Kerala
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി: മനോവിഷമമുണ്ടായെന്ന് രമേശ് ചെന്നിത്തല
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരം | കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളുടെ പ്രഖ്യാപനം വന്നപ്പോള്‍ മനോവിഷമമുണ്ടായെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നേക്കാള്‍ ജൂനിയര്‍ അംഗങ്ങള്‍ വരെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടപ്പോള്‍ സ്വാഭാവികമായും വികാരവിക്ഷോഭമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
19 വര്‍ഷം മുമ്പുണ്ടായിരുന്ന അതേ പദവി തന്നെ ഇത്തവണയും ലഭിച്ചപ്പോള്‍ അതൃപ്തി തോന്നിയിരുന്നു. വ്യക്തിപരമായ ഉയര്‍ച്ചതാഴ്ചകള്‍ക്കല്ല പ്രാധാന്യമെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കിയതില്‍ നന്ദിയെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ പദവികളില്ലെന്നും എം എല്‍ എ ആയതിനാല്‍ കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കവെയാണ പ്രവര്‍ത്തക സമിതി പ്രഖ്യാപനമുണ്ടായത്. അംഗത്വമില്ലാത്തതിനാല്‍ ചെന്നിത്തല പെട്ടെന്ന് തന്നെ പ്രചാരണം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍.