Editors Pick
വിയന്നയെ മറികടന്നു; ഇക്കൊല്ലത്തെ ഏറ്റവും മികച്ച നഗരം കോപ്പൻഹേഗൻ
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി എന്നിവയുൾപ്പെടെ നിരവധി പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയിലാണ് കോപ്പൻഹേഗൻ ഒന്നാമതെത്തിയത്.

ജനീവ|എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) പുറത്തിറക്കിയ പട്ടിക പ്രകാരം 2025-ലെ ഏറ്റവും മികച്ച ജീവിതസാഹചര്യമുള്ള നഗരമായി ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി എന്നിവയുൾപ്പെടെ നിരവധി പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയിലാണ് കോപ്പൻഹേഗൻ ഒന്നാമതെത്തിയത്. 173 നഗരങ്ങളാണ് പട്ടികയിൽ ഉൾപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ഒന്നാം സ്ഥാനത്ത് തുടർന്നിരുന്ന വിയന്നയെ മറികടന്നാണ് കോപ്പൻഹേഗൻ മുന്നിലെത്തിയത്. സ്വിസ് നഗരമായ സൂറിച്ചിനൊപ്പം വിയന്ന രണ്ടാം സ്ഥാനം നേടി. ഓസ്‌ട്രേലിയയിലെ മെൽബണും സ്വിറ്റ്‌സർലൻഡിലെ ജനീവയുമാണ് തൊട്ടുപിന്നിലുള്ള നഗരങ്ങൾ.
ഓസ്‌ട്രേലിയയിലെ സിഡ്‌നി ഏഴാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം ന്യൂസിലൻഡിലെ ഓക്ക്‌ലൻഡും ജപ്പാനിലെ ഒസാക്കയും ഈ വർഷം ഏഴാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയൻ നഗരം അഡലെയ്ഡ് ആണ് ഒമ്പതാം സ്ഥാനത്ത്. ഇതോടെ ആദ്യ പത്തിൽ മൂന്ന് ഓസ്‌ട്രേലിലൻ നഗരങ്ങളായി. കാനഡയിലെ വാൻകൂവർ 10-ാം സ്ഥാനത്തെത്തി. പട്ടികയിൽ ഏറ്റവും താഴെയുള്ള നഗരങ്ങളിൽ ഈ വർഷവും മാറ്റമില്ല. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജീവിത നിലവാരമുള്ള നഗരമായി സിറിയയിലെ ഡമാസ്കസ് തുടരുന്നു. ലിബിയയിലെ ട്രിപ്പോളിയാണ് തൊട്ടടുത്തുള്ളത്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്ക താഴെ നിന്ന് മൂന്നാം സ്ഥാനത്ത് എത്തിയപ്പോൾ, പാകിസ്ഥാനിലെ കറാച്ചിയും അൾജീരിയയിലെ അൾജിയേഴ്‌സും യഥാക്രമം നാലാമത്തെയും അഞ്ചാമത്തെയും ജീവിത നിലവാരം കുറഞ്ഞ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.