Connect with us

Uae

ദുബൈയിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സമഗ്ര പദ്ധതി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുബൈയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായതാണ് കുരുക്കുകള്‍ക്ക് ഒരു കാരണം.

Published

|

Last Updated

ദുബൈ | ദുബൈയില്‍ ഗതാഗതക്കുരുക്കു കുറക്കാന്‍ സമഗ്ര പദ്ധതി തയാറായി. സമീപകാല വര്‍ധനവിന് പിന്നിലെ പ്രധാന ഘടകങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ലഘൂകരിക്കാനുള്ള പദ്ധതികള്‍ ആര്‍ ടി എ വെളിപ്പെടുത്തി. ‘സുസ്ഥിരവും ദീര്‍ഘകാലവുമായ പരിഹാരങ്ങള്‍’ മുന്നില്‍ കാണുന്നു. ഗതാഗത പ്രവാഹം 20 മുതല്‍ 30 ശതമാനം വരെ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുബൈയില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ധനയുണ്ടായതാണ് കുരുക്കുകള്‍ക്ക് ഒരു കാരണം. ആഗോള ശരാശരി രണ്ട് മുതല്‍ നാല് വരെയായിരുന്നു. മാര്‍ച്ചില്‍ യു എ ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ (എഫ് എന്‍ സി) ഇത് ചര്‍ച്ചയായി. ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ ഈ കുതിച്ചുചാട്ടത്തിന് പരിഹാരമായി, കര്‍ശനമായ കാര്‍ ഉടമസ്ഥാവകാശ നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചു. അത് നടപ്പാക്കും.

2024ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 25 ലക്ഷത്തിലെത്തി. ഈ കണക്ക് യു എ ഇയിലുടനീളം രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളുടെയും പകുതിയാണ്. ദുബൈയില്‍ പകല്‍ സമയങ്ങളില്‍ വാഹനങ്ങളുടെ എണ്ണം 35 ലക്ഷത്തിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജനസംഖ്യാ വളര്‍ച്ച മറ്റൊരു കാരണം. ദുബൈ ജനസംഖ്യ, വാര്‍ഷികനിരക്കായ 6 ശതമാനത്തിലധികം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആഗോള ശരാശരിയായ 1.1 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

2040 ആകുമ്പോഴേക്കും നഗരത്തിലെ പകല്‍ സമയ ജനസംഖ്യ 80 ലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പൊരുത്തമില്ലാത്ത യാത്രാ ആസൂത്രണം, പീക്ക് യാത്രാ സമയങ്ങളെക്കുറിച്ചുള്ള പരിമിതമായ അവബോധം എന്നിവ പ്രധാന ഗതാഗത ഇടനാഴികളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഡൈനാമിക് ടോള്‍, പാര്‍ക്കിംഗ് താരിഫുകള്‍ എന്നിങ്ങനെ ഈ വര്‍ഷം അവതരിപ്പിച്ച രണ്ട് നയങ്ങളും ഇതിനകം ഗതാഗത അളവില്‍ ഒമ്പത് ശതമാനം വരെ കുറവും പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തില്‍ നാല് ശതമാനം വര്‍ധനവും വരുത്തിയിട്ടുണ്ട്.

2027 ഓടെ 4000 കോടി ദിര്‍ഹം മൊത്തം നിക്ഷേപത്തോടെ 30-ലധികം റോഡ്, ഗതാഗത പദ്ധതികള്‍ നടപ്പിലാക്കാന്‍ ആര്‍ടിഎ പദ്ധതിയിടുന്നു. ഇതില്‍ ദുബൈ മെട്രോ ബ്ലൂ ലൈന്‍ ഉള്‍പ്പെടുന്നു. സേവന മേഖലകളിലെ ഗതാഗതം 20 ശതമാനം വരെ ഇത് കുറക്കും.

Latest