National
ബിഹാറില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംഎല്‍എ ആര്‍ജെഡിയില്‍ ചേര്‍ന്നു
പിര്‍പൈന്തി എംഎല്‍എയായ ലാലന്‍ കുമാര്‍ ആണ് ബിജെപിയില്‍ നിന്നും രാജിവച്ചത്.
പറ്റ്‌ന| ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംഎല്‍എ ആര്‍ജെഡിയില്‍ ചേര്‍ന്നു. പിര്‍പൈന്തി എംഎല്‍എയായ ലാലന്‍ കുമാര്‍ ആണ് ബുധനാഴ്ച ബിജെപിയില്‍ നിന്നും രാജിവച്ചത്. ഭഗല്‍പൂര്‍ ജില്ലയിലെ സംവരണ പട്ടികജാതി സീറ്റായ പിര്‍പൈന്തി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ലാലന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഒരു ദിവസം മുമ്പാണ് ലാലന്‍ കുമാര്‍ പാര്‍ട്ടി വിട്ടത്.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ലാലന്‍ വിജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി സീറ്റ് നല്‍കിയില്ല. ബിജെപി മുരാരി പാസ്വാനെയാണ് മത്സരിപ്പിച്ചത്.ആര്‍ജെഡിയില്‍ ചേര്‍ന്നശേഷം ലാലന്‍ കുമാര്‍ ബിഹാര്‍ പ്രതിപക്ഷ നേതാവ് (എല്‍ഒപി) തേജസ്വി യാദവിനെയും മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയെയും സന്ദര്‍ശിച്ചു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് ആരംഭിച്ചു. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. പോളിങ്ങ് സ്റ്റേഷനുകളില്‍ കാലത്ത് വലിയ തിരക്കൊന്നും അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍.


