Connect with us

Articles

ബി ജെ പിയുടെ ഭയമാണ് പുനരാനയിക്കപ്പെടുന്ന സി എ എ

2024 ബി ജെ പിക്ക് എളുപ്പമാകില്ല. കര്‍ണാടകയില്‍ പ്രധാനമന്ത്രി മുതല്‍ ഒന്നാം നിര നേതാക്കള്‍ ഇറങ്ങിക്കളിച്ചിട്ടും ബി ജെ പിയെ ജനം ചുരുട്ടിക്കൂട്ടിയത് അവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. അപ്പോഴിനി എന്തുചെയ്യും? അതിനുള്ള രണ്ട് വഴികള്‍ അവര്‍ തുറന്നിട്ടിട്ടുണ്ട്. ഒന്ന്, ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ സ്ഥാപിച്ച രാമക്ഷേത്രമാണ്. അത് 2024 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വാര്‍ത്തകള്‍. അടുത്ത തുറുപ്പുചീട്ട് പൗരത്വ ഭേദഗതി നിയമമാണ്.

Published

|

Last Updated

എന്തായിരുന്നു 2014ല്‍ ബി ജെ പിയുടെ തുറുപ്പുചീട്ട്? അന്ന് ഭരിച്ചുകൊണ്ടിരുന്ന സര്‍ക്കാറുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍. എ രാജയുടെ ടെലികോം അഴിമതിയും മന്‍മോഹന്‍ സിംഗിന്റെ മൗനവുമുള്‍പ്പെടെ ബി ജെ പി തിരഞ്ഞെടുപ്പ് വിഷയമാക്കി. സോണിയാ ഗാന്ധി പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുകയാണ് എന്നാരോപിച്ചു. കോണ്‍ഗ്രസ്സിലെ ‘കുടുംബവാഴ്ച’യെ നിശിതമായി വിമര്‍ശിച്ചു. സുസ്ഥിര വികസനത്തിന് മുന്നണി ഭരണം തടസ്സമാണ് എന്ന് പ്രചരിപ്പിച്ചു. വിലക്കയറ്റം കത്തിച്ചുനിര്‍ത്തി. ഭരണം മാറിയാല്‍ പെട്രോളിനും പാചകവാതകത്തിനും വില കുറയുമെന്ന് ബഡായി പറഞ്ഞു. ജനം വിശ്വസിച്ചു. അനന്തരം ബി ജെ പി സര്‍ക്കാര്‍ വന്നു. പാര്‍ലിമെന്റിന്റെ പടികളില്‍ ചുംബിച്ചുകൊണ്ട് നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ ശ്രീകോവിലേറി, പ്രധാനമന്ത്രിയായി. മുമ്പ് പാര്‍ട്ടിക്കു വേണ്ടി പടനയിച്ച അഡ്വാനി, ജോഷിയാദികള്‍ എടുക്കാച്ചരക്കുകളായി. അദാനി, അംബാനിയാദികള്‍ കണ്ടുകണ്ടിരിക്കെ ആകാശത്തോളം പടര്‍ന്നു. അധികാരം അവര്‍ക്ക് വെണ്‍ചാമരം വീശി.

ഗുജറാത്ത് 2002ന്റെ ചോരക്കറകളെക്കുറിച്ച് പിന്നീടാരും പറയാതായി. അന്തരീക്ഷത്തില്‍ മോദി സ്തുതികള്‍ മാത്രം നിറഞ്ഞുനിന്നു. എതിര്‍വാക്കുകള്‍ ജയിലിലടക്കപ്പെട്ടു, ചിലര്‍ എന്നെന്നേക്കുമായി നിശബ്ദമാക്കപ്പെട്ടു. മറ്റുചിലര്‍ പേടിച്ച് മൗനത്തിന്റെ വാല്മീകത്തിലൊളിച്ചു. ഗോരക്ഷാ ഗുണ്ടകള്‍ക്ക് നാട്ടില്‍ എന്തും ചെയ്യാമെന്നായി. ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നൊരു വൃദ്ധനെ തല്ലിക്കൊന്ന് അവര്‍ വരവറിയിച്ചു. പിന്നീടിങ്ങോട്ട് അത്തരം സംഭവങ്ങള്‍ പതിവായി. ഒന്നാം പേജ് ലീഡില്‍ നിന്ന് പോകെപ്പോകെ ഒമ്പതാം പേജിലെ മൂലയിലേക്ക് ആള്‍ക്കൂട്ടക്കൊലയുടെ വാര്‍ത്തകള്‍ ഒതുങ്ങിപ്പോയി. വിലക്കയറ്റം തടയുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് പാഴ് വാക്കായി. പെട്രോളിന് വില കുതിച്ചു. പാചക വാതകത്തിന്റെ വില താങ്ങാനാകാതെ പല കുടുംബങ്ങളും പഴയ അടുപ്പുകള്‍ ഊതിക്കത്തിച്ചു. തൊഴിലില്ലായ്മ പരിഹരിക്കപ്പെട്ടില്ലെങ്കിലും ജനങ്ങള്‍ക്ക് ഇടക്കിടെ തൊഴി കിട്ടിക്കൊണ്ടിരുന്നു. കര്‍ഷകര്‍ കുത്തുപാളയെടുത്തു. അഭ്യസ്തവിദ്യരായ യുവാക്കള്‍ ജീവിക്കാന്‍ മറ്റു പലതും അഭ്യസിക്കേണ്ടി വന്നു. വികസനം കോര്‍പറേറ്റ് ചങ്ങാതിമാര്‍ക്കു വേണ്ടിയുള്ള കുടിയൊഴിക്കലായി. പ്രതിമാ നിര്‍മാണം അഭിമാനമായി വാഴ്ത്തപ്പെട്ടു. നോട്ട് നിരോധനം എന്ന ഭൂലോക ബ്ലണ്ടര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചു. ചുരുക്കത്തില്‍ അടുത്ത തിരഞ്ഞെടുപ്പാകുമ്പോഴേക്കും ബി ജെ പിക്ക് ജനങ്ങളോട് പറയാന്‍ ഭരണനേട്ടം ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, പുല്‍വാമയില്‍ വെടി പൊട്ടി. നമ്മുടെ 40 ധീരസൈനികര്‍ രക്തസാക്ഷികളായി. അക്കാലമാകുമ്പോഴേക്കും ദേശീയ മാധ്യങ്ങളില്‍ പാതിയിലധികവും മോദി സര്‍ക്കാറിന്റെ വാഴ്ത്തുകാരായി മാറിയിരുന്നു.

2019ല്‍ ബി ജെ പിക്ക് ജയിച്ചുകയറാന്‍ മറ്റൊന്നും വേണ്ടായിരുന്നു. പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്തു എന്ന വാര്‍ത്ത കൂടി വന്നതോടെ മോദി സര്‍ക്കാറിന് രണ്ടാമൂഴം ഉറപ്പായി. ബി ജെ പിയില്‍ ഒന്നാമനായിരുന്ന അമിത് ഷാ രണ്ടാം മോദി സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായി. ഏറെ വൈകാതെ പൗരത്വ ഭേദഗതി നിയമം പാസ്സാക്കപ്പെട്ടു. രാജ്യം തെരുവിലേക്ക് സമരസജ്ജമായി. ഭരണഘടനയെ മുന്നില്‍വെച്ച് പൗരസമൂഹം സര്‍ക്കാറിനെ വിചാരണ ചെയ്തു. ദേശീയ ക്യാമ്പസുകള്‍ തിളച്ചുമറിഞ്ഞു. ജാമിഅയില്‍ പോലീസ് കയറി നിരങ്ങി. ശഹീന്‍ ബാഗ് പൗരത്വ സമരത്തിന്റെ കേന്ദ്ര സ്ഥാനമായി. അപ്പോഴേക്കും കൊവിഡ് വന്നു. സമരങ്ങള്‍ നിലച്ചു. ജനം വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ ഭരണകൂടം അവരുടെ അജന്‍ഡ നിര്‍ബാധം തുടര്‍ന്നു. ദേശീയ വിദ്യാഭ്യാസ നയം ചുട്ടെടുക്കപ്പെട്ടു. ചരിത്രമേത് മിത്തേത് എന്ന് തിരിച്ചറിയാത്തവിധം പാഠപുസ്തകങ്ങളില്‍ കൈയേറ്റം നടന്നു. നെഹ്‌റു കണ്ണില്‍ കണ്ടു കൂടാത്തയാളായി. മഹാത്മാ ഗാന്ധി നിന്ദിക്കപ്പെട്ടു. ഗോഡ്‌സെ പ്രേമികള്‍ പരസ്യമായി തലപൊക്കി. അവര്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും വെടിയുതിര്‍ത്തു. മാധ്യമങ്ങള്‍ വരിഞ്ഞുകെട്ടപ്പെട്ടു. പൗരസ്വാതന്ത്ര്യം സര്‍ക്കാറിന്റെ ഔദാര്യമായി വ്യാഖ്യാനിക്കപ്പെട്ടു. ദേശീയ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിന്റെ ഹിതം നടപ്പാക്കുന്ന പൊളിറ്റിക്കല്‍ ടൂള്‍സ് ആയി ദുരുപയോഗിക്കപ്പെട്ടു.

പുല്‍വാമയില്‍ കേന്ദ്രത്തിനു വീഴ്ച പറ്റിയെന്ന് അന്നത്തെ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പിന്നീട് വെളിപ്പെടുത്തി. ബലാകോട്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അതിനിടയില്‍ രാജ്യത്തെ സാഹചര്യങ്ങളും മാറിക്കൊണ്ടിരുന്നു. ഒരുകാലത്ത് ബി ജെ പി അവഗണിച്ചിരുന്ന രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖവും പ്രതീക്ഷയുമായി വളര്‍ന്നു പന്തലിച്ചു. ഭാരത് ജോഡോ യാത്ര ഇന്ത്യക്ക് പുതിയ അനുഭവമായി. അദ്ദേഹം മനുഷ്യരിലേക്കിറങ്ങിച്ചെന്നു. അവരെ കേട്ടു, അവരുടെ മുറിവുകളില്‍ തൊട്ടു. അവരെ അണച്ചുപിടിച്ചു. പ്രതിപക്ഷ നിരക്കൊന്നാകെ പുതിയ ഉന്മേഷം കൈവന്നു. അവര്‍ ‘ഇന്ത്യ’ എന്ന പേരില്‍ സംഘടിച്ചു. അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് ബി ജെ പിക്കും കേന്ദ്രത്തിനുമെതിരെ ഒരുമിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. കര്‍ണാടകയില്‍ ബി ജെ പിക്ക് കിട്ടിയ പ്രഹരം ബി ജെ പി വിരുദ്ധ കക്ഷികളില്‍ ആത്മവിശ്വാസം നിറച്ചു. അതിനേക്കാള്‍ പ്രധാനം, ബി ജെ പി ക്യാമ്പില്‍ ഉണ്ടായ നിരാശയാണ്. ‘ഇന്ത്യ’ എന്ന പേര് പോലും അവര്‍ക്ക് സഹിക്കാന്‍ വയ്യെന്നായി. പ്രധാനമന്ത്രി തന്നെ ആ പേരിനെതിരെ രംഗത്തുവന്നു. രാഷ്ട്രീയഭീതി പ്രകടമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍.

2024 ബി ജെ പിക്ക് എളുപ്പമാകില്ല. ഭരണമാറ്റം അവര്‍ മുന്നില്‍ കാണുന്നുണ്ട്. ജനം മാറിച്ചിന്തിച്ചു തുടങ്ങിയതായി അവര്‍ മനസ്സിലാക്കുന്നുണ്ട്. കര്‍ണാടകയില്‍ പ്രധാനമന്ത്രി മുതല്‍ ഒന്നാം നിര നേതാക്കള്‍ ഇറങ്ങിക്കളിച്ചിട്ടും ബി ജെ പിയെ ജനം ചുരുട്ടിക്കൂട്ടിയത് അവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്. അപ്പോഴിനി എന്തുചെയ്യും? അതിനുള്ള രണ്ട് വഴികള്‍ അവര്‍ തുറന്നിട്ടിട്ടുണ്ട്. ഒന്ന്, ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ സ്ഥാപിച്ച രാമക്ഷേത്രമാണ്. അത് 2024 ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വാര്‍ത്തകള്‍. ചിലപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പത്തെ ആഴ്ചയാകും ക്ഷേത്രം തുറന്നുകൊടുക്കുക. വിശ്വാസപരമായ ഒരു വൈകാരികത അതുവഴി ഉത്പാദിപ്പിക്കപ്പെടുമെന്ന് ബി ജെ പിയും ആര്‍ എസ് എസും കണക്കുകൂട്ടുന്നു.

അടുത്ത തുറുപ്പുചീട്ട് പൗരത്വ ഭേദഗതി നിയമമാണ്. ചട്ടങ്ങള്‍ പോലും നിശ്ചയിക്കപ്പെട്ടില്ലെങ്കിലും 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്നാണ് ഡല്‍ഹി വൃത്താന്തം. സി എ എക്കെതിരായ ഹരജികള്‍ സുപ്രീം കോടതിയിലുണ്ട്. എപ്പോള്‍ പരിഗണിക്കുമെന്നോ തീര്‍പ്പുണ്ടാകുമെന്നോ പ്രവചിക്കുക സാധ്യമല്ല. കേന്ദ്രം പക്ഷേ തിടുക്കത്തിലാണ്. മുസ്ലിം-മുസ്ലിമിതര വിഭജനമാണ് ലക്ഷ്യം. നിയമം കൊണ്ടുവന്ന സമയത്ത് പാളിപ്പോയ നീക്കം ഇനി വിജയിപ്പിച്ചെടുക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്.

പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടനെ സജ്ജമാക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണമെന്നും റിപോര്‍ട്ടിലുണ്ട്. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ബി ജെ പിയിതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പുകളെ മറികടന്നും നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതിപ്പെടുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ബി ജെ പി/ ആര്‍ എസ് എസ് ഭരണത്തിന് എന്നത്തേക്കും ഭീഷണി ആയേക്കാവുന്ന ജാതി സെന്‍സസ് ബിഹാറില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വേറെയും സംസ്ഥാനങ്ങള്‍ അതിലേക്ക് നീങ്ങുകയാണ്. ‘ഇന്ത്യ’ മുന്നണി ആ ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് ശക്തമായിത്തന്നെ ജാതി സെന്‍സസിനെ പിന്തുണക്കുന്നുണ്ട്. രാജ്യവ്യാപകമായി ജാതി സെന്‍സസ് നടന്നാല്‍ ആര്‍ എസ് എസിന്റെ വരേണ്യതക്ക് അതേല്‍പ്പിക്കുന്ന പരുക്ക് ചെറുതാകില്ല.

അതുകൊണ്ടുതന്നെയാകണം ബി ജെ പി മൂര്‍ച്ചയുള്ള മറ്റൊരു ആയുധവുമായി ഇറങ്ങിയിരിക്കുന്നത്. അഥവാ ‘ഇന്ത്യ’യുടെ ജാതി സെന്‍സസിനോട് ഏറ്റുമുട്ടാന്‍ ബി ജെ പി, സി എ എ പുറത്തെടുക്കുന്നു. ഒന്ന്, സാമൂഹിക നീതിയുടെ പ്രശ്നമാണ്. മറ്റേത് ഭരണഘടനാബാഹ്യമായ അപരവത്കരണമാണ്. 2024ല്‍ ജനം ഏത് തിരഞ്ഞെടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

 

Latest