Connect with us

Kerala

സെക്യുരൂറ്റി ഡെപ്പോസിറ്റ് തുക മാറിനല്‍കാന്‍ കൈക്കൂലി; ജലസേചന വകുപ്പ് ഉദ്യോഗസ്ഥ പിടിയില്‍

Published

|

Last Updated

കോട്ടയം | രണ്ടര ലക്ഷം രൂപയുടെ സെക്യുരൂറ്റി ഡെപ്പോസിറ്റ് തുക മാറിയെടുക്കുന്നതിനായി കരാറുകാരനില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. കോട്ടയം തിരുനക്കര മിനി സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനി ബിനു ജോസി (44) നെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് എസ് പി. വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിനു ജോസിനെ അറസ്റ്റ് ചെയ്തത്.

2017 ല്‍ ജില്ലയില്‍ അഞ്ച് ലിഫ്റ്റ് ഇറിഗേഷന്‍ പ്രവൃത്തികള്‍ അനുവദിച്ചിരുന്നു. ഇവ പൂര്‍ത്തിയാക്കുന്നതിനായി കരാറുകാരനില്‍ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഈടാക്കിയിരുന്നു. പ്രവൃത്തി പൂര്‍ത്തിയായ സാഹചര്യത്തില്‍ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന്‍ ബിനുവിനെ സമീപിക്കുകയായിരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയായ രണ്ടര ലക്ഷം രൂപ മാറിനല്‍കുന്നിതിനായി ഇദ്ദേഹം നിരവധി തവണ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും കൈക്കൂലി നല്‍കാതെ തുക അനുവദിക്കാന്‍ ബിനു തയാറായില്ല. കൈക്കൂലിക്കായി നിരന്തരം ഇവര്‍ ശല്യപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് കരാറുകാരന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് നിര്‍ദേശത്തെ തുടര്‍ന്ന് കരാറുകാരന്‍ ബിനു ആവശ്യപ്പെട്ട 10000 രൂപ നല്‍കിയതിനു ശേഷം ഓഫീസില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ വിജിലന്‍സ് സംഘം അകത്ത് കയറി ബിനുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി വിജിലന്‍സ് സംഘം നല്‍കിയ പണം ബിനുവില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കോട്ടയം വിജിലന്‍സ് യൂനിറ്റ് ഡി വൈ എസ് പി. കെ വിദ്യാധരന്‍, ഇന്‍സ്പെക്ടര്‍മാരായ റെജി എം കുന്നിപ്പറമ്പന്‍, സജുദാസ്, അനുപ ജി, യതീന്ദ്രകുമാര്‍, ജയകുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ തോമസ് ജോസഫ്, കെ ജി ബിജു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സാന്‍ലി തോമസ്, ബിനു, പ്രസാദ്, സാബു വിജിലന്‍സ് ഉദ്യോഗസ്ഥരായ ടി പി രാജേഷ്, വി എസ് മനോജ് കുമര്‍, അനൂപ്, സൂരജ്, വനിതാ വിജിലന്‍സ് ഉദ്യോഗസ്ഥ രഞ്ജിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

 

---- facebook comment plugin here -----

Latest