Kerala
ഉപതിരഞ്ഞെടുപ്പ്: കേരളത്തില്‍ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി; സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും: കെ സി വേണുഗോപാല്‍
കേരളത്തില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പമൊന്നുമില്ല.
ന്യൂഡല്‍ഹി | കേരളത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് പൂര്‍ത്തിയായി.വയനാട്,ചേലക്കര,പാലക്കാട് മൂന്നിടത്തും യുഡിഎഫ് വിജയിക്കും. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമാണ്. എഐസിസി ഭാരവാഹികളും കെപിസിസി അംഗങ്ങളും തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മൂന്നിടത്തും കഴിഞ്ഞ മൂന്നുമാസക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പമൊന്നുമില്ല. നടപടിക്രമങ്ങള്‍ പാലിച്ച് ഉടന്‍ തന്നെ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു
മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്.എണ്‍പത് ശതമാനത്തോളം സീറ്റുകളില്‍ തീരുമാനമായിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട സ്‌ക്രീനിംഗ് കമ്മിറ്റി ചര്‍ച്ചകള്‍ രണ്ടുദിവസത്തിനകം ആരംഭിക്കും. അടുത്ത ദിവസത്തോടെ ശേഷിക്കുന്ന സീറ്റുകളിലും ധാരണയാകും. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യവും ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യവും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. തികഞ്ഞ വിജയപ്രതീക്ഷയാണ്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമാണ്. കഴിഞ്ഞ 8 വര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ജീര്‍ണ്ണതയുടെ ഉദാഹരണമാണ് ഇത്. അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണ് കേരളത്തിലെ സിപിഎമ്മിന്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് സിപിഎമ്മിന്റെ ശൈലിയാണ്. അഴിമതിക്കെതിരായ പോരാട്ടമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പറയുന്നത്. സര്‍ക്കാരും പോലീസ് സംവിധാനവും എല്ലാം എല്‍ഡിഎഫിന്റെതല്ലെ? പരാതികള്‍ നിയമപരമായി അന്വേഷിക്കുന്നതിന് പകരം പൊതുവേദിയില്‍ പരസ്യമായി ഒരു ഉദ്യോഗസ്ഥനെ അപമാനിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ല.എല്‍ഡിഎഫ് ഭരണത്തിന്റെ ബാക്കി പത്രമാണിത്. സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്തും ചെയ്യാനുള്ള അധികാരം നല്‍കിയ ഭരണമാണ്. സിപിഎമ്മിന്റെ ധാര്‍മിക അധപതനമാണിതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.