From the print
ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
മൂന്ന് മാസം, ഒമ്പത് മരണം.
തിരുവനന്തപുരം | സംസ്ഥാനത്ത് ചിക്കന്‍പോക്സ് പടരുന്നു. കഴിഞ്ഞ ദിവസം മാത്രം 101 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെ 7,506 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 2,027 പേര്‍ക്ക് രോഗം ബാധിച്ചത് ഈ മാസമാണ്. ചിക്കന്‍പോക്സ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. മൂന്ന് മാസത്തിനിടെ കുട്ടികളുള്‍പ്പെടെ ഒമ്പത് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് സര്‍വീസ് ഡയറക്്ടറേറ്റിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആകെ നാല് മരണങ്ങളും 26,363 ചിക്കന്‍പോക്‌സ് കേസുകളുമായിരുന്നു സ്ഥിരീകരിച്ചിരുന്നത്.
ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും വകുപ്പ് അറിയിച്ചു. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച് ഐ വി- ക്യാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റിറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍ പോക്സ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതോ ലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടണം.
വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ വരാത്തവര്‍ക്കോ, വാക്സീന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്. രോഗമുള്ളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. പത്ത് മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗം വന്നിട്ടില്ലാത്തവര്‍ക്ക് ചിക്കന്‍ പോക്സ്/ ഹെര്‍പിസ് സോസ്റ്റര്‍ രോഗികളുമായി സമ്പര്‍ക്കം വന്ന് 72 മണിക്കൂറിനുള്ളില്‍ വാക്സീന്‍ എടുത്താല്‍ പ്രതിരോധിക്കാവുന്നതാണ്.
ലക്ഷണങ്ങള്‍
പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.
ശ്രദ്ധിക്കേണ്ടത്
നാല് ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയക്കുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുള്ള ഛര്‍ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.
രോഗം വന്നാല്‍
വായുസഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കുകയും പഴവര്‍ഗങ്ങള്‍ കഴിക്കുകയും വേണം. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്.
അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടക്കിടെ ഒപ്പിയെടുക്കുക.
ചൊറിച്ചില്‍ കുറക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും കൊണ്ട് കഴുകുക. ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്.