Connect with us

National

മോദിക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തോല്‍വി ഒഴിവാക്കാന്‍ വിദ്വേഷവും നുണയും മാത്രം പ്രസംഗങ്ങളില്‍ മുഴക്കിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂ എന്ന് പറഞ്ഞാണ് ഖാര്‍ഗെ കത്ത് അവസാനിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ വിദ്വേഷ പ്രസ്താവനകളും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ കുറിച്ച് പ്രധാനമന്ത്രി പെരുംനുണകളും ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തുറന്ന കത്തുമായി ഖാര്‍ഗെ രംഗത്തെത്തിയത്.

എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി അയച്ച സന്ദേശത്തിന് മറുപടികൂടിയായാണ് ഖാര്‍ഗെ സമൂഹമാധ്യമമായ എക്‌സിലൂടെ തുറന്ന കത്ത് പങ്കുവച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. വോട്ടര്‍മാരോട് എന്താണ് പറയേണ്ടതെന്ന് എല്ലാ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കും നിങ്ങള്‍ എഴുതി നല്‍കിയ കത്ത് ഞാന്‍ കണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് ചേരാത്ത ഭാഷ ഉപയോഗിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് നിങ്ങളിലെ നിരാശയും ആശങ്കയും കാരണമാണെന്നും പറഞ്ഞാണ് ഖാര്‍ഗെ കത്ത് ആരംഭിക്കുന്നത്.

നിങ്ങളുടെ പ്രസംഗങ്ങളിലെ നുണകള്‍ നിങ്ങള്‍ ഉദ്ദേശിച്ച ഫലമുണ്ടാക്കുന്നില്ലെന്നാണ് കത്ത് കാണിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നിങ്ങളുടെ നുണകള്‍ ആവര്‍ത്തിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ലെന്നും ഖാര്‍ഗെ കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എഴുതിയ കാര്യങ്ങളും കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളും മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉണ്ട്. ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വ്യക്തവും ലളിതവുമാണ് .അത് ജനങ്ങളോടെ വിശദീകരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചു. ഖാര്‍ഗെയുടെ കത്തില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ന്യായ് വാഗ്ദാനങ്ങള്‍ എണ്ണിപ്പറയുന്നുമുണ്ട്.

തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവാക്കള്‍ക്കു വേണ്ടിയുള്ള യുവ ന്യായ്, നിങ്ങളുടെ നേതാക്കളില്‍ നിന്നും അവരുടെ മനോഭാവം കാരണവും രാജ്യത്ത് പീഡനമനുഭവിച്ച് കൊണ്ടിരിക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ശാക്തീകരിക്കാന്‍ നാരി ന്യായി, അവകാശങ്ങള്‍ ചോദിച്ചതിന് നിങ്ങള്‍ അടിച്ചമര്‍ത്തിയ കര്‍ഷകരെ ശാക്തീകരിക്കാന്‍ കിസാന്‍ ന്യായ്, വരുമാന അസമത്വം കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ്, പാവങ്ങളെ ശാക്തീകരിക്കാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി ഹിസ്സേധാരി ന്യായ്,
എല്ലാവര്‍ക്കും ന്യായമാണ് ഞങ്ങളുടെ ഉറപ്പ്.

കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം നടത്തുകയാണെന്ന് താങ്കളും ആഭ്യന്തര മന്ത്രിയും പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ കണ്ട ഏക പ്രീണന നയം നിങ്ങളും നിങ്ങളുടെ മന്ത്രിമാരും ചൈനക്കാരെ പ്രീണിപ്പിക്കുന്നതാണെന്നും ഖാര്‍ഗെ കത്തില്‍ പരാമര്‍ശിച്ചു.
എസ്സി, എസ്ടി, ഒബിസി എന്നിവരില്‍ നിന്ന് സംവരണം എടുത്തുകളഞ്ഞ് ഞങ്ങളുടെ വോട്ട് ബാങ്കിന് നല്‍കുമെന്ന് നിങ്ങളുടെ കത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഞങ്ങളുടെ വോട്ടുബാങ്ക് ഓരോ ഇന്ത്യക്കാരനുമാണ് .അതില്‍പാവങ്ങളും അരികുവത്കരിക്കപ്പെട്ടവരും സ്ത്രീകളും യുവാക്കളും തൊഴിലാളി വര്‍ഗവും ദലിതുകളും ആദിവാസികളുമുള്‍പ്പെടെ എല്ലാ സാധാരണക്കാരും ഉള്‍പ്പെടുന്നുണ്ടെന്നും  1947 മുതല്‍ എല്ലാ ഘട്ടത്തിലും സംവരണത്തെ എതിര്‍ത്തത് ആര്‍എസ്സും ബിജെപിയുമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഖാര്‍ഗെയുടെ കത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തോല്‍വി ഒഴിവാക്കാന്‍ വിദ്വേഷവും നുണയും മാത്രം പ്രസംഗങ്ങളില്‍ മുഴക്കിയ പ്രധാനമന്ത്രിയായി മാത്രമേ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയുള്ളൂ എന്ന് പറഞ്ഞാണ് ഖാര്‍ഗെ കത്ത് അവസാനിപ്പിക്കുന്നത്.

Latest