National
ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണ; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി
പരീക്ഷകളില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്‌കോര്‍ ആയിരിക്കും പരിഗണിക്കപ്പെടുക.
ന്യൂഡല്‍ഹി | ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് തവണയായി നടത്തുന്നതുള്‍പ്പെടെയുള്ള കാര്യമായ മാറ്റങ്ങളുമായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി. പരീക്ഷകളില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്‌കോര്‍ ആയിരിക്കും പരിഗണിക്കപ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ വിദ്യാര്‍ഥി ഒരു ഇന്ത്യന്‍ ഭാഷയുള്‍പ്പെടെ രണ്ട് ഭാഷകള്‍ പഠിക്കുന്നുണ്ടെന്ന കാര്യവും ഉറപ്പാക്കും. ഇതിലൂടെ ഭാഷാപരമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരത്തെ അടുത്തറിയുന്നതിനും സഹായിക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കിയത്. 2024-ലെ അക്കാദമിക വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ദീര്‍ഘ സമയം ചെലവഴിച്ച് പാഠങ്ങള്‍ മനപ്പാഠമാക്കുന്ന പതിവിനു പകരം വിദ്യാര്‍ഥികളുടെ ധാരണയും കഴിവും വിലയിരുത്തുകയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പൊതു പരീക്ഷകളിലൂടെയാണ് ഇത് വിലയിരുത്തുക. വിദ്യാര്‍ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ധാരണയുണ്ടാക്കുന്നതിനൊപ്പം പ്രായോഗിക വൈദഗ്ധ്യം കൂടുതലായി നേടുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്രകടനത്തിന് മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാനാണ് വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ബോര്‍ഡ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി.




