articles
കൊളീജിയം സ്വയം തോല്‍ക്കുകയാണ്
നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ ഒരു മാസത്തില്‍ താഴെ മാത്രം കാലയളവാണ് ശേഷിക്കുന്നത് എന്നതിനാല്‍ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുന്നത് വരെ കൊളീജിയം മീറ്റിംഗ് വേണ്ടെന്ന തീരുമാനമെടുത്തിരിക്കുന്നു. അതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അത്തരമൊരു തീരുമാനത്തിന്റെ നിയമബലവും യുക്തിയും എന്താണെന്നുള്ള ചോദ്യം നിയമ രംഗത്ത് നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

രാജ്യത്തെ ഭരണഘടനാ കോടതികളായ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരെ തിരഞ്ഞെടുക്കുന്നതിന് സ്ഥാപിതമായ കൊളീജിയം സംവിധാനത്തിന്റെ രൂപവത്കരണത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന് അടിയന്തരാവസ്ഥയായിരുന്നു. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവായിരുന്നല്ലോ അക്കാലത്ത് ഭരണഘടനാ കോടതികളിലെ ന്യായാധിപരെ തീരുമാനിച്ചിരുന്നത്. ഭരണകൂടവിരുദ്ധ നിലപാട് സ്വീകരിച്ച ന്യായാധിപരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയും അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിച്ചും ശിക്ഷിക്കുകയായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍. അത്തരം ദുരനുഭവങ്ങളാണ് ഭരണകൂടത്തിന് അത്രതന്നെ പിടിയില്ലാത്ത കൊളീജിയം സംവിധാനത്തിലേക്ക് മാറിച്ചിന്തിക്കാന്‍ പരമോന്നത നീതിപീഠത്തെ പ്രേരിപ്പിച്ചത്.
സുപ്രീം കോടതിയിലെ ഓരോ കാലത്തെയും അഞ്ച് മുതിര്‍ന്ന ന്യായാധിപര്‍ ഉള്‍പ്പെടുന്ന കൊളീജിയം സംവിധാനം അത് സ്ഥാപിക്കപ്പെട്ട തൊണ്ണൂറുകളുടെ രണ്ടാം അര്‍ധത്തിലെ ഒന്നാന്തരം ശരിയായിരുന്നു. പില്‍ക്കാലത്ത് ഭേദപ്പെട്ട തൊമ്മന്‍ മാത്രമാണ് തങ്ങളെന്ന് കൊളീജിയം പലവുരു തെളിയിച്ചിട്ടുണ്ട്. ഒരു നിശ്ചിത ന്യായാധിപന്റെ സ്ഥാനക്കയറ്റത്തിന് വേണ്ടി സുപ്രീം കോടതി കൊളീജിയം അംഗം നിലകൊണ്ടതിന്റെ പേരില്‍ കൊളീജിയം മീറ്റിംഗ് ഇല്ലാതിരുന്ന കാലം പോലുമുണ്ടായിരുന്നു ഇതിനിടയില്‍. ഭൂരിപക്ഷ തീരുമാനത്തിനാണ് പ്രാബല്യമെങ്കിലും കൊളീജിയം അംഗത്വത്തെ വീറ്റോ പവര്‍ പോലെ ഉപയോഗിച്ച ന്യായാധിപരുടെ കാലവും സുപ്രീം കോടതി കൊളീജിയത്തിനുണ്ടായിരുന്നു. നിലവിലെ സുപ്രീം കോടതി കൊളീജിയം ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ളതാണ്. പ്രസ്തുത കൊളീജിയത്തിന്റെ അവസാന രണ്ട് മീറ്റിംഗുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില അശുഭവാര്‍ത്തകളാണ് ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ നിദാനം.
സെപ്തംബര്‍ 26ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ദിബംഗര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കുകയും വിവിധ ഹൈക്കോടതികളിലേക്കുള്ള മറ്റു 10 ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സെപ്തംബര്‍ മുപ്പതിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ സെപ്തംബര്‍ 30ന് നിശ്ചയിച്ചിരുന്ന കൊളീജിയം മീറ്റിംഗിന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എത്താത്തതിനാല്‍ യോഗം നടന്നില്ല. പ്രസ്തുത ദിവസം രാത്രി 9.15വരെ സിറ്റിംഗ് ഉണ്ടായിരുന്നതിനാലാണ് വൈകുന്നേരം നിശ്ചയിച്ച മീറ്റിംഗില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയതെന്നായിരുന്നു അത് സംബന്ധമായ വിശദീകരണം. തുടര്‍ന്ന്, നടക്കാതെ പോയ കൊളീജിയം മീറ്റിംഗിലേക്ക് നിശ്ചയിച്ച ന്യായാധിപ നാമനിര്‍ദേശങ്ങളിലെ അംഗീകാരത്തെപ്രതി കൊളീജിയം അംഗങ്ങളുടെ അഭിപ്രായം തേടി ചീഫ് ജസ്റ്റിസ് യു യു ലളിത് മറ്റു നാലംഗങ്ങള്‍ക്കും കത്തയച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവര്‍ നാമനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതിയെങ്കിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എസ് അബ്ദുന്നസീര്‍ എന്നിവര്‍ കത്തിലൂടെ അഭിപ്രായമാരാഞ്ഞ ചീഫ് ജസ്റ്റിസിന്റെ നടപടിയില്‍ വിയോജിപ്പറിയിച്ചതോടെയാണ് സുപ്രീം കോടതി കൊളീജിയത്തില്‍ ഭിന്നത നിലനില്‍ക്കുന്നു എന്ന വാര്‍ത്ത പരക്കുന്നത്.
നാമനിര്‍ദേശങ്ങളില്‍ കൊളീജിയത്തിലെ പ്രതികരിക്കാത്ത രണ്ടംഗങ്ങളുടെ അഭിപ്രായം തേടിയും വ്യത്യസ്ത നാമനിര്‍ദേശങ്ങളുണ്ടെങ്കില്‍ അതാവശ്യപ്പെട്ടും ഒക്ടോബര്‍ രണ്ടിന് ചീഫ് ജസ്റ്റിസ് വീണ്ടും കത്തയച്ചെങ്കിലും ജസ്റ്റിസുമാരായ ചന്ദ്രചൂഡും അബ്ദുന്നസീറും അതിന് മറുപടി നല്‍കിയില്ല. അതിനിടെ പിന്‍ഗാമിയെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ഒക്ടോബര്‍ ഏഴിന് ചീഫ് ജസ്റ്റിസ് യു യു ലളിതിന് കത്തയച്ചു. ഈ സാഹചര്യത്തില്‍ സെപ്തംബര്‍ 30ലെ കൊളീജിയം മീറ്റിംഗുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു സുപ്രീം കോടതി കൊളീജിയം. മാത്രമല്ല നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ ഒരു മാസത്തില്‍ താഴെ മാത്രം കാലയളവാണ് ശേഷിക്കുന്നത് എന്നതിനാല്‍ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കുന്നത് വരെ കൊളീജിയം മീറ്റിംഗ് വേണ്ടെന്ന തീരുമാനവും കൂടെ എടുത്തിരിക്കുന്നു. അതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. അത്തരമൊരു തീരുമാനത്തിന്റെ നിയമബലവും യുക്തിയും എന്താണെന്നുള്ള ചോദ്യം നിയമ രംഗത്ത് നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
നിയമ വ്യവഹാരങ്ങളില്‍ വിചാരണ നടത്തി വിധി പുറപ്പെടുവിക്കലാണല്ലോ നീതിപീഠങ്ങളുടെ പ്രധാന ഉത്തരവാദിത്വം. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ നാഴികക്കല്ലായ വിധികള്‍ വരെ വിരമിക്കുന്നതിന്റെ അവസാന ദിനം പ്രസ്താവിച്ച അനുഭവം നമ്മുടെ മുമ്പിലുണ്ട്. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് വലിയ കോളിളക്കം സൃഷ്ടിച്ച കേശവാനന്ദ ഭാരതി കേസ് അതിന് ഉദാഹരണമാണ്. ചീഫ് ജസ്റ്റിസായിരുന്ന എസ് എം സിക്രി തന്റെ അവസാന പ്രവൃത്തി ദിവസമാണ് അത്തരമൊരു ചരിത്ര വിധി പുറപ്പെടുവിച്ചത്. അവസാന ദിനം നിര്‍ണായക വിധി പ്രഖ്യാപിക്കാമെങ്കില്‍ ചീഫ് ജസ്റ്റിസ് പദവിയുടെ അവസാന നാളിലും കൊളീജിയം മീറ്റിംഗ് ചേര്‍ന്ന് നാമനിര്‍ദേശങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ വെക്കാവുന്നതാണ്. ഒരു മാസത്തില്‍ താഴെ മാത്രമാണ് വിരമിക്കലിനുള്ളത് എന്നതിനാല്‍ മേലില്‍ കൊളീജിയം ചേരുന്നില്ലെന്ന തീരുമാനം ഭരണഘടനക്കും നീതിബോധത്തിനും മുകളില്‍ പറക്കാനുള്ള ശ്രമമാണ്. സുപ്രീം കോടതി കൊളീജിയത്തിനെതിരെ പലപ്പോഴായി ഉയര്‍ന്ന വിമര്‍ശങ്ങളെ സാധൂകരിക്കുന്ന നടപടി എന്നുമാത്രമേ വിവാദ തീരുമാനത്തെ കാണേണ്ടതുള്ളൂ.
കൊളീജിയം നാമനിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന ഉദാസീന സമീപനം നേരത്തേയുള്ള കീഴ് വഴക്കങ്ങളെപ്പോലും അവഗണിച്ചാണിപ്പോള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. നീതിന്യായ കീഴ് വഴക്കമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ മടക്കിയ നാമനിര്‍ദേശം കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്താല്‍ അതംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ ഒന്നിലേറെ തവണ കൊളീജിയം ശിപാര്‍ശ ചെയ്തതും ഭരണകൂടം അവഗണിക്കുകയാണ്. അപ്പോഴും അസ്വീകാര്യതക്കുള്ള കാരണം വ്യക്തമാക്കുന്നുമില്ല. കൊളീജിയം ശിപാര്‍ശകളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുകയും മറ്റൊരാളെ ഒഴിവാക്കുകയും ചെയ്യുന്നു, ഹേതുവെന്തെന്ന് ബോധിപ്പിക്കാതെ തന്നെ. ഈയിടെ ജസ്റ്റിസ് ഡോ. എസ് മുരളീധറിന്റെ കാര്യത്തില്‍ അതാണ് ചെയ്തത്. ഒറീസ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നാണ് അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി കൊളീജിയം ശിപാര്‍ശ ചെയ്തത്. മറ്റൊരു ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപ പദവിയിലേക്കുള്ള മാറ്റമാണെങ്കിലും ജസ്റ്റിസ് മുരളീധറിനെ സംബന്ധിച്ചിടത്തോളം അതൊരു അംഗീകാരമാണ്.
നേരത്തേ ഒറീസ ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപ പദവിയിലേക്ക് അദ്ദേഹത്തെ ഒതുക്കുകയായിരുന്നു. അത്ര ദൃശ്യത ഇല്ലാത്ത ഹൈക്കോടതികളിലൊന്നാണ് ഒറീസ ഹൈക്കോടതി, താരതമ്യേന ചെറുതും. അവിടെ നിന്നാണ് മുന്‍നിര ഹൈക്കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം. ജസ്റ്റിസ് ഡോ. എസ് മുരളീധറിന്റേതടക്കം മൂന്ന് ശിപാര്‍ശകളില്‍ രണ്ടില്‍ മാത്രം അംഗീകാരം നല്‍കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. 2020ല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് എണ്ണപകര്‍ന്ന് വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ എസ് മുരളീധര്‍ ഉത്തരവിട്ട മാത്രയില്‍ അദ്ദേഹത്തെ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയോരിറ്റിയില്‍ മൂന്നാമനായിരിക്കെയായിരുന്നു രാത്രിക്ക് രാത്രി സ്ഥലം മാറ്റിയത്.
2021 ജനുവരിയില്‍ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ് മുരളീധര്‍ ഹൈക്കോടതിയുടെ മുഖച്ഛായ മാറ്റുന്ന പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, ഹൈക്കോടതി മൊബൈല്‍ ആപ്പ്, ജില്ലാ കോടതികളിലെയും കീഴ് കോടതികളിലെയും കേസുകളില്‍ ഓണ്‍ലൈനായി പിഴയടക്കാനുള്ള സൗകര്യം തുടങ്ങിയ ജനോന്മുഖ നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. പക്ഷേ അദ്ദേഹത്തെ വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അതിന് നമ്മുടെ നീതിന്യായ സംവിധാനത്തെ മറയാക്കുമ്പോള്‍ മറുഭാഗത്ത് ആന്തരിക ജീര്‍ണതകളാല്‍ കൊളീജിയം സ്വയം തോല്‍ക്കുകയും ന്യായാധിപര്‍ പരസ്പരം തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ കൂടുതല്‍ ദുര്‍ബലപ്പെടുന്ന രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ച് പൗരസമൂഹം ആശങ്കപ്പെടേണ്ടിയിരിക്കുന്നു.