Connect with us

From the print

ഇറാനിലെ ചബഹാര്‍ തുറമുഖം നടത്തിപ്പ് ഇന്ത്യക്ക്

പത്ത് വര്‍ഷത്തെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും ഇറാനും. ഇറാനിലെ ചബഹാറില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളും ഇറാന്റെ റോഡ്, നഗര വികസന മന്ത്രി മെഹര്‍ദാദ് ബസര്‍പാഷും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐ പി ജി എല്‍) ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനും (പി എം ഒ) തമ്മിലാണ് കരാര്‍. ഇതോടെ പത്ത് വര്‍ഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്ക് ലഭിക്കും. ഇതാദ്യമായാണ് വിദേശത്ത് തുറമുഖത്തിന്റെ നടത്തിപ്പ് കരാറില്‍ ഇന്ത്യ ഒപ്പുവെക്കുന്നത്.

നയതന്ത്ര നീക്കം
ഇന്ത്യക്കും മധ്യേഷ്യക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചബഹാര്‍ തുറമുഖ വികസനത്തിനായുള്ള ദീര്‍ഘകാല കരാറില്‍ ഐ പി ജി എല്ലും പി എം ഒയും കരാര്‍ ഒപ്പുവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. കണക്ടിവിറ്റി സംരംഭങ്ങളില്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ചബഹാര്‍ തുറമുഖത്തെ പ്രാദേശിക കണക്റ്റിവിറ്റി ഹബ്ബാക്കി മാറ്റുന്നതിനുമുള്ള ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളിലെയും മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയും കരാറും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അഫ്ഗാനിസ്താനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായും വ്യാപാരത്തിനുള്ള കവാടമെന്ന നിലയില്‍ ചബഹാര്‍ പ്രധാനപ്പെട്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ സഹകരണത്തോടെ ഇറാന്‍ നിര്‍മിച്ചതാണ് ചബഹാര്‍ തുറമുഖം. 2018ലാണ് തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനം ആരംഭിച്ചത്. ആറ് ക്രെയിനുകള്‍ തുറമുഖത്തിനായി ഇന്ത്യ നല്‍കിയിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം കരാര്‍ പുതുക്കുമെന്നാണ് വിവരം. ഇറാനും ഇസ്‌റാഈലും തമ്മിലുള്ള അസ്വാരസ്യം തുടരുന്നതിനിടെയാണ് കരാറില്‍ ഒപ്പുവെച്ചത്. ഇറാന്റെ സൗഹൃദ രാജ്യങ്ങളായ പാകിസ്താനും ചൈനക്കും തിരിച്ചടി കൂടിയാണ് ഇറാനിലെ സുപ്രധാനമായ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യന്‍ കമ്പനിയുടെ കൈയില്‍ വരുന്നത്. പാകിസ്താനിലെ ഗ്വാദര്‍ തുറമുഖം വഴി ചരക്കുനീക്കത്തിന് ചൈന ശ്രമം നടത്തുന്നതിനിടെയാണ് ചബഹാര്‍ ഇന്ത്യക്ക് ലഭിക്കുന്നത്.

 

---- facebook comment plugin here -----

Latest