Connect with us

Web Special

എം പിയെ അയോഗ്യനാക്കി നാലാം ദിവസം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം; ലക്ഷദ്വീപില്‍ എല്ലാം പ്രകാശവേഗത്തില്‍

ലക്ഷദ്വീപിലെ ഏക ലോക്‌സഭാ സീറ്റില്‍ ബി ജെ പി കണ്ണുവെച്ചിട്ട് നാളേറെയായി.

Published

|

Last Updated

ന്യൂഡല്‍ഹി | ലക്ഷദ്വീപില്‍ ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പ്രകാശവേഗത്തിലെന്ന് വിമര്‍ശം. ലോക്‌സഭാംഗമായിരുന്ന എന്‍ സി പിയുടെ മുഹമ്മദ് ഫൈസലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി നാലാം ദിവസമാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. ശിക്ഷിക്കപ്പെട്ട് രണ്ടാം ദിനമായിരുന്നു അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. രാജ്യത്ത് ഇത്രവേഗതയില്‍ ആദ്യമായാണ് ഒരു എം പി അയോഗ്യനാക്കിയത്.

ജനുവരി 11നാണ് കവരത്തി സെഷന്‍സ് കോടതി ഫൈസലിനെ വധശ്രമ കേസില്‍ ശിക്ഷിച്ചത്. രണ്ടാം ദിവസം ജനുവരി 13ന് അദ്ദേഹത്തെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2013 ജൂലൈ 10ന് ലിലി തോമസ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരമാണ് അയോഗ്യത കല്പിച്ചത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം തടവുശിക്ഷ വിധിച്ചാല്‍ പാര്‍ലിമെന്റ്, നിയമസഭ, നിയമനിര്‍മാണ സമിതി അംഗങ്ങളെ അയോഗ്യരാക്കണം എന്നാണ് കോടതി വിധിച്ചത്. ഉടനടി അയോഗ്യരാക്കാം എന്ന് വിധിയിലുണ്ട്. എന്നാല്‍, മുമ്പെങ്ങുമില്ലാത്ത ധൃതിയിലാണ് ഇത്തവണ ഫൈസലിനെ അയോഗ്യനാക്കിയത്. മേല്‍ക്കോടതിയില്‍ വിധി സ്റ്റേ ചെയ്യുന്നത് കാത്തിരിക്കാതെയായിരുന്നു അയോഗ്യത കല്പിക്കല്‍. നിലവില്‍ ഫൈസൽ മേല്‍ക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മാത്രമല്ല, ഇത്ര വേഗതയില്‍ ഒരു പാര്‍ലിമെന്റംഗത്തെയും അയോഗ്യരാക്കിയിട്ടുമില്ല. കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ് യാദവിനെ കോടതി ശിക്ഷിച്ചപ്പോള്‍ മൂന്ന് ആഴ്ചക്ക് ശേഷമാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യതാ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിധി മേല്‍ക്കോടതി സ്റ്റേ ചെയ്താല്‍ അയോഗ്യത പിന്‍വലിക്കാന്‍ സാധിക്കുമോയെന്നത് സംശയമാണ്. ശിക്ഷാവിധി സ്റ്റേ ചെയ്താല്‍ അയോഗ്യത മരവിപ്പിക്കാമെന്ന് 2020ലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ജനപ്രതിനിധിയായി തുടരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യാം. എന്നാല്‍, അത് അപൂര്‍വമാണ്.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ഏക ലോക്‌സഭാ സീറ്റില്‍ ബി ജെ പി കണ്ണുവെച്ചിട്ട് നാളേറെയായി. എന്‍ സി പി, കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇവിടെ നിന്ന് എം പിമാരായിട്ടുണ്ട്. കേന്ദ്ര നോമിനിയായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ വലിയ ജനപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മദ്യനിരോധനം എടുത്തുകളയുക, ബീഫ് നിരോധിക്കുക, തീരങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ തകര്‍ക്കുക അടക്കമുള്ള വലിയ ജനരോഷം വിളിച്ചുവരുത്തിയ നടപടികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തിയിരുന്നു. ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകളിലും നിക്ഷേപങ്ങളിലുമാണ് ബി ജെ പിയുടെ താത്പര്യം. ജനപ്രതിഷേധത്തിന് പിന്നില്‍ എം പിയായിരുന്ന ഫൈസലിന്റെ ഇടപെടലാണെന്ന് ബി ജെ പി വിശ്വസിക്കുന്നു. പല പരിഷ്‌കരണങ്ങള്‍ക്കും ഫൈസല്‍ വിലങ്ങുതടിയായിരുന്നു.

കേരളത്തില്‍ നിന്നുള്ള ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയെ ലക്ഷദ്വീപ് പ്രഭാരിയായി നിയമിച്ച് പാര്‍ട്ടി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല. പാര്‍ട്ടിയില്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. ഇതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലക്ഷദ്വീപ് ബി ജെ പി സ്ഥാപക പ്രസിഡന്റും വൈസ് പ്രസിഡന്റുമായ അഡ്വ.കെ പി മുത്തുകോയയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രസിഡന്റ് കെ എന്‍ കാസിംകോയയുമായാണ് മുത്തുക്കോയയുടെ ഉടക്ക്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനുകമോയെന്നത് സംശയമാണ്. മാത്രമല്ല, മുസ്ലിം ജനവിഭാഗമാണ് ലക്ഷദ്വീപില്‍ ഭൂരിപക്ഷവും. ഇതര പാര്‍ട്ടികളിലെ ജനകീയ നേതാവിനെ സ്വന്തം പാളയത്തിലെത്തിക്കലാണ് മറ്റൊരു സാധ്യത. ഇതിനുള്ള സാധ്യതയും ബി ജെ പി ആരായുമെന്നത് ഉറപ്പാണ്.

---- facebook comment plugin here -----

Latest