Connect with us

Kannur

സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഉദ്ഘാടനവും ഹജ്ജ് ഹൗസ് ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്‌ നിർവഹിക്കും

വൈകിട്ട് മൂന്നിന്‌  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും.

Published

|

Last Updated

കണ്ണൂർ| ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനവും ഹജ്ജ് ഹൗസിന്‍റെ തറക്കല്ലിടലും വെള്ളിയാഴ്ച മുഖ്യമന്ത്രി നിർവഹിക്കുമെന്ന് കെ.കെ. ശൈജല എം.എൽ.എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന്‌  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. കേരളത്തിലെ ഹജ്ജ് എംബര്‍ക്കേഷന്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കൊച്ചി, കണ്ണൂർ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നത്.

വടക്കേ മലബാറിന്‍റെ ചിരകാല അഭിലാഷമായിരുന്നു കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി യാത്ര പുറപ്പെടാനുള്ള എംബര്‍ക്കേഷന്‍ പോയിന്‍റായി പ്രഖ്യാപിക്കുക എന്നത്. 2023ല്‍ ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. ഹജ്ജ് എംബര്‍ക്കേഷന്‍ ആരംഭിച്ച് രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ കണ്ണൂരില്‍ ഹജ്ജ് യാത്രികര്‍ക്കായി ഹജ്ജ് ഹൗസ് നിർമിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.
കേരളം ഉയര്‍ത്തി പിടിക്കുന്ന മതസാഹോദര്യത്തിന്‍റെ ചരിത്രവും പാരമ്പര്യവും പൈതൃകവും ഇഴചേര്‍ന്ന മട്ടന്നൂരിന്‍റെ മണ്ണില്‍ കാലാനുസൃതമായ മാറ്റങ്ങളോടെയും ആധുനിക സജ്ജീകരണങ്ങളോടെയും സജ്ജമാക്കുന്ന ഹജ്ജ് ഹൗസിന് വേണ്ടി എയര്‍പോര്‍ട്ടിന്‍റെ മൂന്നാം ഗേറ്റിനടുത്താണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. ഇവിടെ ഹജ്ജ് കാലത്ത് ഹജ്ജ് യാത്രികര്‍ക്കും മറ്റു സമയങ്ങളില്‍ നാടിനും നാട്ടുകാര്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും വിധം മള്‍ട്ടി പര്‍പ്പസ് ഹജ്ജ് ഹൗസ് നിർമിക്കാനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയും സര്‍ക്കാരും തീരുമാനിച്ചിട്ടുള്ളത്. അതിന് സംസ്ഥാന സര്‍ക്കാര്‍ ആറ് കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഹജ്ജ് എംബര്‍ക്കേഷന്‍റെ ആദ്യ വര്‍ഷമായ 2023ല്‍ 14 വിമാന സർവീസുകളിലായി 2030 ഹജ്ജ് യാത്രികരും 2024ല്‍ ഒമ്പത് വിമാന സർവീസുകളിലായി 3208 യാത്രക്കാരും ഹജ്ജ് കര്‍മ്മത്തിനായി കണ്ണൂരില്‍ നിന്നും യാത്ര പുറപ്പെട്ടിരുന്നു. 2025ല്‍ 28 വിമാന സർവീസുകളിലായി 4929 ഹജ്ജ് യാത്രികരാണ് മേയ് 11 മുതല്‍ 29 വരെയായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്ര പുറപ്പെടുന്നത്. ഇവര്‍ക്കായി 11 അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി സാങ്കേതിക പഠനക്ലാസുകളും നാല് പ്രധാന ഇടങ്ങളിലായി വാക്സിനേഷന്‍ ക്യാമ്പുകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി.

മേയ് 11 ന് കാലത്ത് നാലിന് ഹജ്ജ് യാത്രികരുമായി ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മേയ് 29 ന് അവസാന വിമാനം പുറപ്പെടും. ഇക്കാലയളവിൽ ക്യാമ്പില്‍ എത്തുന്ന ഹജ്ജാജികളെ സ്വീകരിക്കാനും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യാനും സംഘാടകസമിതിയംഗങ്ങളും വളന്റിയര്‍മാരും ക്യാമ്പില്‍ സജീവമായി ഉണ്ടാവും. ഉദ്ഘാടന ചടങ്ങിന് എത്തുന്ന ജനങ്ങള്‍ക്കായി അഞ്ചരക്കണ്ടി, കീഴല്ലൂര്‍ റോഡ് എന്നിവിടങ്ങളില്‍ നിന്ന് ഉച്ചക്ക് രണ്ട് മണി മുതലും മട്ടന്നൂര്‍ ബസ് സ്റ്റാൻഡില്‍ നിന്നും സൗജന്യ ബസ് സർവീസ് നടത്തും.

വാർത്ത സമ്മേളനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി, ഷംസുദ്ദീന്‍ അരിഞ്ചിറ, സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാനും മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ എന്‍. ഷാജിത്ത്, മീഡിയ കമ്മിറ്റി ചെയർമാൻ ടി. ശബ്ന എന്നിവരും സംബന്ധിച്ചു.

 

 

Latest