Connect with us

Kozhikode

കോ- കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍ ആസ്വാദനത്തില്‍ ഒതുങ്ങരുത്: സയ്യിദ് മുനീറുല്‍ അഹ്ദല്‍

ജീവിത നൈപുണികള്‍ വികസിപ്പിക്കാനും സമൂഹത്തെ മുന്നോട്ട് നയിക്കാനും ഉതകുന്നതാകണം കോ- കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍.

Published

|

Last Updated

കടലുണ്ടി | ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കോ- കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍ കേവല ആസ്വാദനത്തില്‍ ഒതുങ്ങുന്നത്് അപകടകരമാണ് എന്ന് എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്സനി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ അനുബന്ധമായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹയര്‍ സെക്കന്‍ഡറി ഗാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിത നൈപുണികള്‍ വികസിപ്പിക്കാനും സമൂഹത്തെ മുന്നോട്ട് നയിക്കാനും ഉതകുന്നതാകണം കോ- കരിക്കുലര്‍ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘര്‍ഷവും മാനസിക ആഘാതവും സൃഷ്ടിക്കുന്ന വേളകളായി ആഘോഷങ്ങള്‍ മാറുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുതലമുറയുടെ ഊര്‍ജം ദൃശ്യമാക്കുന്നതാണ് സ്റ്റുഡന്റ്സ് ഗാലയ്ക്ക് ലഭിച്ച മികച്ച പിന്തുണ. ഇത്തരം നിര്‍മാണാത്മക ആഘോഷങ്ങള്‍ക്കാണ് നിറമുള്ള ഭാവി സൃഷ്ടിക്കാന്‍ കഴിയുക എന്നും സമൂഹ നിര്‍മിതിയില്‍ ഭാഗവാക്കാന്‍ കഴിയുക എന്നും അദ്ദേഹം പറഞ്ഞു.

വൈജ്ഞാനികവും സാംസ്‌കാരികവുമായ ഒരു കുതിപ്പിനാണ് വിദ്യാര്‍ഥി സമൂഹം തയ്യാറെടുക്കുന്നത്. ലഹരി, സൈബര്‍ ക്രൈം മാഫിയകളെ നേരിടുന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണ ഇനിയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമാണ്. കുറ്റകൃത്യ വാര്‍ത്ത വരുമ്പോള്‍ മാത്രം ജാഗ്രത ഉണരുന്ന സമീപനം സമൂഹത്തിന് പൂര്‍ണാര്‍ഥത്തില്‍ ഫലം ചെയ്യില്ല. ലഹരി വിപണിയുടെ വേരറുക്കുന്നതിന് നിരന്തര പരിശ്രമങ്ങളാണ് ഉണ്ടാകേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുന്നണികളുടെ പ്രധാന അജണ്ടയായി ലഹരി വിപാടനം മാറണം. മറിച്ച് രാഷ്ട്രീയ ലാഭത്തിനായി മദ്യവും ലഹരിയും നല്‍കുന്ന ദുഷ്പ്രവണത അവസാനിപ്പിക്കണം. അത്തരം ശൈലി സ്വീകരിക്കുന്നവര്‍ക്ക് വിദ്യാര്‍ഥികളുടെ പിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇ്ബറാഹീം ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു.

എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, ഡോ. മുഹമ്മദ് നിയാസ്, അനസ് അമാനി പുഷ്പഗിരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, പി ടി മുഹമ്മദ് സഖാഫി , ഡോ. തന്‍വീര്‍, അബ്ദുല്ല ബെംഗളൂരു, ശുഐബ് സി വി സംസാരിച്ചു.
സയ്യിദ് കെ വി തങ്ങള്‍ ബുഖാരി, ഡോ. എം എസ് മുഹമ്മദ്,സി എം സ്വാബിര്‍ സഖാഫി സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest