Kerala
നാണയത്തുട്ടുകള്‍ സ്വരൂപിച്ച് പണം കണ്ടെത്തി നബിദിനത്തില്‍ വിശുദ്ധ ഭൂമിയിലേക്ക്;45 മഅ്ദിന്‍ ദഅ്വ വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹ സഫലീകരണം
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ആശീര്‍വാദത്തോടെയാണ് വിദ്യാര്‍ഥികള്‍ ഇത്തരമൊരു പ്രയത്‌നം നടത്തിയത്

മലപ്പുറം | ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കുന്ന സന്തോഷത്തിലാണ് മഅദിന്‍ ദഅവാ കോളേജ് വിദ്യാര്‍ഥികള്‍. നബിദിനത്തില്‍ വിശുദ്ധ മക്കയിലേക്കും മദീനയിലേക്കും യാത്ര തിരിക്കുകയാണ് ഇവര്‍. പഠനത്തോടൊപ്പം വിവിധ മാര്‍ഗങ്ങളിലൂടെ ലഭിച്ച നാണയത്തുട്ടുകളും മറ്റും സ്വരൂപിച്ചാണ് ഇവര്‍ ഈ സദുദ്യമത്തിന് തയ്യാറെടുത്തത്.
ധനം ദുര്‍വ്യയം നടത്തുന്ന പുതിയ കാലത്തെ പുതുതലമുറക്ക് മാതൃകയാവുകയാണ് ഇവര്‍. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ആശീര്‍വാദത്തോടെയാണ് വിദ്യാര്‍ഥികള്‍ ഇത്തരമൊരു പ്രയത്‌നം നടത്തിയത്. അതിന്റെ സാക്ഷാത്കാരം നടക്കുന്നത് പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1500-ാം ജ•ദിനത്തിലാണെന്നത് ഈ ആഗ്രഹ സഫലീകരണത്തിന് ഇരട്ടി മധുരം നല്‍കുന്നു. സമസ്ത ജില്ലാ സെക്രട്ടറിയും മഅദിന്‍ കോളേജ് ഓഫ് ഇസ്ലാമിക് ദഅ്വ പ്രിന്‍സിപ്പളുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറി, മഅദിന്‍ ഹജ്ജ്, ഉംറ കോര്‍ഡിനേറ്റര്‍ അശ്‌റഫ് സഖാഫി പൂപ്പലം എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ യാത്രതിരിക്കുന്നത്.
ചെറുപ്പത്തില്‍ തന്നെ സാമ്പത്തിക ശുദ്ധിയും സമ്പാദ്യവും ശീലമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു പദ്ധതിയുടെ പ്രഖ്യാപനമെന്നും ഈ ആത്മവിശ്വാസം അവരുടെ സുരക്ഷിതമായ ഭാവി നിര്‍മിക്കാനുതകുന്നതാണെന്നും മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
യാത്രയയപ്പ് സംഗമം സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സയ്യിദ് നിയാസ് അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, മഅദിന്‍ അക്കാദമി മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, മഅദിന്‍ പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ജംഷീര്‍ അംജദി ഉള്ളണം, ഇര്‍ഫാന്‍ സഖാഫി വേങ്ങര, ഖാസിം അദനി കുറ്റിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.