Connect with us

National

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡിയാണ് തിങ്കളാഴ്ച പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്

Published

|

Last Updated

ന്യൂഡൽഹി | പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ ഇപ്പോൾ ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡിയാണ് തിങ്കളാഴ്ച പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ദേശീയ മൃഗം കടുവയാണെന്നും പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എംപി ഭഗീരഥ് ചൗധരി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു റെഡ്ഡി. ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ‘ഗോമാത’യെ ദേശീയ മൃഗമായി സർക്കാർ അംഗീകരിക്കുമോ എന്നായിരുന്നു ചൗധരിയുടെ ചോദ്യം.

കടുവയെയും മയിലിനെയും ദേശീയ മൃഗമായും ദേശീയ പക്ഷിയായും ഇന്ത്യൻ സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് കിഷൻ റെഡ്ഡി മറുപടി നൽകി. 1972-ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്റെ ഷെഡ്യൂൾ-1-ൽ ഈ രണ്ട് ജീവികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കടുവയെയും മയിലിനെയും ദേശീയ മൃഗമായും ദേശീയ പക്ഷിയായും 2011 മെയ് 30 ന് മന്ത്രാലയം വീണ്ടും വിജ്ഞാപനം ചെയ്തു. ഇത് കണക്കിലെടുത്ത് നിലവിലുള്ള നിയമത്തിൽ ഒരു മാറ്റവും കൊണ്ടുവരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.