Kerala
ഫലസ്തീന്‍ ജനതയോട് ചേര്‍ന്ന് നിന്നതിലൂടെ വഴികാട്ടിയായി; മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം
അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സ്

തിരുവനന്തപുരം | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ഫലസ്തീന്‍ ജനതയോട് അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേര്‍ന്നുനിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച അനുശോചന കുറിപ്പില്‍ പറയുന്നു.
മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം ഇന്ന് രാവിലെ 7.15ന് മരണമടഞ്ഞത്. ഫലസ്തീനിലും ഇസ്‌റാഈലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനെസ്സന്ന് വ്യക്തമാക്കിയ അദ്ദേഹം, ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അവസാനം ഈസ്റ്റര്‍ സന്ദേശത്തിലും ആവശ്യപ്പെട്ടിരുന്നു.