National
സി ബി ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി നീട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സമിതിയില്‍ പുതിയ ഡയറക്ടറുടെ കാര്യത്തില്‍ സമവായമായിരുന്നില്ല

ന്യൂഡല്‍ഹി | പുതിയ മേധാവിയുടെ കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെ സി ബി ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി നീട്ടി. രണ്ട് വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിരമിക്കാനിരിക്കെയാണ് തീരുമാനം.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ആറ് മാസത്തില്‍ താഴെ സര്‍വീസ് കാലാവധിയുള്ളവര്‍ക്ക് സി ബി ഐ ഡയറക്ടറാവാനാവില്ല. തെരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷമില്ലാതെ പുതിയ ആളെ നിയമിക്കാനാവുമില്ല. അതിനിടെ ഇന്ത്യാ-പാക് ബന്ധം വഷളായതോടെ പ്രവീണ്‍ സൂദിന്റെ കാലാവധി നീട്ടുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സമിതിയില്‍ പുതിയ ഡയറക്ടറുടെ കാര്യത്തില്‍ സമവായമായിരുന്നില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനമാനത്തില്‍ എത്താന്‍ കഴിയാതായതോടെയാണ് സൂദിന് നിയമനം നീട്ടി നല്‍കിയത്.
1986 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ അദ്ദേഹം കര്‍ണാടക കേഡറില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് സിബി ഐ മേധാവിയായി എത്തിയത്. ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടതായിരുന്നു. 2023 മെയിലാണ് മുന്‍ കര്‍ണാടക ഡി ജി പിയായ പ്രവീണ്‍ സൂദ് സി ബി ഐ ഡയറക്ടറായത്. മൈസുരുവില്‍ എ എസ് പിയായാണ് അദ്ദേഹം കരിയര്‍ തുടങ്ങിയത്. ബെല്ലാരി, റായ്ച്ചൂര്‍ എസ്പിയായും ബെംഗളുരു ഡിസിപിയായും പ്രവര്‍ത്തിച്ചു. ഐ ഐ എമ്മില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദം നേടിയിട്ടുള്ള അദ്ദേഹം മൗറീഷ്യസില്‍ മൂന്ന് വര്‍ഷം ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.