Connect with us

siraj editorial

നിരത്തുകളിലെ കൊടിമരങ്ങള്‍ക്കെതിരെ കോടതി വീണ്ടും

ജനസാന്ദ്രത കൂടിയ കേരളത്തിലെ മിക്ക നിരത്തുകളും വീതി കുറഞ്ഞതാണ്. അവയില്‍ കൊടിമരങ്ങള്‍ കൂടി സ്ഥാപിക്കുന്നത് വാഹനങ്ങള്‍ക്കു കൂടുതല്‍ പ്രയാസം സൃഷ്ടിക്കും. ഇതിനു പുറമേയാണ് റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന വൈദ്യുതി, ടെലിഫോണ്‍ തൂണുകള്‍ സൃഷ്ടിക്കുന്ന ദുര്‍ഘടങ്ങള്‍.

Published

|

Last Updated

പൊതുനിരത്തുകളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കാലമതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പിന്നെയും ശക്തമായി പ്രതികരിച്ചിരിക്കുന്നു ഹൈക്കോടതി. നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ട കൊടിമരങ്ങള്‍ അവിടെ തന്നെ നിലനിര്‍ത്തുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും അധികാരമുള്ളവര്‍ക്ക് ഒരു നിയമവും സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവുമെന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.  കൊടിമരങ്ങള്‍ നീക്കാന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ ഈ പ്രതികരണം.  മാര്‍ച്ച് 28 വരെ സമയം അനുവദിച്ച കോടതി അതിനകം സംസ്ഥാനത്തെ പൊതുനിരത്തുകളിലെ മുഴുവന്‍ കൊടിമരങ്ങളും നീക്കം ചെയ്തിരിക്കണമെന്നു കര്‍ശന നിര്‍ദേശവും നല്‍കി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് കൊടിമരങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടുന്നത്. കോടതി ഇത്തരമൊരു നല്ല കാര്യത്തിനു മുതിര്‍ന്നപ്പോള്‍ സര്‍ക്കാറില്‍ നിന്നു സഹായകമായ നിലപാടുണ്ടാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.പൊതുനിരത്തുകളിലെ കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കാലമതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പിന്നെയും ശക്തമായി പ്രതികരിച്ചിരിക്കുന്നു ഹൈക്കോടതി. നിയമവിരുദ്ധമായി സ്ഥാപിക്കപ്പെട്ട കൊടിമരങ്ങള്‍ അവിടെ തന്നെ നിലനിര്‍ത്തുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും അധികാരമുള്ളവര്‍ക്ക് ഒരു നിയമവും സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവുമെന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.  കൊടിമരങ്ങള്‍ നീക്കാന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ ഈ പ്രതികരണം.  മാര്‍ച്ച് 28 വരെ സമയം അനുവദിച്ച കോടതി അതിനകം സംസ്ഥാനത്തെ പൊതുനിരത്തുകളിലെ മുഴുവന്‍ കൊടിമരങ്ങളും നീക്കം ചെയ്തിരിക്കണമെന്നു കര്‍ശന നിര്‍ദേശവും നല്‍കി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് കൊടിമരങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടുന്നത്. കോടതി ഇത്തരമൊരു നല്ല കാര്യത്തിനു മുതിര്‍ന്നപ്പോള്‍ സര്‍ക്കാറില്‍ നിന്നു സഹായകമായ നിലപാടുണ്ടാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തുടനീളം ദൃശ്യമാണ് ഗതാഗതത്തിനു പ്രയാസം സൃഷ്ടിക്കുന്ന വിധം പൊതുനിരത്തുകളില്‍ കൊടിമരങ്ങള്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങളോ തൊഴിലാളി സംഘടനകളോ ആണ് ഇവയില്‍ ഏറെയും സ്ഥാപിച്ചത്. അനുമതിയില്ലാതെ ആര്‍ക്കും  ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കാമെന്നതാണ്  സ്ഥിതി. നിരത്തുകള്‍ കൈയേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും ഇവ നീക്കം ചെയ്യാന്‍  സംസ്ഥാനതലത്തില്‍ തന്നെ നടപടി വേണമെന്നും ഹൈക്കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് പന്തളം മന്നം ആയുര്‍വേദ കോ-ഓപറേറ്റീവ് മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടത്തിലുള്ള  കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ പോലീസ് സംരക്ഷണം തേടി മന്നം ഷുഗര്‍ മില്‍സ് നല്‍കിയ ഹരജി പരിഗണിക്കവേ  നവംബര്‍ 16നായിരുന്നു കോടതിയുടെ മേല്‍ ഉത്തരവ്. സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഉള്ളിടത്തെല്ലാം കൊടിമരങ്ങള്‍ സ്ഥാപിക്കുന്ന സംസ്‌കാരം വ്യാപിച്ചതായും അന്ന് കോടതി കുറ്റപ്പെടുത്തി. നവംബര്‍ 25 നകം  നീക്കം ചെയ്തില്ലെങ്കില്‍ അവ സ്ഥാപിച്ചവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം പരമാവധി പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കണമെന്നും  ജില്ലാ കലക്ടര്‍മാര്‍ക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഇവയില്‍ ബഹുഭൂരിഭാഗവും ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരായ ഹരജിയില്‍ നേരത്തേ മദ്രാസ് ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാറിന്റെയും തിരഞ്ഞെടുപ്പു കമ്മീഷന്റെയും പ്രതികരണം തേടിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകളുടെയും മുഷ്‌കും അഹന്തയുമാണ് കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനു അധികൃതരുടെ മുമ്പിലെ പ്രധാന തടസ്സം.

ഇതിനിടെ കോട്ടയം നഗരസഭയിലെ ഇന്‍ഡസ് മോട്ടോഴ്‌സിനു മുമ്പിലുള്ള കൊടിമരങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ എത്തിയപ്പോള്‍, തൊഴിലാളി സംഘടനക്കാര്‍   തടയുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടെന്നു പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ഒടുവില്‍ പോലീസ് എത്തി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് അവ മുറിച്ചു മാറ്റാന്‍ സാധിച്ചത്. അധികാരത്തിന്റെ ബലത്തിലും രാഷ്ട്രീയ സ്വാധീനത്തിലും എന്തു നിയമലംഘനവും നടത്താമെന്നതാണ് പൊതുവേ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിലപാട്. ഒരിടത്ത് ഒരു രാഷ്ട്രീയ കക്ഷിയോ സംഘടനയോ കൊടിമരം സ്ഥാപിച്ചാല്‍, അടുത്ത ദിവസം തന്നെ എതിര്‍ പ്രസ്ഥാനങ്ങളും സ്ഥാപിക്കും.  പലയിടത്തും വിവിധ സംഘടനകളുടെ കൊടിമരങ്ങള്‍ നിരനിരയായി സ്ഥാപിച്ചതായി കാണാം. കൊടിമരത്തിനു ബലം നല്‍കാന്‍ ചുറ്റും തിട്ടകള്‍ കെട്ടാറുമുണ്ട് ചിലയിടങ്ങളില്‍. അതോടെ വാഹനങ്ങള്‍ക്കുള്ള ഇടം വീണ്ടും ചുരുങ്ങും.   ജനസാന്ദ്രത കൂടിയ കേരളത്തിലെ മിക്ക നിരത്തുകളും വീതികുറഞ്ഞതാണ്. അവയില്‍ കൊടിമരങ്ങള്‍ കൂടി സ്ഥാപിക്കുന്നത് വാഹനങ്ങള്‍ക്കു കൂടുതല്‍ പ്രയാസം സൃഷ്ടിക്കും.  ഇതിനു പുറമേയാണ് റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന വൈദ്യുതി, ടെലിഫോണ്‍ തൂണുകള്‍ സൃഷ്ടിക്കുന്ന ദുര്‍ഘടങ്ങള്‍. ഉത്സവ സീസണിലും രാഷ്ട്രീയ കക്ഷികളുടെയും മറ്റും  സമ്മേളന കാലത്തും റോഡില്‍ കൂറ്റന്‍ കമാനങ്ങളും ഉയര്‍ന്നു വരുന്നു. റോഡിന് കുറുകെ കമാനങ്ങള്‍ സ്ഥാപിക്കുന്നതിന് വിലക്കുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനത്തിനും സംഘടിത ശക്തികള്‍ക്കും  മുമ്പില്‍ അധികൃതര്‍ കണ്ണടക്കുകയാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കാണാന്‍ പ്രയാസമാണ് റോഡുകള്‍ കൈയേറി ദേശീയ പാതകളിലും പൊതുനിരത്തുകളിലുമുടനീളം കൊടിമരങ്ങള്‍ സ്ഥാപിച്ച ദൃശ്യങ്ങള്‍. ഇത് പലപ്പോഴും  ഗതാഗത സ്തംഭനത്തിനും വാഹനാപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. നിരവധി ഇരുചക്ര വാഹനയാത്രക്കാരാണ്  കൊടിമരങ്ങളിലും തൂണുകളിലും ഇടിച്ചു മരിച്ചത്. രണ്ട് വര്‍ഷം മുമ്പ് കര്‍ണാടകയിലെ കൊപ്പാളില്‍ വൈദ്യുതി ലൈനിലേക്കു ചാഞ്ഞുനിന്ന കൊടിമരം നീക്കുന്നതിനിടെ അഞ്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഷോക്കേറ്റു മരിച്ചിരുന്നു.   നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. റോഡുകളിലെ ഗതാഗതം സുഗമമാക്കാന്‍ നിമയപാലകര്‍ക്കൊപ്പം പൊതുസമൂഹത്തിന്റെ സഹകരണവും വേണം.

ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കുമിടയില്‍ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുമെന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് എം ചെറിയാന്‍ നവംബറില്‍ കോടതിക്കു ഉറപ്പ് നല്‍കിയിരുന്നു. ആ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇനിയെങ്കിലും കോടതിയുമായി സഹകരിച്ചു ഇതുസംബന്ധമായി ഉചിത തീരുമാനമെടുക്കാനും കര്‍ശനമായി അത് നടപ്പാക്കാനും സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

Latest