ഇനി കുട്ടികളില്‍ നല്‍കിത്തുടങ്ങാം എന്ന ചിന്തയെ തുടര്‍ന്ന് പന്ത്രണ്ട് വയസ്സിനു മുകളിലെ കുട്ടികളില്‍ നല്‍കാനും തുടക്കമിട്ടിട്ടുണ്ട്.

ഇന്ത്യയില്‍ ഏതാണ്ട് ആയിരം പേരില്‍ കൊവാക്‌സീന്‍ പരീക്ഷണം നടന്നതില്‍ 70 ശതമാനം പേരിലും അത് വിജയകരമായിരുന്നു എന്നതും അനൗദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന ശിശുരോഗ വിദഗ്ധര്‍ അടങ്ങിയ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി ഇത് ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വാക്സീന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതിന്റെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയും വാക്‌സീന്‍ നല്‍കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. എന്നാല്‍, ആയിരം പേരിലെ പഠനങ്ങള്‍ ഒരു വാക്സീന്റെ കാര്യത്തില്‍ അപര്യാപ്തമാണെന്നും, പ്രത്യേകിച്ച് കുട്ടികളില്‍ പ്രയോഗിക്കുമ്പോള്‍ കൂടുതല്‍ ആളുകളിലെ പരീക്ഷണങ്ങള്‍ അതിന്റെ ഭാഗമായി വേണ്ടിവരുമെന്നും കൂടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതിന്റെ ഭാഗമായാവണം ഉടനെ കുട്ടികളില്‍ കൊവിഡ് വാക്സീന്‍ നല്‍കേണ്ടതില്ല എന്ന ഉചിതമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

നമ്മുടെ ശരീരത്തില്‍ ഏതൊരു ഫോറിന്‍ ബോഡി കടക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള അലര്‍ജി റിയാക്ഷനുകള്‍ വാക്സീന്‍ ഉപയോഗിക്കുമ്പോഴും സംഭവിക്കാം. അതിന്റെ ഭാഗമായാണ് വാക്സീനു ശേഷം രണ്ടോ മൂന്നോ ദിവസങ്ങളില്‍ നമുക്കുണ്ടാവുന്ന പനി, വിറയല്‍, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍. മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുമ്പോള്‍ അത് എങ്ങനെ പരിഹരിക്കാന്‍ സാധിക്കും എന്നത് ഒരു ആശങ്കയാണ്. മറ്റേതൊരു വാക്‌സീനെപ്പോലെയും തന്നെ അത് കൈകാര്യം ചെയ്യാം എന്ന് പറയുമ്പോഴും, ആ വാക്‌സീനുകള്‍ക്കു വേണ്ടി മുമ്പ് നടത്തിയതുപോലെ വിദഗ്ധമായ പരീക്ഷണങ്ങള്‍ ഇതിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അത് ഉണ്ടാകണമെന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അതായത് ധൃതി പിടിച്ചുള്ള ഒരു വാക്സീന്‍ ഡ്രൈവ് കുട്ടികളുടെ കാര്യത്തില്‍ അവലംബിക്കുമ്പോള്‍ അത് ആഴത്തിലുള്ള പഠനത്തിന്റെ പിന്തുണയോടെ മാത്രമേ പാടുള്ളൂ എന്നര്‍ഥം.
കൊവാക്‌സീന്‍ ആണ് കുട്ടികളില്‍ നല്‍കാന്‍ ഇപ്പോള്‍ കൂടുതല്‍ സാധ്യതയുള്ള വാക്സീന്‍ എങ്കിലും അതിന്റെ ക്ഷമതയും സുരക്ഷയുമൊക്കെ സംബന്ധിച്ച് യാതൊന്നും അതിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് പങ്കുവെച്ചിട്ടില്ല. മേല്‍ സൂചിപ്പിച്ചതരത്തില്‍ രാജ്യത്ത് വാക്സീന് അനുമതി ലഭിക്കുമെങ്കില്‍ കൊവാക്‌സീന്‍ തന്നെയാകും നല്‍കാന്‍ പോകുന്നത് എന്ന കാര്യം ഉറപ്പാണ്. അത് വിജയകരമെങ്കില്‍ മറ്റു വാക്‌സീന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഹോം ഗ്രോണ്‍ ഡ്രഗ്‌സ് മേക്കേഴ്സ് ബയോളജിക്കലും ഒക്കെ രംഗത്തുവരും.

ഏതൊരു മരുന്നും വാക്സീനും കുട്ടികളില്‍ പ്രയോഗിക്കേണ്ടി വരുന്നതിനു മുമ്പ് വലിയ മുന്നൊരുക്കങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കൊവിഡിന്റെ കാര്യത്തിലും അത് നടക്കുക തന്നെ വേണം. നമുക്ക് അതിനുള്ള സമയം പരിമിതമാണെന്ന സാങ്കേതികമായ ന്യായം ഒരു തരത്തിലും അതിനെ സാധൂകരിക്കുകയില്ല. ഇനിയും അതിന് ആവശ്യമായ സമയം നാം കാത്തിരിക്കുകയും അക്കാലയളവില്‍ കുട്ടികളെ രോഗത്തിന്റെ സാധ്യതകളില്‍ നിന്ന് ഭൗതികമായി മാറ്റിനിര്‍ത്തുകയും ആണ് ചെയ്യേണ്ടത്. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമൊക്കെ കുട്ടികളില്‍ പ്രാവര്‍ത്തികമാക്കുക ഏറെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, രക്ഷാകര്‍ത്താക്കളും അധ്യാപകരും ഒക്കെ അക്കാര്യത്തില്‍ കുട്ടികളുടെ ഓരോ നീക്കങ്ങളിലും നിമിഷങ്ങളിലും ശ്രദ്ധ പുലര്‍ത്തുക എന്നത് മാത്രമാണ് പ്രധാനം. കൂടുതല്‍ ആളുകളിലെ പരീക്ഷണങ്ങള്‍ക്കു ശേഷം എത്രയും പെട്ടെന്നു തന്നെ കുട്ടികള്‍ക്കു വേണ്ടിയുള്ള വാക്സീന്‍ വിജയകരമായി ലഭ്യമാക്കാന്‍ അവസരം ഉണ്ടാകട്ടെ എന്നുമാത്രം ഈയവസരത്തില്‍ പ്രത്യാശിക്കാം.
(അസിസ്റ്റന്റ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി-കൊച്ചി സര്‍വകലാശാല)

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)