Kerala
മേപ്പാടി പോളിടെക്നിക് കോളജിലെ സംഘര്‍ഷം; നിയമസഭയില്‍ കൊമ്പുകോര്‍ത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം | വയനാട് മേപ്പാടി പോളിടെക്നിക് കോളജിലെ സംഭവങ്ങളുടെ പേരില്‍ നിയമസഭയില്‍ ഭരണ പ്രതിപക്ഷം അംഗങ്ങള്‍ പരസ്പരം കൊമ്പുകോര്‍ത്തു. എക്സൈസ് മന്ത്രി എം ബി രാജേഷും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് സഭയില്‍ പരസ്പരം ആദ്യം തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് ഇരു വിഭാഗങ്ങളും വിഷയം ഏറ്റ് പിടിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ സസ്‌പെന്‍ഡ് ചെയ്ത് ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഭരണപക്ഷത്ത് നിന്ന് ലിന്റോ ജോസഫും സച്ചിന്‍ ദേവും പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു. അതോടെ ടി സിദ്ദിഖ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളും പ്രതിരോധത്തിനായി എത്തി.
മേപ്പാടി കോളേജില്‍ അപര്‍ണ ഗൗരിയെ ആക്രമിച്ചു എന്നു പറയുന്ന കേസില്‍ അറസ്റ്റിലായ ഇതേ പ്രതികളാണ് മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് അവിടെ സ്ഥാപിച്ച എം എസ് എഫിന്റെ കൊടിമരം പിഴുതെറിഞ്ഞ കേസിലെയും പ്രതികള്‍. ഒരാള്‍ക്കും പ്രവര്‍ത്തന സാതന്ത്ര്യമില്ലാത്ത വിധം ഒരു മയക്കുമരുന്ന് സംഘം മേപ്പാടി കാമ്പസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പഴയ ആളുകളാണ്. ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അത് കെ എസ് യു വിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കേണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു ഡി എസ് എഫ് ജയിച്ചതിന്റെ പ്രതികാരമെന്നോണം ആണിവെച്ചും പട്ടികവെച്ചും കുട്ടികളുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയാണ്. ഇതാണ് കാമ്പസില്‍ നടന്നത്- വി ഡി സതീശന്‍ ആരോപിച്ചു. ഇതോടെ ഭരണപക്ഷം പ്രതിഷേധ സ്വരവുമായി എത്തുകയായിരുന്നു.