Kerala
കേരളവര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം; എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് വിജയം
ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലില്‍ അവസാന നിമിഷത്തിലാണ് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനിരുദ്ധന്‍ ജയിച്ചത്.

തൃശൂര്‍| ശ്രീ കേരളവര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് വിജയം. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ വോട്ടെണ്ണലില്‍ അവസാന നിമിഷത്തിലാണ് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനിരുദ്ധന്‍ ജയിച്ചത്. കഴിഞ്ഞ ദിവസം ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളും, വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേര്‍ന്നാണ് വോട്ടെണ്ണല്‍ തീരുമാനിച്ചത്.
വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു കോടതിയെ സമീപിച്ചിരുന്നത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസ് എഫ് ഐയുടെ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കിയ കോടതി അസാധുവോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയത് അപകാതയുണ്ടെന്നും കണ്ടെത്തിയിരുന്നു.
വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്താനുള്ള സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. ട്രഷറി ലോക്കറില്‍ ആയിരുന്ന ബാലറ്റുകള്‍ കഴിഞ്ഞ ദിവസം കോളജിലെ സ്‌ട്രോങ്ങ് റൂമിലെ ലോക്കറിലേക്ക് മാറ്റിയിരുന്നു. രാവിലെ സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഇത് തുറന്ന് ചേംബറിലെത്തിച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി, എ.ഐ.എസ്.എഫ് സംഘടനകളുടെ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.