International
ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തെ തള്ളിപ്പറഞ്ഞില്ല; അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള ബന്ധം വിച്ഛേദിച്ച് ഇറാന്‍
ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശവും നിരോധിച്ച് ഇറാന്‍ പാര്‍ലിമെന്റ് ബില്ല് പാസ്സാക്കി

തെഹ്റാന്‍ | അമേരിക്ക നടത്തിയ ആണവ നിലയങ്ങള്‍ക്കെതിരായ ആക്രമണത്തിനെതിരെ ചെറിയ തോതില്‍ പോലും അപലപിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ)യുമായുള്ള സഹകരണം ഇറാന്‍ വിച്ഛേദിച്ചു. ഇറാന്‍ പാര്‍ലിമെന്റ് ഇത് സംബന്ധിച്ച ബില്ലിന്
അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശവും നിരോധിച്ചുള്ള ബില്ലാണ് ഇറാന്‍ പാര്‍ലിമെന്റ് ഐക്യകണ്ഠേന പാസ്സാക്കിയത്.
ഐ എ ഇ എ നിരീക്ഷകര്‍ക്ക് ഇറാനിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ടാകും. ഏജന്‍സിയുടെ പ്രവേശനത്തിന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമായി വരുമെന്ന് ഇറാന്‍ പാര്‍ലിമെന്റ് വക്താവ് അലിറെസ സലീമി പറഞ്ഞു. ബില്ല് ഇറാന്‍ പാര്‍ലിമെന്റ് പാസ്സാക്കിയെങ്കിലും അന്തിമ അംഗീകാരം ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലാണ് നല്‍കേണ്ടത്.
ആക്രമണത്തെ തള്ളിപ്പറയാതിരുന്നതോടെ ഐ എ ഇ എയുടെ അന്താരാഷ്ട്ര വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഇറാന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും ബോംബാക്രമണത്തില്‍ തകര്‍ത്തുവെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ആക്രമണം ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കാര്യമായ ക്ഷതം ഏല്‍പ്പിച്ചിട്ടില്ലെന്ന യു എസ് രഹസ്യാന്വേഷണ വിലയിരുത്തല്‍ ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
ഇറാന്‍ ആണവ പദ്ധതികള്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയിരുന്നു.