National
ചെങ്കോട്ട സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍
എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നതായും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു
ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശവിരുദ്ധ ശക്തികളാണ് കാര്‍ സ്‌ഫോടനം നടത്തിയതെന്നും രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്നും കേന്ദ്ര മന്ത്രിസഭ വ്യക്തമാക്കി.
എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നതായും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ആഴത്തിലുള്ള അന്വേഷണം നടക്കുമെന്നും അതിശക്തമായ അന്വേഷണത്തിന് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രിസഭാ അറിയിച്ചു. അതേസമയം, ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാര്‍ ഹരിയാനയില്‍ കണ്ടെത്തി. ഡല്‍ഹി രജിസ്‌ട്രേഷനുള്ള ചുവന്ന ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറാണ് പിടിച്ചെടുത്തത്. സ്‌ഫോടനം നടത്തിയവര്‍ രണ്ടുവാഹനങ്ങള്‍ വാങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജമാ മസ്ജിദിനും സമീപമാണു സ്‌ഫോടനമുണ്ടായത്. ലാല്‍ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന രജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടക്ക് മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 12 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

