Connect with us

National

ചാന്ദ്രയാൻ 3 ചന്ദ്രന്റെ വലയത്തിൽ; ഭ്രമണപഥ പ്രവേശം വിജയകരമെന്ന് ഐ എസ് ആർ ഒ

ചാന്ദ്രയാൻ മൂന്ന് ഓഗസ്റ്റ് 23-ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.

Published

|

Last Updated

ബംഗളൂരു | ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 22 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ഇന്ന് വൈകിട്ട് 7.15ഓടെയാണ് പേടകം നിർണാക ഘട്ടം പിന്നിട്ടത്. ബെംഗളൂരുവിലെ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽ (എംഒഎക്സ്) നിന്നാണ് ലൂണാർ ഓർബിറ്റ് ഇൻസേർഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതെന്ന് ഐ എസ് ആർ ഒ ട്വീറ്റ് ചെയ്തു. ഭ്രമണപഥം കുറയ്ക്കലാണ് അടുത്ത ഓപ്പറേഷൻ. നാളെ (ഓഗസ്റ്റ് 6 ന്) ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് ഇത് ഷെഡ്യൂൾ ചെയ്തതെന്നും ഐ എസ് ആർ ഒ അറിയിച്ചു.

ജൂലൈ 14 ന് ഉച്ചക്ക് 2.35നാണ് പേടകം വിജയകരമായി വിക്ഷേപിച്ചത്. ഓഗസ്റ്റ് ഒന്നിന് രാത്രി 12 മണിയോടെ ചന്ദ്രയാൻ-3 ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രനിലേക്ക് അയച്ചു. ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ചാന്ദ്രയാൻ മൂന്ന് ഓഗസ്റ്റ് 23-ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യും.

ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ചന്ദ്രയാൻ-3ൽ ഉള്ളത്. ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുകയും 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും. പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തങ്ങി ഭൂമിയിൽ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ഈ ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ എങ്ങനെ ഭൂകമ്പം സംഭവിക്കുന്നുവെന്ന് ഐഎസ്ആർഒ കണ്ടെത്തും. ചന്ദ്രനിലെ മണ്ണിനെക്കുറിച്ചും ഇത് പഠിക്കും.

ചന്ദ്രയാൻ-3ന്റെ ഇതുവരെയുള്ള യാത്ര…

  • ജൂലൈ 14ന് ചന്ദ്രയാൻ-3 170 കിലോമീറ്റർ x 36,500 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിച്ചു.
  • ജൂലൈ 15 ന് ആദ്യമായി ഭ്രമണപഥം 41,762 കി.മീ x 173 കി.മീ ആയി ഉയർത്തി.
  • ജൂലൈ 17 ന്, ഭ്രമണപഥം രണ്ടാം തവണ 41,603 കി.മീ x 226 കി.മീ.
  • ജൂലൈ 18 ന്, ഭ്രമണപഥം മൂന്നാം തവണ 5,1400 കി.മീ x 228 കി.മീ.
  • ജൂലൈ 20 ന്, ഭ്രമണപഥം നാലാം തവണ 71,351 x 233 കിലോമീറ്ററായി ഉയർത്തി.
  • ജൂലൈ 25 ന്, ഭ്രമണപഥം അഞ്ചാം തവണ 1.27,603 കിലോമീറ്റർ x 236 കിലോമീറ്ററായി ഉയർത്തി.
  • ജൂലൈ 31 നും ഓഗസ്റ്റ് 1 നും ഇടയിൽ അർദ്ധരാത്രിയിലാണ് ചന്ദ്രൻ ഭൂമിയുടെ ഭ്രമണപഥം വിട്ടത്.
  • ഓഗസ്റ്റ് അഞ്ചിന് ചന്ദ്രയാൻ-3 അതിന്റെ വേഗത കുറയ്ക്കുകയും ചന്ദ്രയാന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.