Connect with us

qatar world cup and the west

പുറത്തുകടക്കാനായില്ലേ ഈ വംശവെറിയില്‍ നിന്ന്?

ഖത്വറിനെതിരെ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ നടത്തുന്ന വംശീയവെറി പക്ഷേ, ലോകകപ്പ് ആരംഭിച്ച ശേഷമുണ്ടായതല്ല എന്നതാണ് വസ്തുത. 2022ലെ വേള്‍ഡ് കപ്പ് ഖത്വറിലാണെന്ന പ്രഖ്യാപനം വന്നത് മുതല്‍ വിവിധ ന്യൂസ്‌റൂമുകളിലും ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകളിലും സംഘടിതമായ നീക്കങ്ങള്‍ നടന്നിട്ടുണ്ട്.

Published

|

Last Updated

2014ല്‍ ബ്രസീലില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് റിപോര്‍ട്ട് ചെയ്യാനെത്തിയ ദി ഗാര്‍ഡിയന്‍ ചീഫ് സ്‌പോര്‍ട്‌സ് റിപോര്‍ട്ടര്‍ ബര്‍ണേ റോണ രസകരമായ ഒരനുഭവം കഴിഞ്ഞ ദിവസം പങ്കുവെക്കുകയുണ്ടായി. മുപ്പത് ദിവസത്തെ കവറേജിനായി ബ്രസീലിലെ വിവിധ നഗരങ്ങളിലേക്ക് എത്തിപ്പെടാന്‍ തനിക്ക് പതിനേഴ് ഫ്‌ളൈറ്റുകള്‍ പിടിക്കേണ്ടി വന്നുവെന്നും ലഗേജ് പാക്ക് ചെയ്യാന്‍ പോലും സാവകാശമുണ്ടായിരുന്നില്ലെന്നുമാണ് അദ്ദേഹം ദി ഗാര്‍ഡിയനില്‍ കഴിഞ്ഞ ദിവസം എഴുതിയത്. ഫോക്‌സ് സ്‌പോര്‍ട്‌സിന് വേണ്ടി ഓരോ കളിയും കൃത്യമായി കവര്‍ ചെയ്യുന്ന സോക്കര്‍ അനൗണ്‍സര്‍ ജോണ്‍ സ്‌ട്രോംഗ് വെളിപ്പെടുത്തുന്നതും സമാനമായ കാര്യമാണ്. “റഷ്യയില്‍ വേള്‍ഡ് കപ്പ് നടന്ന സമയത്ത് തൊട്ടടുത്ത ദിവസത്തെ മത്സരം റിപോര്‍ട്ട് ചെയ്യാന്‍ വെളുപ്പിന് രണ്ട് മണിക്ക് പോലും ഞങ്ങള്‍ യാത്രയിലായിരുന്നു. സൈബീരിയന്‍ എയര്‍വേയ്‌സില്‍ സില്‍വര്‍ സ്റ്റാറ്റസ് ഉണ്ടായിരുന്നത് കൊണ്ട് ഒരു വിധം ശ്വാസംവലിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രം.’ (വാനിറ്റി ഫെയര്‍, 2022 നവംബര്‍ 21).

ഞായറാഴ്ച ഖത്വറില്‍ ആരംഭിച്ച ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പക്ഷേ അത്തരം ബുദ്ധിമുട്ടുകള്‍ ഒന്നുമേയില്ല. വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഖത്വറിലെത്താനും തിരിച്ചുപോകാനും രണ്ട് വിമാന യാത്രകള്‍ മതിയാകും. മത്സരങ്ങള്‍ നടക്കുന്ന എട്ട് സ്‌റ്റേഡിയങ്ങള്‍ കേവലം 35 കിലോമീറ്ററിനുള്ളില്‍ തന്നെ ഖത്വര്‍ സംവിധാനിച്ചിട്ടുണ്ട്. ഈ രൂപത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ജീവിതം ഏറെ എളുപ്പമാക്കാനും മറ്റെവിടെയും ലഭിക്കാത്ത സംവിധാനങ്ങളൊരുക്കാനും ഖത്വറിന് സാധിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ കംഫര്‍ട്ട് ആക്കുക എന്നത് ചെറിയ കാര്യമല്ല. ബ്രിട്ടനിലെ ഏറ്റവും ജനകീയ ചാനലായ ഐ ടി വിക്ക് വേണ്ടി റിപോര്‍ട്ട് ചെയ്യാനെത്തിയ ജോണ്‍ ചാംപ്യന്‍ പറയുന്നു. “1990ലെ ഇറ്റലി വേള്‍ഡ് കപ്പ് മുതല്‍ ഞാന്‍ സജീവമായി ഫുട്‌ബോള്‍ കവര്‍ ചെയ്യുന്നുണ്ട്. ഇതുപോലെ ഹൃദ്യമായ അനുഭവം എനിക്കുണ്ടായിട്ടില്ല. ഖത്വറില്‍ പരമാവധി ഞാന്‍ യാത്ര ചെയ്യേണ്ടത് 40 മിനുട്ടാണ്.’

മുന്‍ ലേകകപ്പ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി റിപോര്‍ട്ട് ചെയ്യാനും മികച്ച വാര്‍ത്തകള്‍ തയ്യാറാക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സമയം ഇത്തവണ ലഭിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമായ വസ്തുതയാണ്. 2022ലെ വേള്‍ഡ് കപ്പ് തങ്ങളുടെ രാജ്യത്ത് നടക്കുമെന്ന് ഫിഫ 2010ല്‍ പ്രഖ്യാപിച്ചത് മുതല്‍ ആതിഥേയത്വം ഗംഭീരമാക്കാനുള്ള യത്‌നങ്ങള്‍ ഖത്വര്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ലോകകപ്പ് സന്നാഹങ്ങള്‍ ഒരുക്കുന്നതിന് മാത്രം 220 ബില്യന്‍ ഡോളറാണ് ഖത്വര്‍ ചെലവഴിച്ചത്. ഇതില്‍ ഈ വര്‍ഷം ലോകകപ്പ് റിപോര്‍ട്ട് ചെയ്യാനെത്തിയ 12,000 ജേണലിസ്റ്റുകള്‍ക്ക് വേണ്ടി മാത്രം ചെലവഴിക്കുന്നത് 42.5 കോടി ഡോളറാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരമാവധി സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുക എന്നതാണ് ഖത്വര്‍ സര്‍ക്കാറിന്റെ നയം. മാധ്യമ സ്ഥാപനങ്ങള്‍ക്കും റിപോര്‍ട്ടര്‍മാര്‍ക്കും ഇത്രമേല്‍ സൗകര്യങ്ങള്‍ ആതിഥേയര്‍ ഒരുക്കുമ്പോഴും ഖത്വറിനെക്കുറിച്ചും രാഷ്ട്രത്തിന്റെ സംഘാടനത്തെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വളരെ നെഗറ്റീവായ കവറേജുകളാണ് പാശ്ചാത്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത് എന്നത് ഏറെ ഖേദകരമാണ്. ഇസ്‌ലാമിനോട് പൊതുവെയും ഖത്വറിനോട് സവിശേഷമായും യൂറോപ്പിനുള്ള വംശീയമായ ചില പ്രശ്‌നങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഇതിനകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

ഖത്വറിനെതിരെ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ നടത്തുന്ന വംശീയവെറി പക്ഷേ, ലോകകപ്പ് ആരംഭിച്ച ശേഷമുണ്ടായതല്ല എന്നതാണ് വസ്തുത. 2022ലെ വേള്‍ഡ് കപ്പ് ഖത്വറിലാണെന്ന പ്രഖ്യാപനം വന്നത് മുതല്‍ വിവിധ ന്യൂസ്‌റൂമുകളിലും ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലുകളിലും സംഘടിതമായ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. Six Reasons Why the World Cup Should Be Taken Away from Qatar എന്ന തലക്കെട്ടില്‍ നിക്ക് മില്ലര്‍ തയ്യാറാക്കിയ പ്രമാദമായ ഗവേഷണപഠനം ബ്ലീച്ച് റിപോര്‍ട്ട് പുറത്തുവിട്ടത് 2014ലാണ്. എന്തുകൊണ്ട് 2022 വേള്‍ഡ് കപ്പ് ആതിഥേയത്വം ഖത്വറില്‍ നിന്ന് എടുത്തുമാറ്റണമെന്ന് വിശദമാക്കുന്ന ഈ റിപോര്‍ട്ടാണ് പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ ശേഷം വന്ന ഖത്വര്‍ വിമര്‍ശനങ്ങള്‍ക്ക് വഴിമരുന്നിട്ടത്. മാധ്യമങ്ങളുടെ ഈ വിമര്‍ശനങ്ങള്‍ അതിന്റെ പാരമ്യതയില്‍ എത്തിയത് 2021 ഫെബ്രുവരി 23ന് ദി ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ടോടെയായിരുന്നു. ഏറെ തെറ്റിദ്ധാരണ പരത്തിയ പ്രസ്തുത വാര്‍ത്തയില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി ഖത്വറില്‍ പണിയെടുത്ത കുടിയേറ്റ ജോലിക്കാരില്‍ 6,500 പേര്‍ മരണപ്പെട്ടുവെന്ന സ്‌തോഭജനകമായ ഉള്ളടക്കമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഓരോ ആഴ്ചയിലും ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 12 കുടിയേറ്റ ജോലിക്കാര്‍ മരണപ്പെട്ടുവെന്നായിരുന്നു ദി ഗാര്‍ഡിയന്റെ കണ്ടെത്തല്‍. ഇതോടെ പുറം രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ സുരക്ഷിതത്വം പ്രധാന അജന്‍ഡയാക്കി വിവിധ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പ്രധാനമായും അമേരിക്കയിലെ ജനകീയ ന്യൂസ് ചാനലുകളായ ഫോക്‌സ്, സി എന്‍ എന്‍, എം എസ് എന്‍ ബി സി എന്നിവയും ബ്രിട്ടനില്‍ നിന്നുള്ള ഐ ടി വി, ടു ചാനല്‍, ബി ബി സി എന്നിവയും ഇക്കാര്യത്തില്‍ മത്സരിച്ച് റിപോര്‍ട്ട് ചെയ്യുകയുണ്ടായി. ഒപ്പം അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ന്യൂയോര്‍ക്ക് ടൈംസ്, ദി വാള്‍സ്ട്രീറ്റ് ജേണല്‍, ദി ഇന്റിപെന്‍ഡന്റ്, ദി ഗാര്‍ഡിയന്‍ എന്നീ പത്രങ്ങളും ഖത്വര്‍വിരുദ്ധ മാധ്യമ നീക്കങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചു. ഒപ്പം, വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യൂറോ ന്യൂസ്, പോളിറ്റിക്കോ യൂറോപ്പ്, ദി ലോക്കല്‍ സ്‌പെയിന്‍, ഇ യു റിപോര്‍ട്ടര്‍ തുടങ്ങിയ ന്യൂസ് പോര്‍ട്ടലുകളും ഈ വംശീയവെറിക്ക് ശക്തമായ പിന്തുണ നല്‍കി. പ്രധാനമായും മനുഷ്യാവകാശം, അഴിമതി, കാലാവസ്ഥ, വ്യക്തി സ്വാതന്ത്ര്യം, കുടിയേറ്റ നിയമം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ കേന്ദ്രീകരിച്ചായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍. ഖത്വര്‍ ഫുട്‌ബോള്‍ താരങ്ങളെ ആയുധങ്ങളും ബെല്‍റ്റ് ബോംബുകളുമായി നില്‍ക്കുന്ന ഭീകരവാദികളായി ചിത്രീകരിച്ച ഫ്രഞ്ച് ദിനപത്രം ലേ കനാഡ് എന്‍ജൈന്‍ ആണ് ഈ നിരയില്‍ ഏറ്റവും ഒടുവിലത്തേത് എന്ന് പറയാം.

അറബ് രാഷ്ട്രങ്ങളെയും ഇസ്‌ലാമിക സംസ്‌കാരത്തെയും ലക്ഷ്യമിട്ട ഈ ആക്രമണത്തില്‍ പക്ഷേ, അചഞ്ചലരായി നില്‍ക്കുന്ന ഖത്വറിനെയാണ് ലോകം പിന്നീട് കണ്ടത്. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വെച്ച മുഴുവന്‍ വിമര്‍ശനങ്ങളെയും അതാത് സമയത്ത് തന്നെ കൃത്യമായി അഭിമുഖീകരിക്കാനും മറുപടി പറയാനും വാര്‍ത്തകളിലെ വസ്തുതാപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഖത്വറിന് സാധിച്ചു. എന്നുമാത്രമല്ല, തങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും ഖത്വറിന്റെ തനതായ സാംസ്‌കാരിക സ്വഭാവത്തില്‍ തന്നെ സംഘാടനം മുന്നോട്ടുകൊണ്ടുപോകാനും ഭരണ നേതൃത്വത്തിന് കഴിഞ്ഞു. ഈ പ്രതിരോധത്തിന് പിന്തുണ നല്‍കിയാണ് കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോക്ക് മാധ്യമങ്ങളോട് തുറന്നടിക്കേണ്ടി വന്നത്. ഖത്വറിനെ ധാര്‍മികത പഠിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതി കാപട്യമാണെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ ഏകപക്ഷീയമായി വാര്‍ത്തകള്‍ മെനയുകയാണെന്നും പറഞ്ഞ അദ്ദേഹം കഴിഞ്ഞ 3,000 വര്‍ഷങ്ങളില്‍ യൂറോപ്യന്മാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പിരന്നിട്ട് വേണം മറ്റുള്ളവരെ ധാര്‍മികത പഠിപ്പിക്കാനെന്ന് കൂടി ഓര്‍മപ്പെടുത്തുകയുണ്ടായി. ചില രാഷ്ട്രീയ നയങ്ങള്‍ തിരുത്തിയെങ്കിലും യൂറോപ്യന്‍ മാധ്യമങ്ങളുടെ നിരന്തരമായ ആക്രമണം പേടിച്ച് മാറാനോ അത്തരം വിമര്‍ശനങ്ങള്‍ പാടേ അവഗണിക്കാനോ പോകാതെ, ഖത്വറിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ തുറന്നുകാണിക്കാന്‍ ഈ രാഷ്ട്രത്തിന് സാധിച്ചുവെന്നത് കൈയടിക്കേണ്ട മുന്നേറ്റമാണ്. ഉദ്ഘാടന വേദിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് ഖത്വര്‍ കാണിച്ച ഔചിത്യബോധവും ധൈര്യവും ഏറെ ശ്രദ്ധേയമാണ്. ഒപ്പം, ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വമാനവികതയുടെയും സന്ദേശങ്ങള്‍ കൈമാറി ഖത്വറിന്റെ സാംസ്‌കാരികത്തനിമയും ചരിത്രവും സാംസ്‌കാരിക മൂല്യങ്ങളും പേരും പെരുമയും പ്രകടമാക്കി അമേരിക്കന്‍ ചലച്ചിത്ര നടന്‍ മോര്‍ഗന്‍ ഫ്രീമാനും നട്ടെല്ലിന്റെ വളര്‍ച്ചയില്ലാതെ കോഡല്‍ റിഗ്രേഷന്‍ സിന്‍ഡ്രോം ബാധിച്ച ഗാനിം അല്‍ മുഫ്താഹും ഹൃദ്യമായി ലോകത്തിന് നല്‍കിയ സന്ദേശം ലോകജനതക്ക് സ്‌നേഹവിരുന്നായി മാറി. ലോകകപ്പ് ഉദ്ഘാടന വേദിയിലെ വിശ്വമാനവികതയുടെ ഈ മനോഹരമായ ദൃശ്യങ്ങള്‍ അതേ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്യേണ്ടി വന്ന യൂറോപ്യന്‍ മാധ്യമങ്ങളുടെ സ്വത്വപ്രതിസന്ധിയാണ് ഏറെ രസകരം.