Connect with us

National

സൂറത്തിലെ ഒത്തുകളി ;കോൺഗ്രസ്സ് സ്ഥാനാർഥി ബി ജെ പിയിലേക്ക്?

മറ്റേതെങ്കിലും സ്ഥാനാർഥിയെ പിന്തുണക്കാനാകുമോയെന്ന് കോൺഗ്രസ്സ് ആരാഞ്ഞപ്പോഴേക്കും അവരെല്ലാം പത്രിക പിൻവലിച്ച് ആ സാധ്യത അടച്ചു

Published

|

Last Updated

ഗാന്ധിനഗർ | സൂറത്തിൽ നടന്നതെന്താണ്? അവിടെ കോൺഗ്രസ്സ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതെങ്ങനെ? മറ്റു സ്ഥാനാർഥികൾ മുഴുവൻ പത്രിക പിൻവലിക്കുകയും ബി ജെ പി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയിൽ എങ്ങനെയെത്തി? സർവത്ര ദുരൂഹമാണ് കാര്യങ്ങൾ. ഗൂഢനീക്കങ്ങൾ നടന്നുവെന്ന് വ്യക്തം. നാമനിർദേശ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസ്സ് നേതാവ് നിലേഷ് കുംഭാനിയുടെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർഥിയുടെ നാമനിർദേശവും ഇതേ രീതിയിൽ തള്ളി. മറ്റേതെങ്കിലും സ്ഥാനാർഥിയെ പിന്തുണക്കാനാകുമോയെന്ന് കോൺഗ്രസ്സ് ആരാഞ്ഞപ്പോഴേക്കും അവരെല്ലാം പത്രിക പിൻവലിച്ച് ആ സാധ്യത അടച്ചു. ഒടുവിൽ ബി ജെ പിയിലെ മുകേഷ് ദലാലിനെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
കാണാനില്ല
ഇപ്പോൾ നിലേഷ് കുംഭാനിയെ കാണാനില്ല. ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല. അതിനിടെ, ഇദ്ദേഹം ബി ജെ പിയിൽ ചേരാൻ പോകുന്നുവെന്ന വാർത്ത കേൾക്കുന്നു. ബി ജെ പി പ്രവേശം പ്രഖ്യാപിക്കാനാകും കുംഭാനി പൊങ്ങുകയെന്നാണ് പ്രാദേശിക മാധ്യമ റിപോർട്ട്. അതേസമയം, അടഞ്ഞുകിടക്കുന്ന കുഭാനിയുടെ വീടിന് മുന്നിൽ കോൺഗ്രസ്സുകാർ പ്രതിഷേധിച്ചു. ജനവഞ്ചകൻ എന്നെഴുതിയ പ്ലക്കാർഡുകളുയർത്തിയായിരുന്നു പ്രതിഷേധം.
നിലേഷ് കുംഭാനി മുങ്ങുകയും ബി ജെ പിയിലേക്കെന്ന വാർത്ത പുറത്തുവരികയും ചെയ്യുമ്പോൾ ഒത്തുകളിയിലേക്കാണ് വെളിച്ചം വീശുന്നത്. കോൺഗ്രസ്സ് നേതാവ് നേരത്തേ ബി ജെ പിയിലേക്ക് വഴിവെട്ടിയെന്നും നാമനിർദേശം ചെയ്തവരെ കൂടി ഉപയോഗിച്ച് ഈ നീക്കം നടപ്പാക്കിയെന്നുമാണ് വ്യക്തമാകുന്നത്.
ഏതായാലും, പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം. ഉദ്യോഗസ്ഥർക്കു മേൽ ബി ജെ പിക്കുള്ള സ്വാധീനമാണ് ഈ വഴിവിട്ട നീക്കത്തിനു പിന്നിലെന്ന് പരാതിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഇപ്പോൾ നടന്ന പ്രക്രിയ പൂർണമായി റദ്ദാക്കണമെന്നും കോൺഗ്രസ്സ് വക്താവ് അഭിഷേക് മനു സിംഗ്‌വി ആവശ്യപ്പെട്ടു.
കളി തുടക്കം മുതൽ
കുംഭാനിയുടെ നാമനിർദേശ പത്രികയിലെ ഒപ്പുകൾ വ്യാജമാണെന്ന് ഈ മാസം 19ന് പരാതിപ്പെട്ടത് ബി ജെ പി പ്രവർത്തകൻ ദിനേശ് ജോധാനിയാണ്. തൊട്ടടുത്ത ദിവസം കുംഭാനിയുടെ നിർദേശകർ സത്യവാങ്മൂലവുമായി രംഗത്തുവന്നു. ഒപ്പിട്ടത് തങ്ങളല്ലെന്നായിരുന്നു വാദം.
വിദഗ്ധരുടെ സഹായം തേടി ഈ അവകാശവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന കോൺഗ്രസ്സ് ആവശ്യം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ തള്ളുകയും ചെയ്തു. 22ന് ബി എസ് പി സ്ഥാനാർഥിയും സ്വതന്ത്രരും ഉൾപ്പെടെ എട്ട് പേർ പത്രിക പിൻവലിച്ചതോടെ നാടകം പൂർത്തിയായി.