BJP
ബി ജെ പി നിയമസഭക്കു മുന്നില്‍ നാമജപ ഘോഷയാത്ര നടത്തും: കെ സുരേന്ദ്രന്‍
വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

കാസര്‍കോട് | സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ സംസ്ഥാന നിയമസഭക്കു മുന്നില്‍ നാമജപ ഘോഷയാത്ര നടത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പത്താം തിയതിയാണു ഘോഷയാത്ര നടത്തുക. എ എന്‍ ഷംസീര്‍ മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് പ്രതികരിക്കും എന്നറിയണം.
വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. എ എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ നിയമസഭ സമ്മേളനത്തിന് കോണ്‍ഗ്രസ് സഹകരിക്കുമോ എന്ന് വ്യക്തമാക്കണം. നിയമ സഭയില്‍ കോണ്‍ഗ്രസ് സ്പീക്കറെ ബഹിഷ്‌കരിക്കുമോ. ശബരിമല വിഷയത്തിലും കോണ്‍ഗ്രസ് നിലപാട് ഇതായിരുന്നു. കോണ്‍ഗ്രസുമായി യോജിച്ച് സമരത്തിനില്ല.
എംവി ഗോവിന്ദന്‍ സിപിഐഎമ്മില്‍ റബ്ബര്‍ സ്റ്റാമ്പ് ആണോയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. എംവി ഗോവിന്ദന്റെ അപ്പുറം പറയാനുള്ള ധാര്‍ഷ്ട്യം മുഹമ്മദ് റിയാസിന് എങ്ങനെ കിട്ടുന്നു. മരുമകന്‍ പറഞ്ഞതാണോ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണോ സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞു. എം വി ഗോവിന്ദന്‍ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.