local body election 2025
മത്സരം സഹോദരിമാര്‍ തമ്മില്‍
സഹോദരിമാര്‍ തമ്മിലാണ് ഇവിടെ മത്സരം എന്നതിന് പുറമേ ഇരുവരും സാമ്യമായ രൂപക്കാരാണെന്നതും കൗതുകം ജനിപ്പിക്കുന്നു.
തിരൂരങ്ങാടി | തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും വ്യത്യസ്തമായ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ കുംബംകടവിലെ മത്സരത്തിന് കൗതുകം വേറെ. സഹോദരിമാര്‍ തമ്മിലാണ് ഇവിടെ മത്സരം എന്നതിന് പുറമേ ഇരുവരും സാമ്യമായ രൂപക്കാരാണെന്നതും കൗതുകം ജനിപ്പിക്കുന്നു.
തിരൂരങ്ങാടി നഗരസഭ കുംബംകടവ് 33-ാം ഡിവിഷനിലെ മത്സരമാണ് വേറിട്ടുനില്‍ക്കുന്നത്.
നിലവിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ സി എം സല്‍മ യു ഡി ഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി കോണി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ എല്‍ ഡി എഫ് മുന്നണിയായ ടീം പോസിറ്റീവ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അനുജത്തിയായ റസിയയാണ്.
ഇവരുടെ ചിഹ്നം കുടയാണ്. മറ്റു സ്ഥാനാര്‍ഥികളാരുമില്ല.
നഗരസഭയിലെ മുസ്‌ലിം ലീഗ് കൗണ്‍സിലറും അതിന് മുമ്പ് ഒരു തവണ തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് അംഗവുമായിരുന്ന സ ല്‍മ അതിന് മുമ്പ് തിരൂരങ്ങാടി ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫ് അംഗവുമായിട്ടുണ്ട്.
2010ല്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. സല്‍മക്കെതിരെ മത്സരിക്കുന്ന സഹോദരി റസിയ നിലവില്‍ 32-ാം ഡിവിഷനിലെ ആശാവര്‍ക്കറാണ്. പരപ്പനങ്ങാടി പുതിഒറ്റത്തില്‍ കുഞ്ഞിമൊയ്തീന്റെ മക്കളാണിവര്‍. ഇരുവരെയും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം സാമ്യരാണ്.
പലരും ആളുമാറി സംസാരിച്ച് അമളി പറ്റുന്നത് ഏറെയാണ്. ചെമ്മാട് സി കെ നഗറിലെ പരേതനായ സി എം അബ്ദുല്‍ ജബ്ബാറാണ് സല്‍മയുടെ ഭര്‍ത്താവ്. ചെമ്മാട് പാറേങ്ങല്‍ മുസ്തഫയാണ് റസിയയുടെ ഭര്‍ത്താവ്. തിരഞ്ഞെടുപ്പില്‍ വാശിയുണ്ടെങ്കിലും കുടുംബസൗഹൃദത്തെ ബാധിക്കുകയില്ലെന്ന് ഇരുവരും പറയുന്നു.

