Connect with us

From the print

മന്ത്രിക്കെതിരായ ജാതി വിവേചനം: എസ് സി- എസ് ടി കമ്മീഷന്‍ കേസെടുത്തു

മന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം യുക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.

Published

|

Last Updated

പയ്യന്നൂര്‍ | ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ ക്ഷേത്ര പൂജാരിമാര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാന എസ് സി- എസ് ടി കമ്മീഷനാണ് കേസെടുത്തത്. പയ്യന്നൂര്‍ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തില്‍ എട്ട് മാസം മുമ്പ് നടന്ന ചുറ്റുമതില്‍ സമര്‍പ്പണ ചടങ്ങില്‍ തനിക്കെതിരെ ജാതി വിവേചനമുണ്ടായതായി മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ജനുവരി 27നാണ് ക്ഷേത്ര ചടങ്ങുമായി ബന്ധപ്പെട്ട് നിലവിളക്ക് കൊളുത്തുന്നതിനിടെ ജാതി വിവേചനം നേരിട്ടതെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ആദ്യം ഭദ്രദീപം കൊളുത്തിയ തന്ത്രി വിളക്ക് മേല്‍ശാന്തിക്ക് കൈമാറി. മേല്‍ശാന്തി വിളക്ക് മന്ത്രിക്ക് കൈമാറുന്നതിന് പകരം നിലത്ത് വെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഭദ്രദീപം കൊളുത്താന്‍ മന്ത്രി തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ മന്ത്രി ജാതി വിവേചനത്തിനെതിരെ സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി രാധാകൃഷ്ണന്‍ ഈ സംഭവം സൂചിപ്പിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. അതേസമയം, സംഭവത്തോട് പ്രതികരിക്കാന്‍ ക്ഷേത്ര ഭരണ സമിതി തയ്യാറായില്ല.

ഞെട്ടല്‍ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | ജാതി വിവേചനം നേരിട്ടുവെന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കാര്യങ്ങളില്‍ തീര്‍ത്തും വ്യത്യസ്ത സമീപനം സ്വീകരിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ, രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വല്ലാതെ ഞെട്ടിപ്പിക്കുന്നതാണ്. കാരണം അദ്ദേഹം ദേവസ്വത്തിന്റെ ചുമതലയുള്ള മന്ത്രിയാണ്. മന്ത്രിയുമായി സംസാരിച്ച്, എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. പക്ഷേ, അദ്ദേഹം പറഞ്ഞതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. മന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ യുക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest