Connect with us

Kerala

മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവം; എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം| മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നന്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനുണ്ടായിരുന്നത്. കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണുണ്ടായിരുന്നത്.

ബിന്ദുവിന്റെ ഭര്‍ത്താവിനെയും മക്കളെയും പ്രതികള്‍ ആക്കുമെന്ന് പ്രസന്നന്‍ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകിട്ട് ആറിനും രാവിലെ ആറിനുമിടയില്‍ സ്ത്രീകളെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ എസ്‌ഐ എസ്ജി പ്രസാദ് ഗുരുതര നിയമ ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ബിന്ദുവിന് സ്റ്റേഷനില്‍വച്ച് വെള്ളം നല്‍കിയില്ലെന്ന ആരോപണം തള്ളി അന്വേഷണ റിപ്പോര്‍ട്ട്. വെള്ളം ചോദിക്കുന്നതും എടുത്തുകുടിക്കുന്നതും സിസിടിവിയിലുണ്ടെന്ന് കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ബിന്ദു വീട്ടുജോലിക്കുനിന്ന സ്ഥലത്തെ സ്വര്‍ണം മോഷണം പോയത് വീണ്ടും അന്വേഷിക്കാന്‍ തീരുമാനം. ബിന്ദുവിന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. ഡിജിപിക്ക് നല്‍കിയ പരാതി കന്റോണ്‍മെന്റ് എസിപിക്ക് കൈമാറി. സിസിടിവി ദൃശ്യങ്ങള്‍ കൂടുതലായി പരിശോധിച്ച് മറ്റുള്ളവര്‍ക്ക് വീഴ്ചവന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി സിറ്റി കമ്മീഷണര്‍ പറഞ്ഞു.

 

 

Latest