gaza attack two years
ഉറപ്പു തരാമോ രക്തമൊഴുകില്ലെന്ന്
ആഗോള വിമർശങ്ങൾക്കിടയിലും ഇസ്‌റാഈൽ ആക്രമണങ്ങൾ തുടരുമെന്ന് തന്നെയാണ് ഭൂരിപക്ഷ അഭിപ്രായം.

പ്രതിദിനം നൂറോളം ഫലസ്തീനികളെ നിർബാധം കൊന്നൊടുക്കുന്ന ഇസ്‌റാഈൽ ക്രൂരത അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സമാധാന കരാറിൽ ഹമാസിന് മാത്രമല്ല, രാഷ്ട്രീയ നിരീക്ഷകർക്കും സംശയങ്ങൾ ബാക്കിയാണ്. കരാർ നിലവിൽ വന്നാലും ഗസ്സയിൽ ഇസ്‌റാഈൽ ആക്രമണങ്ങൾ തുടരില്ലെന്ന് എന്തുറപ്പുണ്ടെന്നാണ് ചോദ്യങ്ങൾ. കഴിഞ്ഞ വർഷം ലബനാനിൽ ഹിസ്ബുല്ലയും ഇസ്‌റാഈലും തമ്മിൽ ഒപ്പുവെച്ച സമാധാന കരാറിന് ശേഷവും തെക്കൻ ലബനാനിൽ ഇസ്‌റാഈൽ നിരന്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്. കൂടാതെ ഫലസ്തീന്റെ ഭാഗമായ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും പൗരന്മാർക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തുകയാണ്. ആഗോള വിമർശങ്ങൾക്കിടയിലും ഇസ്‌റാഈൽ ആക്രമണങ്ങൾ തുടരുമെന്ന് തന്നെയാണ് ഭൂരിപക്ഷ അഭിപ്രായം.
ചെവിക്കൊള്ളാതെ ഇടപെടൽ
ഐക്യരാഷ്ട്ര സഭ തന്നെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും കുലുക്കമില്ലാതെയാണ് ഇസ്‌റാഈൽ നടപടി. വംശഹത്യക്കെതിരായ 1948ലെ യു എൻ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണ് അവർ നടത്തുന്നത്. നിരവധി അംഗരാജ്യങ്ങൾ ഒപ്പുവെച്ച 1998ലെ റോം ചട്ടവും ലംഘിച്ചിട്ടുണ്ട്. വംശഹത്യയോ അതിക്രമങ്ങളോ നേരിടുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ അംഗരാജ്യങ്ങൾക്ക് നിയമപരമായ ബാധ്യത നൽകുന്ന ചട്ടങ്ങളാണിവ.
ഹൂതികൾ മാത്രം
ഗസ്സാ അതിക്രമത്തിനെതിരെ നിലവിൽ യമനിലെ ഹൂതികൾ മാത്രമാണ് പുറത്തുനിന്ന് ഇസ്‌റാഈലിന് തിരിച്ചടി നൽകുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് ഇസ്‌റാഈൽ സൈനിക താവളങ്ങളും ചെങ്കടലിലും അറബിക്കടലിലും ഗൾഫ് ഓഫ് അദനിലും ഇസ്‌റാഈൽ ബന്ധമുള്ള കപ്പലുകൾ തടഞ്ഞും ഹൂതികൾ അന്താരാഷ്ട്ര ബാധ്യത പരിമിതിക്കുള്ളിൽ നിറവേറ്റുന്നുണ്ട്.
വഴികളുണ്ട്
1950ൽ സോവിയറ്റ് യൂനിയന്റെ പിന്തുണയോടെ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിച്ചിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഐക്യപ്രമേയം പാസ്സായി. കൊറിയൻ സംഘർഷത്തിൽ ഇടപെടാൻ ഐക്യരാഷ്ട്രസഭക്ക് നിയമപരമായ അവകാശം ലഭിച്ചു. ദക്ഷിണ കൊറിയയുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും ശാശ്വത സമാധാനം നടപ്പായില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കാനുമായി.
75 വർഷങ്ങൾക്ക് ഇപ്പുറവും ഇതേ മാതൃക തന്നെ ഗസ്സയിലും സ്വീകരിക്കാൻ കഴിയും. വേണമെങ്കിൽ ഗസ്സയിലേക്ക് സായുധ സൈന്യത്തെ അയക്കാൻ ഐക്യരാഷ്ട്രസഭക്ക് സാധിക്കും. നിരന്തരം യു എൻ ചാർട്ടറുകൾ ലംഘിക്കുന്ന അംഗ രാജ്യങ്ങളെ ആർട്ടിക്കിൾ ആറ് പ്രകാരം പുറത്താക്കാനും സാധിക്കും. എന്നാൽ ഇതിന് സുരക്ഷാ കൗൺസിലിന്റെ അനുമതി ആവശ്യമാണ്. റഷ്യയും ചൈനയും ഇസ്‌റാഈലിനെതിരെ വോട്ട് ചെയ്താൽ പോലും അമേരിക്ക വീറ്റോ ചെയ്യുമെന്നും ഉറപ്പായതിനാൽ, ഇസ്‌റാഈലിനെ യു എന്നിൽ നിന്ന് പുറത്താക്കുകയെന്നത് പ്രായോഗികമല്ല. 1970ൽ ദക്ഷിണാഫ്രിക്കയെ യു എന്നിൽ നിന്ന് പുറത്താക്കാൻ ശ്രമം നടന്നപ്പോൾ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നിവർ വീറ്റോ ചെയ്തിരുന്നു.