Connect with us

Kannur

ചെറുപുഴയില്‍ പിതാവ് മക്കളെ മര്‍ദിച്ച സംഭവം; വിശദാന്വേഷണത്തിന് പോലീസ്

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

Published

|

Last Updated

കണ്ണൂര്‍ | ചെറുപുഴയില്‍ പ്രാപ്പൊയിലില്‍ മദ്യലഹരിയില്‍ എട്ടും പത്തും വയസുള്ള കുട്ടികളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും ഇത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്ത സംഭവം പോലീസ് വിശദമായി അന്വേഷിക്കും. ജോസിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാന്‍ വേണ്ടി വ്യാജ വീഡിയോ ചിത്രീകരിച്ചതാണെന്നാണ് പിതാവ് ജോസ് പോലീസിനോട് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

കഴിഞ്ഞ 19നാണ് വീഡിയോ ചിത്രീകരിച്ചത്. ഇത് ജോസ് ഭാര്യക്ക് അയച്ചു നല്‍കിയതായും പോലീസ് കണ്ടെത്തി. ജോസിനൊപ്പം ഉണ്ടായിരുന്ന രണ്ടു മക്കളെയും ഇന്നലെ തന്നെ ശിശുക്ഷേമ സമിതി (സി ഡബ്ല്യു സി)യുടെ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നു. കുട്ടികളുടെ മാനസികാരോഗ്യം പൂര്‍വ സ്ഥിതിയിലായതിനു ശേഷം ബാലാവകാശ കമ്മീഷന്‍ വിശദമായ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗും നടത്തും.

കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് ജോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും തലമുടിയില്‍ പിടിച്ചുവലിച്ച് തറയിലിട്ട് വലിച്ചിഴയ്ക്കുകയും അരിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് ആരോഗ്യ, സാമൂഹിക്ഷേമ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു. ശിശുക്ഷേമ സമിതിയോട് കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പയ്യന്നൂര്‍ എം എല്‍ എ. ടി ഐ മധുസൂദനന്‍ പോലീസിനോട് റിപോര്‍ട്ട് തേടി. ചെറുപുഴ പോലീസ് ജോസിനെ വിളിച്ചു വരുത്തി വിവരങ്ങള്‍ തേടിയെങ്കിലും ഭാര്യയെ ഭീഷണിപ്പെടുത്തുന്നതിനായി വ്യാജമായി ചിത്രീകരിച്ച വിഡിയോയാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ വ്യാജമല്ലെന്ന് മനസിലായത്.