Kerala
വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു; ഒമ്പത് പേര്‍ക്ക് പരുക്ക്
ബസ് ഡ്രൈവര്‍ക്കും സഹായിക്കും ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്
പാലക്കാട്|വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. വടക്കഞ്ചേരി റോയല്‍ ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. ബസിലെ ഡ്രൈവര്‍ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലെ ഏഴ് യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബസ് ഡ്രൈവര്‍ക്കും സഹായിക്കും ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം.
തങ്കം ജംഗ്ഷനില്‍ നിന്ന് സര്‍വീസ് റോഡ് വഴി വരികയായിരുന്ന ദീര്‍ഘദൂര സര്‍വീസ് ബസാണ് സിഎന്‍ജി ഗ്യാസ് ലോറിയുമായി കൂട്ടിയിടിച്ചത്. ലോറി റോയല്‍ ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ ഓടാനായി ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 ഓളം സിലിണ്ടര്‍ ആണ് ലോറിയില്‍ ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് വന്ന സിഎന്‍ജി വാതകം ഉഗ്ര ശബ്ദത്തോടെയാണ് പരന്നത്.
വാതകം പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവര്‍ക്കും സഹായിക്കും പൊള്ളലേറ്റത്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ഗ്യാസ് നിര്‍വീര്യമാക്കി. ഹൈവേ പോലീസും വടക്കഞ്ചേരി പോലീസും ഉടന്‍ സംഭവ സ്ഥലത്തെത്തിയിരുന്നു.
Content Highlights:
A CNG gas lorry collided with a long-distance bus near Royal Junction in Vadakkencherry, leaving nine people injured. The impact caused gas to leak rapidly, burning the bus driver and helper. Vadakkencherry fire personnel promptly neutralized the gas leak and secured the area.




