Prathivaram
ശ്രദ്ധാപൂർവം പോഷണം വളർച്ചയുടെ ഓരോ ഘട്ടത്തിലും
സമീകൃതാഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാ പോഷണങ്ങളുമടങ്ങിയ ആഹാര രീതി പരിശീലിച്ചാൽ മാത്രമാണ് ആരോഗ്യകരമായ കൗമാരത്തിനു അടിത്തറ പാകാൻ സാധിക്കൂ. അന്നജം, മാംസ്യം, കൊഴുപ്പ് തുടങ്ങിയവയോടൊപ്പം, സൂക്ഷ്മ പോഷകങ്ങളായ ഇരുമ്പു സത്ത്, വിറ്റാമിൻ ബി, എ, ഡി, കാത്സ്യം എന്നിവയുടെ ഭക്ഷ്യ സ്രോതസ്സുകളും കൗമാരക്കാർക്ക് ലഭ്യമാക്കേണ്ടതാണ്.

ഈ വർഷത്തെ പോഷകാഹാര മാസാചരണത്തിൽ ഏറ്റവും ഊന്നൽ നൽകപ്പെടുന്ന ഒന്നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം. ഇന്നത്തെ കുട്ടി, നാളത്തെ ആരോഗ്യമുള്ള/ നാടിനു മുതൽക്കൂട്ടാകുന്ന ഒരു പൗരൻ ആകണമെങ്കിൽ, ആ കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുന്പുതന്നെ അവന്റെ/ അവളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കേണ്ടതാണ്. അതായത്, അമ്മയുടെ ആരോഗ്യവും ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നർഥം.
പോഷണം കൗമാരത്തിൽ
കൗമാര പ്രായം ലിംഗഭേദമെന്യേ ത്വരിതഗതിയിലുള്ള വളർച്ചയുടെ പ്രായമാണ്. ആൺകുട്ടികളെ അപേക്ഷിച്ചു പെൺകുട്ടികൾക്ക് ഈ പ്രായത്തിൽ അൽപ്പം കൂടി പ്രാധാന്യം നൽകുന്നതിന്റെ മുഖ്യ കാരണം, അവരിൽ പൊതുവെ കാണപ്പെടുന്ന അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ (ഉദാ: ഭക്ഷണം ഒഴിവാക്കുക, മെലിയാൻ ശ്രമിക്കുക, പരീക്ഷാക്കാലത്തും മറ്റു സമ്മർദങ്ങളുമുണ്ടാകുമ്പോൾ സംഭവിച്ചേക്കാവുന്ന അമിതാഹാരപ്രിയമോ ആഹാരത്തോടുള്ള വിരക്തിയോ തുടങ്ങിയവ) അഭിസംബോധന ചെയ്തു പ്രായോഗിക മാർഗ നിർദേശങ്ങളിലൂടെ ശരിയായ അവബോധം നൽകുന്നതിന് വേണ്ടിയാണ്. ഇരുമ്പുസത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന അനീമിയ അഥവാ വിളർച്ച എന്ന അവസ്ഥ, കൗമാരക്കാരായ പെൺകുട്ടികളിൽ കൂടുതലായും കണ്ടുവരുന്നു. അയൺ എന്ന ധാതു (Iron content) കൂടുതലായും ഉൾപ്പെടുന്ന മത്സ്യം, മാംസം, പയർ വർഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവയുടെയും ഇരുമ്പു സത്തിന്റെ ആഗിരണം ത്വരിതപ്പെടുത്തുന്ന ജീവകമായ വിറ്റമിൻ “സി’ അടങ്ങിയിരിക്കുന്ന പപ്പായ, നെല്ലിക്ക, ഓറഞ്ച്, മുസംബി, മുളപ്പിച്ച പയർ വർഗങ്ങൾ എന്നിവയുടെയും ഉപയോഗത്തിലെ കുറവ് വിളർച്ചക്കുള്ള ഒരു കാരണമാണ്. അതുകൂടാതെ, ചോക്ലേറ്റുകൾ, ശീതളപാനീയങ്ങൾ തുടങ്ങി പാക്കറ്റ്/ പ്രോസെസ്സഡ് ഭക്ഷണങ്ങളുടെ അധികമായുള്ള ഉപഭോഗവും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയാൻ മറ്റൊരു കാരണമാകുന്നു. അതിനാൽ, സമീകൃതാഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാ പോഷണങ്ങളുമടങ്ങിയ ആഹാര രീതി പരിശീലിച്ചാൽ മാത്രമാണ് ആരോഗ്യകരമായ കൗമാരത്തിനു അടിത്തറ പാകാൻ സാധിക്കൂ. അന്നജം, മാംസ്യം, കൊഴുപ്പ് തുടങ്ങിയവയോടൊപ്പം, സൂക്ഷ്മ പോഷകങ്ങളായ ഇരുമ്പു സത്ത്, വിറ്റാമിൻ ബി, എ, ഡി, കാത്സ്യം എന്നിവയുടെ ഭക്ഷ്യ സ്രോതസ്സുകളും കൗമാരക്കാർക്ക് ലഭ്യമാക്കേണ്ടതാണ്.
പോഷണം ഗർഭാവസ്ഥയിൽ
കൗമാര പ്രായത്തിൽ ലഭ്യമാകുന്ന ആരോഗ്യത്തിന്റെ അടിത്തറയിൽ നിന്നും യുവത്വത്തിലേക്ക് കടക്കുന്ന ഒരു പെൺകുട്ടി ഗർഭാവസ്ഥയിലേക്ക് പ്രവേശിക്കുമ്പോൾ ഉദരത്തിലുള്ള ശിശുവിന്റെ വളർച്ച ഈ അമ്മയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. മുകളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന എല്ലാ സൂക്ഷ്മ പോഷണങ്ങളുടെയും ഒരു “സ്റ്റോറേജ്’ അമ്മയിലുണ്ടെങ്കിൽ, കുഞ്ഞിന്റെ വളർച്ചയിൽ അതൊരു നാഴികക്കല്ലായിരിക്കും. അതോടൊപ്പം തന്നെ, ഗർഭാവസ്ഥയിലുള്ള അമ്മയുടെ ആഹാരക്രമം മാംസ്യസമ്പുഷ്ടവും പോഷകദായകവുമാകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഫോളിക് ആസിഡ് പോലുള്ള ബി വിറ്റാമിനുകൾ, ഇരുമ്പുസത്ത് എന്നിവ കുഞ്ഞിന്റെ മസ്തിഷ്ക/ നാഡീ വളർച്ചയിലും ബുദ്ധി വികാസത്തിലും ഏറെ പങ്ക് വഹിക്കുന്നു.
പോഷണം ശൈശവത്തിൽ
ആരോഗ്യത്തോടെ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും വീടിനും നാടിനും പുത്തൻ പ്രതീക്ഷയുമായാണ് ആഗതരാകുന്നത്. നമുക്ക് കിട്ടുന്ന ഈ ഓരോ കുഞ്ഞു നിധികളെയും ഉത്തമപൗരന്മാരാക്കി വളർത്തിയെടുക്കാൻ തുടക്കം മുതൽ തന്നെ ശ്രദ്ധിക്കണം. അമ്മിഞ്ഞപ്പാലിന്റെ മധുരം മാത്രമേ ആദ്യത്തെ ആറ് മാസക്കാലം നൽകാവൂ. അതിനു ശേഷം ആരംഭിക്കുന്ന ഖരാഹാരം സൂക്ഷ്മ പോഷകങ്ങളാൽ (ധാതുക്കൾ, ജീവകങ്ങൾ എന്നിവ) സമ്പുഷ്ടമായിരിക്കണം. പൊക്കവും തൂക്കവും വെക്കാൻ ആവശ്യമായ അന്നജം, മാംസ്യം, കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷ്യ സ്രോതസ്സുകൾ വേണ്ടത്ര അളവിൽ നൽകേണ്ടതാണ്.
ശൈശവം ബാല്യം കൗമാരം
ഒരു ശിശു മിടുക്കുള്ള/ ചുറുചുറുക്കുള്ള ബാലനോ ബാലികയോ ആയി വിദ്യാഭ്യാസ കാലഘട്ടത്തിലൂടെ കൗമാര പ്രായത്തിലേക്കും തുടർന്നുള്ള ജീവിത ചക്രത്തിലേക്കും പ്രവേശിക്കുന്നു. മനുഷ്യരാശിയുടെ ഈ “ലൈഫ് സൈക്കിൾ’ അവിരാമം തുടർന്നുകൊണ്ടിരിക്കുമ്പോൾ ഓരോ തലമുറയിലും പോഷകാഹാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട്, മാറ്റത്തിന്റെ വക്താക്കളാകാൻ, ആരോഗ്യ കേരളത്തിനായി നമുക്കൊരുമിച്ചു കൈ കോർക്കാം!