Connect with us

National

യുക്രൈനില്‍ അടിയന്തര രക്ഷാദൗത്യത്തിന് പദ്ധതിയിട്ട് കേന്ദ്രം; പാസ്‌പോര്‍ട്ട് കൈയില്‍ കരുതാന്‍ നിര്‍ദേശം

പൗരന്‍മാരെ കരമാര്‍ഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യന്‍ എംബസി പദ്ധതി തയ്യാറാക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്‍മാരോട് അടിയന്തര രക്ഷാദൗത്യത്തിന് തയ്യാറെടുത്തിരിക്കാന്‍ ഇന്ത്യ. യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം ഊര്‍ജിതമാക്കി ഇന്ത്യ. യുക്രൈനില്‍ നിന്ന് വ്യോമമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ തടസപ്പെട്ട സാഹചര്യത്തില്‍ പൗരന്‍മാരെ കരമാര്‍ഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യന്‍ എംബസി പദ്ധതി തയ്യാറാക്കുന്നത്.ഇന്ത്യന്‍ പൗരന്‍മാര്‍ ഇതിനായി പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വരേണ്ടി വരും. എല്ലാ പൗരന്‍മാരും പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നും എംബസിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ യുക്രൈന്റെ അതിര്‍ത്തിമേഖലകളില്‍ റഷ്യന്‍ സൈനികവ്യൂഹങ്ങളുണ്ട്. പല നഗരങ്ങളിലും കനത്ത ആക്രമണമാണ് നടക്കുന്നത്. അതിനാല്‍ കിഴക്കില്‍ നിന്ന് പരമാവധി മാറി, പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് എത്താനാണ് വിദേശകാര്യമന്ത്രാലയവും എംബസിയും ആവശ്യപ്പെടാന്‍ സാധ്യതയന്നാണ് അറിയുന്നത്. റോഡ് മാര്‍ഗം അതിര്‍ത്തി കടന്ന് ഈ രാജ്യങ്ങളിലേക്ക് എത്തിച്ചാല്‍ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പൗരന്‍മാരെ കൊണ്ടുവരാം. യുക്രൈന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യക്ക് മികച്ച നയതന്ത്രബന്ധമുണ്ട്. അതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയം കണക്കുകൂട്ടുന്നത്.

 

Latest