Connect with us

Articles

ഏകാധിപത്യത്തിന് ബദല്‍ കോണ്‍ഗ്രസ്സ് മാത്രം

ലോകത്തെ മാറ്റിമറിച്ച സമര പോരാട്ടങ്ങളുടെ ഉറവിടവും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുത്ത ശക്തിയും കോണ്‍ഗ്രസ്സായിരുന്നു. ജയ പരാജയങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട രാഷ്ട്രീയ നേതൃത്വമായിരുന്നു കോണ്‍ഗ്രസ്സിന്റേത്. രാജ്യത്തെ അപകടകരമായ മതരാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്ന സംഘ്പരിവാര്‍ ശക്തികളുടെ ഏകശിലാ ബോധ്യങ്ങളെ കോണ്‍ഗ്രസ്സ് എതിര്‍ക്കും. എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സേയുള്ളൂ എന്നതാണ് സത്യം.

Published

|

Last Updated

1928 നവംബര്‍ 17. തലക്ക് ഗുരുതര പരുക്കേറ്റ ആ മനുഷ്യന്‍ കണ്ണടച്ചു. സൈമണ്‍ കമ്മീഷനെതിരെ സമാധാനപരമായി കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച റാലിക്ക് നേരേ ബ്രിട്ടീഷ് പോലീസ് കിരാത മര്‍ദനം അഴിച്ചുവിടുകയായിരുന്നു. പഞ്ചാബിന്റെ സിംഹം ലാലാ ലജ്പത് റായ് തലക്കടിയേറ്റ് ചോര വാര്‍ന്ന് തെരുവില്‍ വീണു. 18 ദിവസം നീണ്ട യാതനകള്‍ക്കൊടുവില്‍ അദ്ദേഹം മരിച്ചു. ബ്രിട്ടീഷ് പോലീസ് തലക്കടിച്ച് കൊന്നുവെന്നതാണ് യാഥാര്‍ഥ്യം. പക്ഷേ, ധീരനായ ആ പോരാളിയുടെ സമര ചരിത്രം അവിടെ അവസാനിക്കുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു, അനേകായിരം സ്വാതന്ത്ര്യ സമര ഭടന്‍മാരിലൂടെ. ഇങ്ങൊടുവില്‍ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇന്നത്തെ പോരാട്ടത്തിലും ഓരോ കോണ്‍ഗ്രസ്സുകാരന്റെ മനസ്സിലും ചിന്തയിലും ലജ്പത് റായിയുണ്ട്. നെറ്റിപൊട്ടി ഒഴുകിയ ആ ചോരയുണ്ട്. ലജ്പത് റായിയുടെ പോരാട്ടം സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമായിരുന്നില്ല. ജാതി വ്യവസ്ഥക്കും തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനുമെതിരെ ശബ്ദമുയര്‍ത്തിയ സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം. ലജ്പത് റായി എന്ന പോരാളിയുടെ ജീവിതം ഏറെ പ്രസക്തമാകുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യവും കേരളവും കടന്നുപോകുന്നത്.

എതിര്‍പ്പുകളെ, വിമര്‍ശനത്തെ, പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ യഥാര്‍ഥത്തില്‍ ആരാണ്? തെറ്റുകള്‍ മാത്രം ആവര്‍ത്തിക്കുന്നവര്‍, സ്വന്തം നിഴലിനെ പോലും ഭയക്കുന്നവര്‍, മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍, ഭിന്നാഭിപ്രായങ്ങളെ വലിയ കുറ്റമായി കാണുന്നവര്‍, വ്യത്യസ്ത ശബ്ദത്തെ വെറുക്കുന്നവര്‍. നിര്‍ഭാഗ്യവശാല്‍ ഇവരുടെ അംഗബലം കൂടി വരികയാണ്.

ബാരിസ്റ്റര്‍ വേഷം അഴിച്ചുവെച്ച്, ഖദറിന്റെ പരുക്കന്‍ സ്പര്‍ശം സ്വീകരിച്ച ഒരാളുണ്ടായിരുന്നു. അവധൂതന്‍, ഫക്കീര്‍, പോരാളി, രാഷ്ട്രീയ ചിന്തകന്‍, സത്യം തേടി നടന്ന മഹാത്മാവ്. അങ്ങനെ ഒരാള്‍ ചരിത്ര സന്ധികളില്‍ വല്ലപ്പോഴും മാത്രമേ ജനിക്കാറുള്ളൂ. മുന്നില്‍ നിന്ന് നയിച്ച സമര ഭടന്‍ മാത്രമായിരുന്നില്ല ആ മനുഷ്യന്‍. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ചങ്ങലകളില്‍ നിന്ന് ഒരു ജനതയെ മോചിപ്പിച്ച വിമോചകനാണ് ഗാന്ധി. ക്ഷേത്ര മതിലുകള്‍ക്കുള്ളിലല്ല അദ്ദേഹം രാമനെ തേടിയത്, ദരിദ്ര നാരായണന്‍മാര്‍ക്കിടയിലാണ്. അദ്ദേഹത്തിന്റെ രാമരാജ്യം നീതിയുടേതായിരുന്നു. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാകില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി രാമന്‍ നില്‍ക്കുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാകില്ല ഗാന്ധിജിയുടെ രാമനെ. ഗാന്ധിയെ കൊന്നവരും അദ്ദേഹത്തെ അവഹേളിച്ച് ബ്രിട്ടീഷുകാരുടെ പാദ സേവക്ക് പോയവരും ഒന്നിക്കുന്നതില്‍ അത്ഭുതമില്ല. അത്തരക്കാരോട് കോണ്‍ഗ്രസ്സിന് സന്ധിയില്ല. ഗുരുഹത്യയും പിതൃഹത്യയും ഒന്നിച്ചു ചെയ്തവര്‍ നീതിമാന്റെ മുഖം മൂടി ധരിച്ചെത്തിയാലും അവരെ ഇന്ത്യക്ക് തിരിച്ചറിയാന്‍ കഴിയും.

ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങളെല്ലാം പണിതുയര്‍ത്തിയത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. ഭക്രാനംഗല്‍, ഐ ഐ ടികള്‍, സര്‍വകലാശാലകള്‍, ഫാക്ടറികള്‍, ഐ എസ് ആര്‍ ഒ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, ദേശീയ മ്യൂസിയങ്ങള്‍… അവര്‍ രാജ്യത്തിനായി ചെയ്ത സത്കര്‍മങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. ഈ നേട്ടങ്ങളെയൊക്കെ തമസ്‌കരിച്ച്, അസത്യങ്ങളുടെ കറുത്ത കഥകള്‍ മെനഞ്ഞ് കോണ്‍ഗ്രസ്സ്മുക്ത രാജ്യത്തിനായി ശ്രമിക്കുകയാണ് സംഘ്പരിവാര്‍.

ലോകത്തെ മാറ്റിമറിച്ച സമര പോരാട്ടങ്ങളുടെ ഉറവിടവും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുത്ത ശക്തിയും കോണ്‍ഗ്രസ്സായിരുന്നു. ജയ പരാജയങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട രാഷ്ട്രീയ നേതൃത്വമായിരുന്നു കോണ്‍ഗ്രസ്സിന്റേത്. ലോകത്തിന് മുന്നില്‍ ആധുനികവും ചേരിചേരാതെയുമുള്ള നിലപാടുകളുമായി ഇന്ത്യയെന്ന ശക്തിയെ ഉറപ്പിച്ചതും കോണ്‍ഗ്രസ്സ് തന്നെ. രാജ്യത്തെ അപകടകരമായ മതരാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് വലിച്ചു കൊണ്ടു പോകുന്ന സംഘ്പരിവാര്‍ ശക്തികളുടെ ഏകശിലാ ബോധ്യങ്ങളെ കോണ്‍ഗ്രസ്സ് എതിര്‍ക്കും. എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സേയുള്ളൂ എന്നതാണ് സത്യം. ആ ബോധ്യമാണ് കടുത്ത പരീക്ഷണങ്ങള്‍ക്കു നടുവിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ നയിക്കുന്ന ശക്തി. നടന്നു വന്ന വഴികള്‍, കറുത്ത ജയില്‍ മുറികളില്‍ കെട്ടുപോയ ജീവിത വെളിച്ചങ്ങള്‍, തെരുവുകളില്‍ അടിയും വെടിയും ചവിട്ടും കൊണ്ട് അടഞ്ഞുപോയ കണ്ണുകളിലെ അണയാ ജ്വാലകള്‍, രാജ്യത്തിന് സ്വയം സമര്‍പ്പിച്ചവരുടെ ഹൃദയനൈര്‍മല്യങ്ങള്‍… അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസുണരും. ഏകാധിപത്യത്തിനും മതവത്കരണത്തിനും ഭിന്നിപ്പിക്കലിനും എതിരെയുള്ള സന്ധിയില്ലാ സമരമാണ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയവും നിലപാടും പ്രവര്‍ത്തനവും. ഭാരത് ജോഡോ യാത്രയോളം വ്യക്തമായി ഈ രാഷ്ട്രീയ നിലപാട് മുന്നോട്ട് വെച്ച മറ്റൊരു മുന്നേറ്റം സമീപകാല ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. വര്‍ഗീയതക്കും വെറുപ്പിനുമെതിരെയുള്ള ഈ യാത്രയെ കേരളത്തിലെ ഇടത് പക്ഷം എങ്ങനെയാണ് കണ്ടത്? ചരിത്രപരമായ തെറ്റുകള്‍ ആവര്‍ത്തിക്കുക ചിലരുടെ വിനോദമാണെന്ന് പറയാതെ വയ്യ.

ജെ എന്‍ എന്ന ഒപ്പും ആ പുഞ്ചിരിക്കുന്ന മുഖവും മായ്ച്ചു കളയാന്‍ സംഘ്പരിവാര്‍ രാപ്പകല്‍ ശ്രമിക്കുന്നതിന്റെ കാരണം വ്യക്തമാണ്. നാളെയുടെ രാഷ്ട്രീയത്തില്‍ നെഹ്റൂവിയന്‍ സോഷ്യലിസത്തിനുള്ള പ്രാധാന്യം അവര്‍ക്കറിയാം. ആ ധിഷണയെ അവര്‍ക്ക് ഭയമാണ്. രാജ്യം നിലനില്‍ക്കുവോളം അവിടെ ഗാന്ധിയുണ്ട് എന്നത് അവരെ അലോസരപ്പെടുത്തുന്നു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കൊണ്ട് മാത്രം ജയ – പരാജയങ്ങള്‍ അളക്കാനാകില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകള്‍ തരുന്ന പാഠങ്ങള്‍ നിശിതവും വലുതുമാണ്. തെലങ്കാന ആവേശമാണ്. കോണ്‍ഗ്രസ്സില്ലാതെ ബി ജെ പി വിരുദ്ധ പോരാട്ടം സാധ്യമാകുമെന്ന് പറയുന്നവര്‍ എതിര്‍പ്പുകളെ വെറുക്കുന്നവരും ‘ഭയം’ ഭരിക്കുന്നവരുമാണ്.

കോണ്‍ഗ്രസ്സിന് മുന്നിലെ മുന്‍ഗണനകളെന്താണ്? വര്‍ഗീയതക്കും ഏകാധിപത്യത്തിനും ഫാസിസത്തിനും എതിരായ അക്ഷീണ പോരാട്ടം തന്നെയാണ് ആദ്യം. ജനങ്ങളുടെ പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെ ഒപ്പം നില്‍ക്കുക. അവരുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി എന്തെല്ലാം ചെയ്യാമോ അതെല്ലാം നിരന്തരം ചെയ്തുകൊണ്ടിരിക്കുക. പ്രാദേശികതലം മുതല്‍ ദേശീയതലം വരെ കൈക്കോര്‍ത്ത് മുന്നേറുക. പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതിഷേധിക്കാനും അനുവദിക്കാതെ അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍, വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക, പോരാടുക. ഈ മുന്നേറ്റത്തില്‍ ലാലാ ലജ്പത് റായിയും മഹാത്മജിയും ഉള്‍പ്പെടെ അനേകായിരങ്ങളുടെ പോരാട്ട വീര്യത്തെ കെടാതെ നെഞ്ചേറ്റുക. ഈ പ്രസ്ഥാനത്തിന്റെ ജന്മദിനം ഓര്‍മപ്പെടുത്തുന്നതും ഇതുതന്നെയാണ്.

 

കോൺഗ്രസ് നേതാവ്, കേരള പ്രതിപക്ഷ നേതാവ്