Connect with us

Kerala

കത്തിയമരുന്ന കപ്പല്‍ ചെരിയുന്നു; 27 മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാനായില്ല

കാണാതായ നാല് ജീവനക്കാർക്ക് തിരച്ചിൽ തുടരുന്നു; കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും

Published

|

Last Updated

കൊച്ചി | കേരളാതീരത്ത് തീപിടിച്ച വാന്‍ ഹായി 503 ചരക്ക് കപ്പല്‍ ചെരിയുന്നു. നിലവില്‍ 10 ഡിഗ്രിയാണ് കപ്പല്‍ ചെരിഞ്ഞത്. അപകടം സംഭവിച്ച് 27 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. കപ്പലില്‍ നിന്ന് തീ ആളിക്കത്തുകയാണ്. ഇതോടെ രക്ഷാ ദൗത്യം ദുഷ്‌കരമായി. കാണാതായ നാല് ജീവനക്കാരെ കണ്ടെത്താനായില്ല. ഇവര്‍ക്ക് തിരച്ചില്‍ പുരോഗമിക്കുകയാണ്.

രണ്ട് ഡോണിയര്‍ വിമാനങ്ങള്‍ ആകാശ നിരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. നാവികരുമായി മംഗലാപുരത്തേക്ക് പോയ ഐ എന്‍ എസ് സൂറത്തും കൊച്ചി നാവികസേന ആസ്ഥാനത്ത് നിന്ന് ഐ എന്‍ എസ് സുലേജും അപകടസ്ഥലത്ത് ഉടനെത്തും.

തീപ്പിടിത്തമുണ്ടായ കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ അടക്കമുള്ളവ തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്- കൊച്ചി തീരങ്ങളില്‍ ജാഗ്രത വേണം. കണ്ടെയ്‌നറുകള്‍ മൂന്ന് ദിവസം കടലിലൂടെ ഒഴുകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് എത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ഇന്‍കോയിസ് അറിയിച്ചു.

ഇന്നലെ രാവിലെ പത്തോടെയാണ് ബേപ്പൂരിനടുത്ത് കപ്പല്‍ കത്തിത്തുടങ്ങിയത്. തീപ്പിടിത്തത്തില്‍ പലതവണ പൊട്ടിത്തെറികളുമുണ്ടായി. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരില്‍ 18 പേര്‍ കടലിലേക്ക് ചാടിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി മംഗലാപുരത്തെത്തിച്ച് ചികിത്സക്ക് വിധേയരാക്കി. ബാക്കി നാല് പേരെയാണ് കാണാതായത്.

 

 

---- facebook comment plugin here -----

Latest