Editorial
ചണ്ഡീഗഢ് ഭേദഗതി ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധം
ചണ്ഡീഗഢിനെ 240ാം അനുഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് നിയമപരമായ അധികാരമുണ്ടെങ്കിലും അത് സുഖകരമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ അട്ടിമറിച്ചു കൊണ്ടാകരുത്.
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യപങ്കാളിത്തമുള്ള ഭരണ രീതിയാണ് ഫെഡറലിസം. പ്രതിരോധം, വിദേശ കാര്യങ്ങള്‍, കറന്‍സി തുടങ്ങിയ പ്രധാന വിഷയങ്ങള്‍ കേന്ദ്രം സ്വയം നിര്‍വഹിക്കുമ്പോള്‍, മറ്റു വിഷയങ്ങളില്‍ സംസ്ഥാനങ്ങളെ ചേര്‍ത്തു പിടിച്ചും അവരുമായി കൂടിയാലോചിച്ചും വേണം കേന്ദ്രം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്. ഈ തത്ത്വത്തിന്റെ നിരന്തര ലംഘനങ്ങളാണ് മോദി സര്‍ക്കാറില്‍ നിന്ന് കണ്ടുവരുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചണ്ഡീഗഢിനെ ഭരണഘടനയുടെ 240ാം അനുഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കം. അതോടെ ചണ്ഡീഗഢില്‍ രാഷ്ട്രപതിക്ക് നേരിട്ട് ചട്ടം രൂപവത്കരിക്കാനും ഭരണത്തില്‍ കേന്ദ്രത്തിന് കൂടുതല്‍ പിടിമുറുക്കാനുമാകും. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ല് ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്ന പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതി. ഇതിനെതിരെ പഞ്ചാബിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തു വന്നതോടെ ശീതകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
2016ലും ഇത്തരമൊരു നീക്കം നടത്തിയിരുന്നു മോദി സര്‍ക്കാര്‍. അന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ എന്‍ ഡി എയുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ അടക്കം എതിര്‍പ്പുമായി രംഗത്തു വന്നതോടെ കേന്ദ്രം പിന്തിരിയുകയായിരുന്നു. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഢ്. 1966ല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ നിലവില്‍ വരികയും അതിര്‍ത്തി പ്രദേശമായ ചണ്ഡീഗഢിനു മേല്‍ ഇരുസംസ്ഥാനങ്ങളും അവകാശവാദമുന്നയിക്കുയും ചെയ്ത പശ്ചാത്തലത്തിലാണ് സംയുക്ത തലസ്ഥാനമായി മാറ്റിയത്. ചരിത്രപരമായി വിലയിരുത്തുമ്പോള്‍ ഈ പ്രദേശം പഞ്ചാബിന് അവകാശപ്പെട്ടതാണ്. പ്രദേശം പഞ്ചാബിന്റെ ഭാഗമാക്കാന്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരികയുമാണ്. ഭരണഘടനയുടെ 240ാം അനുഛേദത്തിന്റെ പരിധിയില്‍ വരുന്നതോടെ പ്രദേശത്തിന്മേല്‍ പഞ്ചാബിന് ഒരവകാശവും ഇല്ലാതെയാകും.
കേന്ദ്രത്തിന് ഭരണഘടന ഉയര്‍ന്ന സ്ഥാനവും അധികാരവും നല്‍കിയതോടൊപ്പം ഭരണത്തില്‍ ഫെഡറല്‍ സ്വഭാവം പുലര്‍ത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി പല വിധിപ്രസ്താവങ്ങളിലും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ് ഫെഡറലിസമെന്ന് ഓര്‍മപ്പെടുത്തുകയുമുണ്ടായി. കേന്ദ്ര-സംസ്ഥാന സമവാക്യമാണ് ഫെഡറലിസം വിഭാവനം ചെയ്യുന്നത്. സംസ്ഥാനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണം. ചണ്ഡീഗഢ് പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് അകവകാശപ്പെട്ടതല്ലാത്ത, കേന്ദ്രത്തിന് കൂടി അധികാരമുള്ള പ്രദേശമാണെങ്കിലും അതിന്റെ രാഷ്ട്രീയ, വികാസ ചരിത്രം പഞ്ചാബിന്റെയും ഹരിയാനയുടെയും വികാരങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ഈ രണ്ട് സംസ്ഥാനങ്ങളുടെയും വികാരങ്ങളെ കൂടി മാനിച്ചായിരിക്കണം ചണ്ഡീഗഢിന്റെ നയപരമായ മാറ്റങ്ങള്‍ തീരുമാനിക്കേണ്ടത്. കേന്ദ്രം തങ്ങള്‍ക്ക് താത്പര്യമുള്ള മേഖലകളില്‍ സംസ്ഥാനത്തിന്റെ അവകാശങ്ങളെ അവഗണിച്ചു കയറുന്നത് അപകടകരമായ രാഷ്ട്രീയ നീക്കമാണ്. ചണ്ഡീഗഢിനെ 240ാം അനുഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് നിയമപരമായ അധികാരമുണ്ടെങ്കിലും അത് സുഖകരമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ അട്ടിമറിച്ചു കൊണ്ടാകരുത്.
പ്രമുഖ കേന്ദ്രങ്ങളുടെയും പ്രദേശങ്ങളുടെയും അധികാരം സംസ്ഥാനങ്ങളില്‍ നിന്ന് കവര്‍ന്നെടുക്കുന്ന, ഫെഡറല്‍ തത്ത്വങ്ങളെ കാറ്റില്‍ പറത്തുന്ന നിലപാടാണ് മോദിസര്‍ക്കാര്‍ ഇതപരന്ത്യം ചെയ്തു വരുന്നത്. അതാണ് ജമ്മു കശ്മീരില്‍ സംഭവിച്ചത്. കശ്മീരിന്റെ ചരിത്രപശ്ചാത്തലവും ആ പ്രദേശത്തെ ഇന്ത്യയോട് ചേര്‍ക്കുമ്പോള്‍ നല്‍കിയ ഉറപ്പും ലംഘിച്ചാണ് വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റിയത്. സംസ്ഥാന പദവി താമസിയാതെ തിരിച്ചു നല്‍കുമെന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമ്പോള്‍ കേന്ദ്രം വാഗ്ദത്തം ചെയ്തിരുന്നു. അത് പാലിച്ചില്ലെന്നു മാത്രമല്ല, കശ്മീരിന് മേല്‍ കൂടുതല്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയുമാണ് കേന്ദ്രം.
കേരളത്തിലെ പ്രസിദ്ധ ക്ഷേത്രവും തീര്‍ഥാടന കേന്ദ്രവുമായ ശബരിമലയിലും കേന്ദ്രത്തിന് കണ്ണുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. ശബരിമല കേന്ദ്രം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന നേതൃത്വം നടത്തുന്ന ക്യാമ്പയിനും ഒപ്പ് ശേഖരണവും അതിലേക്ക് വിരല്‍ ചൂണ്ടുന്നു. ശബരിമല കേന്ദ്രം ഏറ്റെടുക്കണമെന്ന പ്രമേയത്തില്‍ ഭക്തരുടെ പിന്തുണ ആര്‍ജിക്കാനായി ബി ജെ പി സംസ്ഥാന കേരള ഘടകം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗൃഹ സന്ദര്‍ശനവും ഒരു കോടി പേരുടെ ഒപ്പ് ശേഖരണവും നടത്തി കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള പദ്ധതി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനാണ് മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ദേവസ്വം ബോര്‍ഡ് ഇടപാടുകളെക്കുറിച്ച് സി എ ജി അന്വേഷണം നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. സ്വര്‍ണ മോഷണം പോലുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ശബരിമലയില്‍ നടന്ന സ്വര്‍ണമോഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തി വരികയും ഉത്തരവാദികളെ ഒന്നൊന്നായി പിടികൂടുകയും ചെയ്തു വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ധാരാളം തീര്‍ഥാടന കേന്ദ്രങ്ങളുണ്ട്. അത്തരം കേന്ദ്രങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാറുമുണ്ട്. ഇപ്പേരില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ആരും രംഗത്തുവരാറില്ല. കേരളത്തിന്റെ പ്രശ്നങ്ങളില്‍ അനാവശ്യമായി ഇടപെട്ട് പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായിരിക്കാമിതെന്ന് വിലയിരുത്തപ്പെടുന്നു. ജമ്മു കശ്മീരിന്റെയും ചണ്ഡീഗഢിന്റെയും തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍.



