Kerala
ബൈക്ക് വഴിയരികില്‍ ഉപേക്ഷിച്ച് പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു
ആര്യനാട് കുന്നുനട സ്വദേശി അബ്ദുള്‍ വാഹീദി(62)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്

തിരുവനന്തപുരം | ബൈക്കും ചെരിപ്പും വഴിയരികില്‍ ഉപേക്ഷിച്ച് കൊക്കയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. പൊന്മുടിയില്‍ കൊക്കയിലേക്ക് ചാടിയ ആര്യനാട് കുന്നുനട സ്വദേശി അബ്ദുള്‍ വാഹീദി(62)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പൊന്മുടിയിലേക്ക് വന്ന വിനോദ സഞ്ചാരികള്‍ വഴിയരികില്‍ ബൈക്കും ചെരുപ്പും കിടക്കുന്നത് കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. പൊന്മുടി മലമുകളില്‍ 22ാം വളവിന് സമീപം കൊക്കയിലേക്ക് ചാടിയെന്ന സൂചന ലഭിച്ച പോലീസ് സമീപത്ത് പരിശോധന നടത്തിയപ്പോള്‍ മൊബൈല്‍ ഫോണും ബാങ്ക് രേഖകളും ലഭിച്ചു. ഇതില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
പിന്നാലെ ഫോണില്‍ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചു. ഫോറസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ കാട്ടിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. പിന്നാലെ വിതുര യൂണിറ്റില്‍ നിന്നും തിരുവനന്തപുരം യൂണിറ്റില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് റോപ്പ് ഉപയോഗിച്ച് മണിക്കൂറുകള്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ 200 അടിയോളം താഴ്ചയില്‍ നിന്ന് മൃതദേഹം മുകളിലെത്തിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ നിന്ന് രാവിലെ കാണാതായതിനെത്തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കാനിരിക്കെയാണ് മരണവാര്‍ത്ത എത്തുന്നത്.
(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)