editorial
മധ്യപ്രദേശിലെ കാർബൈഡ് ഗൺ ദുരന്തം
ആഘോഷ വേളകളിൽ ഇത്തരം നിരോധിത ഉത്പന്നങ്ങൾ കണ്ടെത്താനുള്ള പരിശോധന കർശനമാക്കുകയാണ് പടക്കദുരന്തങ്ങൾ ഒഴിവാക്കാനുള്ള മാർഗം.നിരോധിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ബോധവത്കരണവും ആവശ്യമാണ്.
കണ്ണീരിൽ കുതിർന്ന് ഇത്തവണ മധ്യപ്രദേശുകാരുടെ ദീപാവലി. ആഘോഷത്തിന് മാറ്റുകൂട്ടാൻ കുട്ടികൾ ഉപയോഗിച്ച കാർബൈഡ് ഗൺ 14 പേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി. 30ഓളം പേർക്ക് കാഴ്ച നഷ്ടമായെന്നും റിപോർട്ടുണ്ട്. 130ഓളം കുട്ടികൾ കണ്ണിന് മാരകമായ പരുക്കേറ്റ് ഭോപാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ ആശുപത്രികളിൽ ചികിത്സയിലാണ്. സ്‌ഫോടനം മൂലം പല കുട്ടികളുടെയും റെറ്റിനക്കാണ് പരുക്കേറ്റത്. ഇവർക്ക് കാഴ്ച തിരിച്ചു കിട്ടുക പ്രയാസകരമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം.
കുട്ടികളെ ആകർഷിക്കാൻ ഓരോ വർഷവും ദീപാവലിക്ക് വ്യത്യസ്തമായ പടക്കങ്ങൾ വിപണിയിൽ ഇറങ്ങാറുണ്ട്. ഈ വർഷത്തെ സവിശേഷ ഉത്പന്നമാണ് കാർബൈഡ് ഗൺ. കാഴ്ചയിൽ കളിപ്പാട്ടം പോലെയെങ്കിലും ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുന്നതാണ് കാർബൈഡ് ഗൺ. പ്ലാസ്റ്റിക് പൈപ്പുകളിലോ ടിൻ പൈപ്പുകളിലോ കാത്സ്യം കാർബൈഡും വെടിമരുന്നും തീപ്പെട്ടി കമ്പുകളും നിറച്ചാണ് ഇതിന്റെ നിർമാണം. മിനിപീരങ്കി എന്ന പേരിലും ഇതറിയപ്പെടുന്നു. ഈ മിശ്രിതം കത്തുമ്പോൾ ശക്തമായ സ്‌ഫോടനമുണ്ടാകുകയും ലോഹശകലങ്ങളും കാർബൺ നീരാവിയും പുറത്തുവരികയും ചെയ്യും. ലോഹശകലങ്ങൾ കൃഷ്ണമണിയിൽ തറച്ചാണ് കുട്ടികളുടെ കണ്ണിന് പരുക്കേറ്റതും കാഴ്ച നഷ്ടമായതും. കാർബൺ നീരാവി കണ്ണിനേൽക്കുന്നതും അപകടകരമാണ്. കൃഷ്ണമണിക്ക് പരുക്കേറ്റ നിരവധി കുട്ടികളെ തങ്ങൾ ചികിത്സിച്ചു വരികയാണെന്നും പലരുടെയും കാഴ്ച തിരിച്ചുകിട്ടാൻ പ്രയാസമാണെന്നും ഹമീദിയ ഹോസ്പിറ്റലിലെ സി എം എച്ച് ഒ ഡോ. മനീഷ് ശർമ പറയുന്നു.
കാർബൈഡ് ഗൺ പടക്കത്തിന്റെ വിൽപ്പന നിരോധിച്ച് ഈ മാസം 18ന് മധ്യപ്രദേശ് സർക്കാർ ഉത്തരവിറക്കിയതാണ്. എങ്കിലും നിരോധനം അവഗണിച്ച് പ്രാദേശിക വിപണികളിൽ വൻതോതിൽ വിൽപ്പന നടന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് വ്യാപാരികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാപക വിൽപ്പന നടന്നിട്ടും ഉത്തരവാദപ്പെട്ടർ അറിയാതെ പോയതിൽ കടുത്ത വിമർശമുയർന്നിട്ടുണ്ട്.
ചരിത്രപരമായി ദീപാവലിയും പടക്കം പൊട്ടിക്കലും തമ്മിൽ ബന്ധമില്ല. തുലാമാസത്തിലെ അമാവസി ദിവസമാണ് ദീപാവലി ആഘോഷം. രാമൻ രാവണനെ പരാജയപ്പെടുത്തി അയോധ്യയിലേക്ക് മടങ്ങിയ ദിനം, കൃഷ്ണൻ നരകാസുരനെ വധിച്ച ദിനം, ലക്ഷ്മി ദേവിയുടെ പൂജാദിനം എന്നിങ്ങനെ ദീപാവലിയുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങൾ പലതുണ്ട്. ഇരുളിനെതിരെ പ്രകാശത്തിന്റെ ജയം നടന്ന ദിവസമായി വിശേഷിപ്പിക്കപ്പെടുന്ന ദീപാവലിയെ ദീപങ്ങൾ തെളിച്ച് ആഘോഷിക്കാനാണ് പുരാണങ്ങളിലെ നിർദേശം. ദീപങ്ങളുടെ ആവലി അഥവാ നീണ്ടനിരയെന്നാണ് ദീപാവലി എന്ന വാക്കിന്റെ അർഥം. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കാൻ തുടങ്ങിയത് പതിനേഴാം നൂറ്റാണ്ടിൽ ചൈനയിൽ ഉടലെടുത്ത വെടിമരുന്ന് സംസ്‌കാരത്തിന്റെ സ്വാധീനത്തോടെയാണ്. ആദ്യ കാലത്ത് രാജകീയ ഉത്സവങ്ങളിലും പ്രഭുക്കളുടെ ആഘോഷങ്ങളിലും മാത്രമേ പടക്കം ഉപയോഗിച്ചിരുന്നുള്ളൂ. പടക്ക നിർമാണം വൻവ്യവസായമായി മാറിയതോടെ വപണി വികസിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി സൃഷ്ടിച്ചെടുത്തതാണ് പടക്കം ദീപാവലി ആഘോഷത്തിന്റെ അനിവാര്യ ഘടമാണെന്ന വിശ്വാസം.
ആഘോഷങ്ങളോടനുബന്ധിച്ച പടക്കത്തിന്റെ ഉപയോഗം പലപ്പോഴും ദുരന്തങ്ങളായി മാറുന്നു. മധ്യപ്രദേശിലെ കഴിഞ്ഞ ദിവസത്തെ ദുരന്തം ഈ അപകട പരമ്പരയിലെ അവസാനത്തെ ഇനം മാത്രമാണ്. നേരത്തേ ഡൽഹി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നൂറുകണക്കിനാളുകൾക്കാണ് ദീപാവലി നാളത്തെ പടക്കംപൊട്ടിക്കലിൽ പരുക്കേറ്റത്. കണ്ണ്, കൈ, കാൽ തുടങ്ങിയ അവയങ്ങൾക്കാണ് കൂടുതലും പരുക്കേൽക്കുന്നത്. ഇതേത്തുടർന്ന് ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട് സുപ്രീം കോടതിയും ഹരിത ട്രൈബ്യുണലും വിവിധ സംസ്ഥാന സർക്കാറുകളും. പൊട്ടാഷ്യം നൈട്രേറ്റ്, ബാരിയം നൈട്രേറ്റ്, അലൂമിനിയം പൗഡർ, ഗൺപൗഡർ തുടങ്ങിയ അപകടകരമായ രാസപദാർഥങ്ങൾക്ക് പകരം പരിസ്ഥിതി സൗഹൃദ രാസക്കൂട്ടുകൾ ചേർത്ത് നിർമിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. ഇവക്ക് ശബ്ദവും വായുമലിനീകരണം പോലുള്ള ആരോഗ്യ-പരിസ്ഥിതി ദോഷങ്ങളും കുറവായിരിക്കും.
എങ്കിലും നിരോധന ഉത്തരവ് കാറ്റിൽപ്പറത്തി രാജ്യവ്യാപകമായി നടക്കുന്നുണ്ട് നിരോധിത പടക്ക വിൽപ്പന. ഡൽഹിയിലും ഉത്തർപ്രദേശിലെ മഥുരയിലും അടുത്തിടെ നടന്ന പരശോധനകളിൽ വൻതോതിൽ അനധികൃത പടക്കങ്ങൾ കണ്ടെത്തിയിരുന്നു. ഡൽഹിയിൽ രണ്ട് വ്യാപാരികളിൽ നിന്നായി 1,645 കിലോ അനധികൃത പടക്കമാണ് പിടികൂടിയത്. മഥുരയിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത പടക്കങ്ങൾ പിടികൂടി. ചൈനയിൽ നിന്നാണ് നിരോധിത പടക്കങ്ങൾ രാജ്യത്ത് കൂടുതലായി എത്തുന്നത്. ജൂലൈയിൽ നവഷേവ തുറമുഖത്തും മുന്ദ്രതുറമുഖത്തും ഡി ആർ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 35 കോടി രൂപ വിലമതിക്കുന്ന നിരോധിത ചൈനീസ് പടക്കങ്ങൾ പിടിച്ചെടുത്തിരുന്നു. റെഡ് ലെഡ്, കോപ്പർ ഓക്‌സൈഡ്, ലിഥിയം തുടങ്ങി പൊതുജനസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന രാസപദാർഥങ്ങൾ അടങ്ങിയവയാണ് ഈ പടക്കങ്ങൾ.
ആഘോഷ വേളകളിൽ ഇത്തരം നിരോധിത ഉത്പന്നങ്ങൾ കണ്ടെത്താനുള്ളപരിശോധന കർശനമാക്കുകയാണ് പടക്കദുരന്തങ്ങൾ ഒഴിവാക്കാനുള്ള മാർഗം.നിരോധിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് ബോധവത്കരണവും ആവശ്യമാണ്. കർശന നിയന്ത്രണമില്ലെങ്കിൽ മധ്യപ്രദേശിലേതു പോലെ ആഘോഷങ്ങൾ ദുരന്തങ്ങൾക്കു വഴിമാറും.




