Uae
ആരോഗ്യ മേഖലയിലെ സമഗ്ര വികസനം; അബൂദബി ആരോഗ്യ വകുപ്പും ഫൈസറും യോജിച്ച് പ്രവര്‍ത്തിക്കും

അബൂദബി | അബൂദബി ആരോഗ്യ വകുപ്പും മരുന്നുത്പാദന സ്ഥാപനമായ ഫൈസറും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ആരോഗ്യ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ധാരണാപത്രത്തില്‍ ഒപ്പ് വച്ചത്. ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ്, യു എസ് എംബസി ചാര്‍ജ് ദി അഫയേഴ്സ് സിയാന്‍ മുര്‍ഫി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അബൂദബി ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബിയും ഫൈസര്‍ ഗള്‍ഫ് ക്ലസ്റ്റര്‍ ലീഡ് ലിന്‍സി ഡയെറ്റ്‌സിയും ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. മരുന്നുത്പാദന രംഗത്തെ ഗവേഷണങ്ങളും ആരോഗ്യ സേവന നടപടിക്രമങ്ങളും മെച്ചപ്പെടുത്താനും അബൂദബിയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും.
മരുന്നുത്പാദനത്തിന്റെ ആദ്യഘട്ടങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ബന്ധപ്പെടുത്തിയുള്ള പ്രത്യേക പരിശീലന പാഠ്യപദ്ധതി ഫൈസര്‍ അബൂദബി ആരോഗ്യ വകുപ്പിനായി ഒരുക്കും. പദ്ധതിയുടെ ഭാഗമായി മരുന്നുഗവേഷണത്തില്‍ ആദ്യഘട്ടത്തില്‍ 150 പേര്‍ക്ക് പരിശീലനം നല്‍കും. 2025-ഓടെ വിവിധ പങ്കാളിത്ത പദ്ധതികളിലൂടെ 500 ഗവേഷകരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.