Editors Pick
കത്തിപ്പടർന്ന് തട്ടം വിവാദം; തിരുത്തി സി പി എം
തട്ടം പരാമർശത്തിൽ മുസ്‌ലിം മതാനുഷ്ഠാനങ്ങൾ പുലർത്തുന്ന പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും വിവിധ സംഘടനകളും കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചതോടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെയാണ് തിരുത്തലിന് തയ്യാറായത്.

കോഴിക്കോട് | സംസ്ഥാന സമിതി അംഗം അഡ്വ. കെ അനിൽ കുമാറിന്റെ തട്ടം പരാമർശത്തിൽ പുലിവാല് പിടിച്ച് സി പി എം. തട്ടം തലയിൽ ഇടാൻ വന്നാൽ അത് വേണ്ടാ എന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി വന്നതുകൊണ്ടാണെന്ന പരാമർശമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്.
തിരുവനന്തപുരത്ത് യുക്തിവാദ സമ്മേളനത്തിൽ നടത്തിയ പ്രസംഗം വിവാദമായതിന് പിന്നാലെ അനിൽ കുമാർ ന്യായീകരണത്തിന് ശ്രമിച്ചെങ്കിലും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരാമർശത്തെ പാടെ തള്ളിക്കൊണ്ട് ഇന്നലെ രംഗത്തെത്തി.
അനിൽ കുമാറിനെ വിമർശിച്ച് കെ ടി ജലീൽ എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെയാണ് വിഷയം കത്തിപ്പടർന്നത്. സ്വന്തം അഭിപ്രായങ്ങൾ പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ജലീലിന്റെ വിമർശം. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്നും വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ എ എം ആരിഫ് എം പിയുടെ മാതാവ് മരണപ്പെട്ടതും മയ്യിത്ത് നിസ്‌കാരത്തിന് അദ്ദേഹം നേതൃത്വം നൽകിയതുമെല്ലാം കുറിപ്പിൽ ജലീൽ പരാമർശിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ആരിഫ് എം പി ഷെയർ ചെയ്തതോടെ വിവാദത്തിന് പുതിയ മാനം വന്നു.
സി പി എം സംസ്ഥാന സമിതി അംഗമായ അനിൽ കുമാറിനെ തിരുത്താൻ സ്വതന്ത്ര നായി മത്സരിച്ച് ജയിച്ച് മന്ത്രിയും നിലവിൽ എം എൽ എയുമായ ജലീൽ അർഹനല്ലെന്ന വിമർശം പ്രതിപക്ഷം ഉയർത്തുന്നതിനിടെയായിരുന്നു ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയറിംഗ്.
തട്ടം പരാമർശത്തിൽ മുസ്‌ലിം മതാനുഷ്ഠാനങ്ങൾ പുലർത്തുന്ന പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും വിവിധ സംഘടനകളും കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചതോടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെയാണ് തിരുത്തലിന് തയ്യാറായത്. പരാമർശം പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള പ്രസ്താവന പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനിൽ കുമാർ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണല്ലോയെന്ന ചോദ്യത്തിന്, ആര് ഉറച്ചുനിന്നാലും താൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അതേസമയം, പരാമർശത്തിനെതിരെ മുസ്‌ലിം ലീഗും വിവിധ മുസ്‌ലിം സംഘടനകളും ശക്തമായി രംഗത്തെത്തി.