Kerala
വൈക്കത്ത് 25 പേർ സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
തിരച്ചിൽ തുടരുന്നു

കോട്ടയം | വൈക്കം മുറിഞ്ഞ പുഴയിൽ വള്ളം മറിഞ്ഞു. 25 യാത്രക്കാരുണ്ടായിരുന്ന വള്ളമാണ് ഉച്ചക്ക് 12ഓടെ മറിഞ്ഞത്. ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണനെ (52)യാണ് കാണാതായത്. മറ്റുള്ളവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. മരണ വീട്ടിലേക്ക് പോയവരാണ് വള്ളത്തിലുണ്ടായിരുന്നത്. ശക്തമായ കാറ്റിൽ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. അപകടം സംഭവിച്ചയുടനെ മറ്റൊരു വള്ളം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കരയിലേക്ക് എത്തുന്നതിന് തൊട്ട് മുന്പാണ് വള്ളം മറിഞ്ഞത്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. കാണാതായയാൾക്കായി തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ മൂന്ന് പേരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ട മറ്റുള്ളവരെ സമീപത്തെ വീട്ടിലേക്കും മാറ്റി. രക്ഷപ്പെട്ടവർക്ക് അപകടത്തിൻ്റെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല.