cartoonist sukumar
കാർട്ടൂണിസ്റ്റ് സുകുമാർ വിടവാങ്ങി
കേരള കാർട്ടൂൺ അക്കാദമിയുടെയും നർമകൈരളിയുടെയും സ്ഥാപകനാണ്.

കൊച്ചി | തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റ് സുകുമാർ (91) വിടവാങ്ങി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്.
കേരള കാർട്ടൂൺ അക്കാദമിയുടെയും നർമകൈരളിയുടെയും സ്ഥാപകനാണ്. കേരള കാർട്ടൂൺ അക്കാദമിയുടെ ചെയർമാനും സെക്രട്ടറിയുമായിരുന്നു. 1996-ൽ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ, നാടകം ഉൾപ്പെടെ 50ലേറെ പുസ്തകങ്ങൾ രചിച്ചു.
എസ് സുകുമാരൻ പോറ്റിയെന്നാണ് യഥാർഥനാമം. വീരളത്ത്മഠത്തിൽ സുബ്ബരായൻ പോറ്റിയുടെയും കൃഷ്ണമ്മാളിന്റേയും മകനായി 1932 ജൂലൈ ഒമ്പതിനാണ് ജനനം. 1957-ൽ പൊലീസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1987-ൽ വഴുതക്കാട് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് സി ഐ ഡി വിഭാഗത്തിൽ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായി വിരമിച്ചു. സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല.