Kerala
ഭൂട്ടാനില്‍ നിന്നുള്ള കാര്‍ കള്ളക്കടത്ത്; തട്ടിപ്പില്‍ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും
എംബസികളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊച്ചി|ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പില്‍ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. തട്ടിപ്പില്‍ വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ജി എസ് ടി വെട്ടിപ്പ് കേന്ദ്ര ജി എസ് ടി വിഭാഗം അന്വേഷിക്കും. എംബസികളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാജ രേഖകള്‍ ഉണ്ടാക്കിയത് സംസ്ഥാന പോലീസിന് അന്വേഷിക്കാം. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ളവ റദ്ദാക്കാന്‍ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും.
ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് 35 സ്ഥലങ്ങളില്‍ കസ്റ്റംസ് പരിശോധന നടത്തിയതായി കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി ടിജു വ്യക്തമാക്കിയിരുന്നു. പരിശോധനയില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ഭൂട്ടാനില്‍ നിന്നുള്ള ഇരുനൂറിലേറെ വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നും കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ആര്‍മിയുടെ രേഖകള്‍ വ്യാജമായുണ്ടാക്കിയാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ എംബസി, അമേരിക്കന്‍ എംബസി എന്നിവയുടെയും കൃത്രിമ രേഖകള്‍ ഉണ്ടാക്കി. ആറുമാസത്തോളം കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വെളിവായതെന്നും അദ്ദേഹം പറഞ്ഞു.
നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ തുടങ്ങിയ മൂന്ന് നടന്മാരുടെ വീട്ടില്‍ പരിശോധന നടത്തി. ദുല്‍ഖറിന്റെ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ കാറുകളുടെ രേഖകള്‍ വിശദമായി പരിശോധിക്കും. നടന്മാരെ വിളിച്ചുവരുത്തുമെന്നും സമന്‍സ് നല്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമിത് ചക്കാലക്കലിന്റെ വീട്ടില്‍ നിന്ന് ഒരു കാറാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇതും പരിശോധനയില്‍ ഉള്‍പ്പെടുത്തും.
വിലകൂടിയ വാഹനങ്ങള്‍ ആദ്യം ഭൂട്ടാനില്‍ എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്ക് പാര്‍ട്സ് ആയി വാഹനങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. കസ്റ്റഡിയില്‍ എടുത്ത വാഹനങ്ങള്‍ക്ക് രേഖകള്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ കള്ളക്കടത്ത് നടത്തിയ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. കൃത്യമായ രേഖകളോടെയല്ല വാഹനങ്ങള്‍ വാങ്ങിയതെങ്കില്‍ കസ്റ്റംസ് നിയമം അനുസരിച്ച് നടപടികള്‍ നേരിടേണ്ടി വരും.
ഭൂട്ടാനിലെ നിന്നുള്ള കാര്‍ കടത്ത് റാക്കറ്റിന് പിന്നില്‍ കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാണ്. പ്രഥമദൃഷ്ട്യാ പ്രശ്നമുണ്ട് എന്ന് ബോധ്യപ്പെട്ട വണ്ടികളാണ് ഇന്ന് പിടിച്ചെടുത്തത്.ഭൂട്ടാന്‍ പട്ടാളത്തിന്റെ വാഹങ്ങളാണോ കേരളത്തിലേക്ക് കൊണ്ട് വന്നത് എന്നതില്‍ നിലവില്‍ വ്യക്തതയില്ല.എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് വാഹനങ്ങള്‍ കൊണ്ടുവന്നതെങ്കില്‍ അറസ്റ്റിലേക്ക് വരെ പോകേണ്ടി വരും. വിവരങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറുമെന്നും കസ്റ്റംസ് കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു .
ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തി വഴി എത്തിക്കുന്ന വാഹനങ്ങളില്‍ സ്വര്‍ണ്ണവും മയക്കുമരുന്നുകളും കടത്തുന്നതായി റവന്യൂ ഇന്റലിഓജന്‍സും മറ്റ് ഏജന്‍സികളും കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ഇത് ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ് ഇത്തരം നീക്കങ്ങള്‍. ഇങ്ങനെ എത്തിക്കുന്ന വാഹനങ്ങളെല്ലാം പലരും വാങ്ങിയിരിക്കുന്നതും വിറ്റിരിക്കുന്നതും നിയമവിരുദ്ധമായാണ്. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ട് വന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പലതിനും ഇന്‍ഷ്വറന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലെന്നും കസ്റ്റംസ് കമ്മീഷ്ണര്‍ ഡോ. ടി ടിജു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.