Connect with us

aathmeeyam

ചിറകൊടിയുന്ന ശലഭങ്ങൾ

ബാലപീഡനങ്ങളും ശാരീരിക ചൂഷണങ്ങളും ഭയാനകമാം വിധമാണ് വർധിക്കുന്നത്. അത് വലിയ സാമൂഹിക ദുരന്തത്തിനും സാമുദായിക സ്പർധക്കും വഴിവെക്കുക തന്നെ ചെയ്യും. സ്കൂളുകളില്‍ പഠിക്കാനെത്തുന്ന ഓരോ കുട്ടിയെയും സ്വന്തം മക്കളെപ്പോലെ കാണുകയും കുട്ടിയുടെ താത്പര്യവും അഭിരുചിയും മനസ്സിലാക്കി അവ നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് ഒരു നല്ല അധ്യാപകൻ ചെയ്യേണ്ടത്. അതിന് സാധിക്കാത്തവർ അധ്യാപക വൃത്തി അവസാനിപ്പിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് "മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്നു തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണമെന്ന്' ഗുരു നിത്യചൈതന്യ യതി പറഞ്ഞത്.

Published

|

Last Updated

കാമുകനൊപ്പം സുഖലോലുപതയിൽ കഴിയുന്നതിനുവേണ്ടി ഏഴ് വയസ്സുള്ള മകനെ ചവിട്ടുകയും നിലത്തിട്ട് അടിച്ചു കണ്ണിൽനിന്നും ശരീരഭാഗങ്ങളിൽ നിന്നും രക്തം ചിന്തി അവശനാക്കുകയും ചെയ്ത സംഭവം ഈയടുത്ത് തെക്കൻ കേരളത്തിൽ നിന്നും വാർത്തയായിരുന്നു. കമിതാവിനെ രക്ഷിക്കാൻ വേണ്ടി പെറ്റമ്മ നൽകിയ മൊഴി കുട്ടിക്ക് അപകടം സംഭവിച്ചു എന്നതായിരുന്നു.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞത് കളങ്കമില്ലാത്ത നാല് വയസ്സുകാരനായ കൊച്ചനിയന്റെ വാക്കുകളിലൂടെയായിരുന്നു. കൊച്ചിയില്‍ മൂന്ന്് വയസ്സുകാരനായ മകന്‍ മരിച്ചത് സ്വന്തം അമ്മയുടെ മർദനമേറ്റാണ്. മദ്യപിച്ചെത്തിയ പിതാവ് മകന്റെ കൈ അടിച്ചൊടിച്ചതും അഞ്ച് വയസ്സിനു താഴെയുള്ള മൂന്ന് മക്കളെ ഭക്ഷണം പോലും നല്‍കാതെ അമ്മ മുറിയില്‍ പൂട്ടിയിട്ടതും പ്രബുദ്ധ കേരളത്തിലാണ്. കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ വൈദികർക്കെതിരെ ഐക്യരാഷ്ട്ര സഭ ഇതിനകം വത്തിക്കാനെ പോലും ശാസിക്കേണ്ടിവന്നിട്ടുണ്ട്. എട്ടും പൊട്ടും തിരിയാത്ത ഏഴ് വയസ്സുള്ള ഒരു കുഞ്ഞിനെ അവന്റെ മതം നോക്കി ഇതരമതത്തിലുള്ള വിദ്യാർഥികളെ കൊണ്ട് മുഖത്തടിപ്പിക്കുകയും വേദനിപ്പിക്കുകയും അത് കണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്തത് അറിവും അലിവും പകർന്നുനൽകേണ്ട അധ്യാപികയാണ്. ഇങ്ങനെ കുരുന്നു മനസ്സുകളിൽ നിന്നും ധാർമികതയുടെയും സനാതന മൂല്യങ്ങളുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും കണികകൾ വറ്റിച്ചു കളയുന്ന, ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, വേദനിപ്പിക്കുന്ന വാർത്തകളാണ് നിത്യേന പുറത്തുവരുന്നത്. കൗൺസലിംഗിന് വരുന്ന സ്ത്രീകളിൽ 70-80 ശതമാനം പേരെങ്കിലും ചെറുപ്പത്തിൽ പലവിധത്തിലുള്ള പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്നുവെന്നാണ് സൈക്യാട്രിസ്റ്റുകൾ പറയുന്നത്. അവരില്‍ ഭൂരിഭാഗവും ബന്ധുക്കളാലോ അയൽക്കാരാലോ മാതാപിതാക്കളുടെ സുഹൃത്തുക്കളാലോ അധ്യാപകരാലോ ചൂഷണം ചെയ്യപ്പെടുന്നവരാണെന്നത് കൂടുതൽ ആശ്ചര്യപ്പെടുത്തുന്നു.

ബാലപീഡനങ്ങളും ശാരീരിക ചൂഷണങ്ങളും ഭയാനകമാം വിധമാണ് വർധിക്കുന്നത്. അത് വലിയ സാമൂഹിക ദുരന്തത്തിനും സാമുദായിക സ്പർധക്കും വഴിവെക്കുക തന്നെ ചെയ്യും. സ്കൂളുകളില്‍ പഠിക്കാനെത്തുന്ന ഓരോ കുട്ടിയെയും സ്വന്തം മക്കളെപ്പോലെ കാണുകയും കുട്ടിയുടെ താത്പര്യവും അഭിരുചിയും മനസ്സിലാക്കി അവ നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയുമാണ് ഒരു നല്ല അധ്യാപകൻ ചെയ്യേണ്ടത്. അതിന് സാധിക്കാത്തവർ അധ്യാപക വൃത്തി അവസാനിപ്പിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് “മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്നു തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണമെന്ന്’ ഗുരു നിത്യചൈതന്യ യതി പറഞ്ഞത്. എന്നാൽ മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരിൽ കുട്ടികളെ വിവേചിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് വിദ്യാർഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്ന നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. മതനിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളിൽ വര്‍ഗീയതയുടെയും വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം ചീറ്റുന്ന ഇത്തരം പ്രവണതകൾ കുരുന്നുമനസ്സുകളില്‍ സൃഷ്ടിക്കുന്ന മുറിവ് അതിഭീകരമാണ്. നമ്മുടെ രാഷ്ട്രം പുലർത്തിപ്പോരുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും കടയ്ക്കൽ കത്തിവെക്കുന്ന കാര്യങ്ങളാണത്. സ്‌നേഹവും അനുകമ്പയും സമാധാനപരമായ സഹവര്‍ത്തിത്വവും പഠിക്കേണ്ട കലാലയങ്ങളില്‍ അപര വിദ്വേഷം വളർത്തുന്നത് അത്യന്തം അപകടകരമാണ്. അത് രാജ്യത്തിന്റെ ഭാവിയെ തന്നെയാണ് ഇരുട്ടിലാക്കുക. കാരണം ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ. അതിനാൽ വൈവിധ്യമാർന്ന സമൂഹങ്ങൾക്കിടയിൽ ജീവിക്കേണ്ട കുരുന്നു മനസ്സുകളിൽ പരസ്പര സ്നേഹവും ആദരവും ബഹുമാനവും ഐക്യവുമുള്ള അന്തരീക്ഷമാണ് വളർത്തിക്കൊണ്ടുവരേണ്ടത്. ബഹുസ്വരതക്കും മതസൗഹാർദത്തിനും പരസ്പര സ്‌നേഹത്തിനും പേരുകേട്ട നാടാണ് നമ്മുടേത്. കൊച്ചുനാൾ മുതൽ ജീവിതാന്ത്യം വരെ അത് കാത്തുസൂക്ഷിക്കുന്നവരാണ് ഭാരതീയർ.

കക്ഷി രാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറം നമ്മൾ പുലർത്തിപ്പോരുന്ന പാരസ്പര്യത്തിന്റെയും നന്മയുടെയും മൂല്യങ്ങള്‍ നമുക്ക് ലഭിച്ചത് പ്രധാനമായും കലാലയങ്ങളിൽ നിന്നാണ്. കലാലയാന്തരീക്ഷം കുട്ടികളുടെ മാനസികാരോഗ്യത്തിൽ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നപോലെ സാമൂഹിക ഇടപെടലുകൾ, പഠനം, സ്വഭാവം, വൈകാരിക പക്വത തുടങ്ങിയവയെല്ലാം രൂപപ്പെടുന്നതും കലാലയങ്ങളിൽ നിന്നാണ്. രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്നേഹമോ അംഗീകാരമോ ലഭിക്കാതെ വളരുന്ന കുട്ടികളാണ് പതിയെപ്പതിയെ സാമൂഹിക വിരുദ്ധ സ്വഭാവത്തിലേക്ക് വഴിമാറുന്നത്.

ബാല പീഡനം, കുട്ടികളോടുള്ള അവഗണന, അതിക്രമം, അധിക്ഷേപം, ചൂഷണം, വിവേചനം എന്നിവയിൽ നിന്ന് അവരെ മോചിപ്പിച്ച് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയെന്നത് ഏതൊരു ഭരണകൂടത്തിനും ബാധ്യതയാണ്. കാരണം, കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ നാടിന്റെ ഭാവിയാണ് സുരക്ഷിതമാക്കപ്പെടുന്നത്. അതുകൊണ്ടാണ് ദീർഘദൃഷ്ടിയുള്ള ഭരണകൂടങ്ങളെല്ലാം കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒട്ടനവധി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നത്. കുട്ടികള്‍ക്കുവേണ്ടി മുതല്‍മുടക്കുന്നത് രാജ്യത്തിന്റെ ഭാവിക്ക് പ്രയോജനം ചെയ്യുമെന്ന തിരിച്ചറിവാണ് അവരെ അതിന് പ്രചോദിപ്പിക്കുന്നത്.
സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ഭാരതത്തിന്റെ ഭരണഘടനയും ഐക്യരാഷ്ട്രസഭയും ഇത് ശരിവെക്കുകയും ഇതിനായി നിയമനിര്‍മാണങ്ങളും ഉടമ്പടികളും നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ തരത്തിലുമുള്ള മോശമായ പെരുമാറ്റത്തിൽ നിന്നും അതിക്രമങ്ങളിൽ നിന്നും കുട്ടികളെ തടയുന്നതിനും രാജ്യത്തിനും സംസ്ഥാനങ്ങൾക്കും ഒട്ടനവധി നയങ്ങളും നിയമങ്ങളുമുണ്ട്. അവ നീതിയുക്തം നടപ്പാക്കപ്പെടുമ്പോഴാണ് സമാധാനപരമായ സൗഹൃദാന്തരീക്ഷം രൂപപ്പെടുന്നത്.

കുട്ടികൾ ശലഭങ്ങളാണ്. പ്രപഞ്ച സ്രഷ്ടാവിന്റെ സൂക്ഷിപ്പുസ്വത്താണവർ. അവരുടെ മനസ്സില്‍ നല്ല കാര്യങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങൾ ഉണ്ടാകണം. നിഷ്കളങ്കതയുടെ പര്യായമാകുന്ന കുട്ടികളുടെ ശുദ്ധപ്രകൃതിയെ വിശുദ്ധ ഇസ്്ലാം വളരെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്. ഭൂമുഖത്ത് ശുദ്ധപ്രകൃതത്തോടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും പരിശുദ്ധിയെ പരിരക്ഷിക്കുന്നതും വികൃതമാക്കുന്നതും ജീവിത സാഹചര്യങ്ങളാണെന്ന് ധാരാളം ഹദീസുകളിൽ കാണാം. അബൂഹുറൈറ(റ) നിവേദനം. തിരുനബി(സ) പറഞ്ഞു: “ശുദ്ധ പ്രകൃതിയിൽ അല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല.’ (ബുഖാരി) മനുഷ്യന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ശൈശവകാല അനുഭവങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അധ്യാപന ശാസ്ത്രം പറയുന്നു. ആകയാൽ ശുദ്ധ പ്രകൃതത്തെ സമഗ്രവും സമീകൃതവുമായി നിലനിർത്തുന്നതിന് ഭൗതികവും ബൗദ്ധികവുമായ സാഹചര്യങ്ങളൊരുക്കേണ്ടതുണ്ട്. ശുദ്ധവായുവും ശുദ്ധാഹാരവും ശുദ്ധജലവും ഓരോ കുഞ്ഞിനും എന്തുമാത്രം അനിവാര്യമാണോ അത്രയോ അതിലുപരിയോ അവശ്യമാണ് സംശുദ്ധ ജ്ഞാനവും സമഗ്ര ശിക്ഷണവും സുരക്ഷിതവും ആരോഗ്യകരവുമായ സാഹചര്യങ്ങളും.

Latest