Connect with us

V Sivankutty

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു കേന്ദ്രം തടസ്സപ്പെടുത്തുന്നു: മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒരിക്കല്‍ക്കൂടി വിഷയങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

എറണാകുളം | സംസ്ഥാനത്ത് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു കേന്ദ്രം തടസ്സപ്പെടുത്തുകയാണെന്നു മന്ത്രി വി ശിവന്‍കുട്ടി.

പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അര്‍ധസത്യങ്ങളാണ്. പറയുന്നതില്‍ പകുതിയും വസ്തുതക്കു നിരക്കാത്ത കാര്യങ്ങളാണ്.
കഴിഞ്ഞ നാലു മാസത്തേക്ക് കേന്ദ്രം 170.5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ് ഈ തുക നല്‍കുന്നില്ല. കേന്ദ്രം പണം നല്‍കിയില്ലെങ്കിലും ഉച്ച ഭക്ഷണ പരിപാടി നിര്‍ത്തില്ല. നേരത്തെ കേന്ദ്രം 132 കോടി തന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം നല്‍കിയിട്ടുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒരിക്കല്‍ക്കൂടി വിഷയങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി വിവാദത്തില്‍ കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്താലയം രംഗത്ത് വന്നിരുന്നു.
പി എം പോഷണ്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉള്‍പ്പെടെ സംസ്ഥാന നോഡല്‍ അക്കൗണ്ടിലേക്കു കൈമാറേണ്ടിയിരുന്നുവെന്നും എന്നാല്‍ ഇതുണ്ടായില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിച്ചത്.

 

ഈ സാഹചര്യത്തിലാണു തുടര്‍ന്നുള്ള ഫണ്ട് കൈമാറാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായതെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ഓഗസ്റ്റ് എട്ടിന് അറിയിച്ചിരുന്നുവെന്നുമാണു മന്ത്രാലയം വ്യക്തമാക്കിയത്.

കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്തതിനാലാണു കേരളത്തില്‍ പ്രതിസന്ധിയുണ്ടാക്കിയതെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു കേന്ദ്രം വിശദീകരണവുമായി രംഗത്തുവന്നത്.