International
അഭിമാനം വാനോളം; ചരിത്രം കുറിച്ച് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് തിരിച്ചു
ഇന്ന് ഇന്ത്യന്‍ സമയം 12.01ഓടെയാണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപണം നടന്നത്.

ഫ്ളോറിഡ | ഇന്ത്യക്കിത് ചരിത്ര മുഹൂര്‍ത്തം. ബഹിരാകാശ യാത്രയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി ശുഭാംശു ശുക്ല. ശുഭാംശു ഉള്‍പ്പെടെ നാലുപേരെ വഹിച്ചുള്ള ആക്സിയം 4 പേടകം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നു. ഇന്ന് ഇന്ത്യന്‍ സമയം 12.01ഓടെയാണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപണം നടന്നത്. 28 മണിക്കൂര്‍ നീണ്ട യാത്രക്കു ശേഷം നാളെ വൈകിട്ടാണ് ഉപഗ്രഹം ബഹിരാകാശ നിലയത്തിലെത്തുക. 14 ദിവസമാണ് സംഘം നിലയത്തില്‍ തങ്ങുക.
41 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരന് ബഹിരാകാശത്തേക്ക് തിരിക്കുന്നു എന്നതാണ് ദൗത്യത്തിന്റെ സവിശേഷതകളിലൊന്ന്. രാകേഷ് ശര്‍മക്കു ശേഷം ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു. കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാംശുവിന്റെയും സംഘത്തിന്റെയും യാത്ര. ശുഭാംശുവാണ് പേടകത്തിന്റെ പൈലറ്റ്. ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.
ബഹിരാകാശ നിലയത്തില്‍ 60 പരീക്ഷണങ്ങള്‍ സംഘം നടത്തും. ഇതില്‍ ഏഴെണ്ണം ഇന്ത്യന്‍ ഗവേഷകരില്‍ നിന്ന് ഐ എസ് ആര് ഒ തിരഞ്ഞെടുത്തതാണ്.
ഗവേഷണ വിഷയങ്ങള്‍:
ഭക്ഷ്യയോഗ്യമായ മൈക്രോആല്ഗകളില് ഐ എസ് എസിലെ മൈക്രോഗ്രാവിറ്റിയുടെയും റേഡിയേഷന്റെയും സ്വാധീനം, മൈക്രോഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനത്തില്‍ മെറ്റബോളിക് സപ്ലിമെന്റുകളുടെ പ്രഭാവം, ബഹിരാകാശത്ത് മുളപ്പിക്കുന്ന സാലഡ് വിത്തുകള്‍: ക്രൂ പോഷകാഹാരത്തിന്റെ പ്രസക്തി, ബഹിരാകാശത്ത് യൂട്ടാര്ഡിഗ്രേഡ് പാരാമക്രോബയോട്ടസ് എസ് പി. ബി എല്‍ ആര് സ്ട്രെയിനിന്റെ അതിജീവനം, പുനരുജ്ജീവനം, പുനരുത്പാദനം, മൈക്രോഗ്രാവിറ്റിയിലെ ഇലക്ട്രോണിക് ഡിസ്പ്ലേകളുമായുള്ള മനുഷ്യ ഇടപെടല്‍ ഐ എസ് ഒ 9241 പോയിന്റിംഗ് ടാസ്ക്, സ്പേഷ്യല്‍ 2-ബാക്ക് ടാസ്ക്, പെര്സിവ്ഡ് സ്ട്രെസ്, ഡബ്ല്യു എച്ച് ഒ മാനസിക ക്ഷേമ പരിശോധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഓണ്‍ ബോര്‍ഡ്, ഗ്രൗണ്ട് ക്രൂകളുടെ പ്രകടനം, മൈക്രോഗ്രാവിറ്റിയിലെ യൂറിയയിലും നൈട്രേറ്റിലും സയനോബാക്ടീരിയയുടെ താരതമ്യ വളര്‍ച്ചയും പ്രോട്ടിയോമിക്സ് പ്രതികരണങ്ങളും, ഭക്ഷ്യവിള വിത്തുകളുടെ വളര്‍ച്ചയിലും വിളവിലും സൂക്ഷ്മഗുരുത്വാകര്ഷണത്തിന്റെ സ്വാധീനം.
Ax-4 Mission | Launch https://t.co/qrESbnfRXe
— Axiom Space (@Axiom_Space) June 25, 2025